April 25, 2024

വയനാട് മെഡിക്കൽ കോളേജ് ആശുപത്രി ഇ-ഹെല്‍ത്ത് സംവിധാനത്തിലേക്ക്

0
Img 20230319 192536.jpg
മാനന്തവാടി : വയനാട് മെഡിക്കൽ കോളേജ് ആശുപത്രി ഇ-ഹെല്‍ത്ത് സംവിധാനത്തിലേക്ക് മാറുന്നു. ഇതിന്റെ ഭാഗമായുള്ള ഏകീകൃത ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് (യുഎച്ച്‌ഐഡി) വിതരണം തിങ്കളാഴ്ച്ച (മാർച്ച് 20) തുടങ്ങും. യുഎച്ച്‌ഐഡി കാര്‍ഡ് ഉപയോഗിച്ച് രോഗികളുടെ ആരോഗ്യ വിവരങ്ങള്‍ ഓണ്‍ലൈനായി സൂക്ഷിക്കും. കാര്‍ഡിലെ ബാര്‍കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ഡോക്ടര്‍ക്ക് എളുപ്പത്തില്‍ ഈ വിവരങ്ങള്‍ ലഭ്യമാകുമെന്നതിനാല്‍ തുടര്‍ചികിത്സ തീരുമാനിക്കുന്നത് എളുപ്പമാകും. അസുഖത്തിന്റെയും മരുന്നിന്റെയും വിവരങ്ങള്‍, മറ്റ് പരിശോധനാ ഫലങ്ങള്‍ എന്നിവ ഓണ്‍ലൈനായി സൂക്ഷിക്കുന്നതു മൂലം രോഗിക്ക് ഇത്തരം വിവരങ്ങള്‍ അടങ്ങിയ പേപ്പറുകള്‍ കൊണ്ടുപോകാതെ തന്നെ കേരളത്തില്‍ ഇ-ഹെല്‍ത്ത് നടപ്പാക്കിയ എല്ലാ ആശുപത്രികളിലും എളുപ്പത്തില്‍ തേടാന്‍ കഴിയും. രോഗിയുടെ ഏറ്റവും അടുത്തുള്ള ഇ-ഹെല്‍ത്ത് സംവിധാനമൊരുക്കിയ ആശുപത്രിയിലെത്തിയാല്‍ മെഡിക്കല്‍ കോളേജ് മുതല്‍ കേരളത്തിലെ മറ്റ് എല്ലാ ആശുപത്രികളിലെയും ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്താന്‍ കഴിയും. ആശുപത്രിയില്‍ ക്യൂ നില്‍ക്കാതെ തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാം. ആശുപത്രികളിലെ തിരക്കും ഇതുവഴി കുറയുമെന്നതാണ് മറ്റൊരു പ്രത്യേകത. ഇ-ഹെല്‍ത്ത് കാര്‍ഡ് ഉപയോഗിച്ച് ആശുപത്രികളിലെ വിവിധ പരിശോധനകള്‍, സ്‌കാനിംഗ് തുടങ്ങിയവയ്ക്ക് മുന്‍കൂറായി ബുക്ക് ചെയ്യാം.
ടെസ്റ്റ്‌ റിപ്പോർട്ടുകൾ തയ്യാറായി കഴിഞ്ഞാൽ രോഗിയുടെ മൊബൈലിൽ മെസ്സേജ് വരുന്ന സംവിധാനം ഇതിന്റെ മറ്റൊരു സവിശേഷതയാണ്. രോഗികളുടെ മുന്‍കാല രോഗം, കുടുംബത്തിലെ പാരമ്പര്യ അസുഖം, താമസസ്ഥലത്തെ കുടിവെള്ളം, മാലിന്യം തുടങ്ങിയ വിശദാംശങ്ങള്‍ ശേഖരിക്കുന്നത് മൂലം പൊതുജനാരോഗ്യ രംഗത്ത് വന്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിയും. ആധാര്‍ അടിസ്ഥാനമാക്കിയാണ് യുഎച്ചഐഡി കാര്‍ഡ് നല്‍കുന്നത്.
യുഎച്ചഐഡി കാർഡ് ലഭിക്കുന്നതിനായി ആധാറിന്റെ ഒറിജിനലും ലിങ്ക് ചെയ്ത മൊബൈലും കയ്യിൽ കരുതേണ്ടതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *