മൾട്ടി പർപ്പസ് കെട്ടിടം ഉദ്ഘാടനം : അഭിമാനത്തോടെ മുൻ മന്ത്രി പി.കെ.ജയലക്ഷ്മിയുടെ കുറിപ്പ്

മാനന്തവാടി :മൾട്ടി പർപ്പസ് കെട്ടിടം ഉദ്ഘാടനം
അഭിമാനത്തോടെ മുൻ മന്ത്രി പി.കെ.ജയലക്ഷ്മി കുറിപ്പ് എഴുതി.
മാനന്തവാടി നിയോജക മണ്ഡലത്തിൽ ഞാൻ എം.എൽ.എ ആയി തിരഞ്ഞെടുക്കപ്പെട്ടതും മന്ത്രിയായതും ഏറെ അവിചാരിതമായിട്ടായിരുന്നു. തിരഞ്ഞെടുക്കപ്പെട്ടത് മുതൽ എൻ്റെ മനസ്സിലെ വലിയ ആഗ്രഹമായിരുന്നു
മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിൽ മികച്ച ചികിത്സ ഒരുക്കുക എന്നത് .കാരണം വയനാട്ടിലെയും കണ്ണൂർ ജില്ലയിലെ രണ്ട് മൂന്ന് പഞ്ചായത്തുകളിലെയും കർണാടക അതിർത്തി ഗ്രാമങ്ങളിലെയും സാധാരണക്കാരുടെയും ഏക ആശ്രയമാണ് മാനന്തവാടിയിലെ സർക്കാർ ആശുപത്രി .
അവിടെ ബെഡ് സ്ട്രെങ്ത് 274 ആയി തുടർന്നിട്ട് പതിറ്റാണ്ടുകളായി. അത് 500 ആയി ഉയർത്തുക എന്നതായിരുന്നു ആദ്യ ലക്ഷ്യം.
മാനന്തവാടി മണ്ഡലത്തിൻ്റെ വികസന കാര്യങ്ങൾക്ക് വേണ്ടി 2011 -ലും 2012-ലും വിളിച്ചു ചേർത്ത വികസന സെമിനാറുകളിൽ ഈ വിഷയം അവതരിപ്പിച്ച് കൂട്ടായ ശ്രമം തുടങ്ങിയതാണ് ഇതിൻ്റെ ആദ്യ ചരിത്രം. ബെഡ് സ്ട്രെങ്ത്ത് 500 എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് മൾട്ടി പർപ്പസ് കെട്ടിടം എന്ന ആശയം ഉണ്ടാകുന്നത്. പിന്നീട് അതിനായി ശ്രമം. പല പ്രതിബന്ധങ്ങളെ അതിജീവിച്ചാണ് ഒടുവിൽ അനുമതിയായത്. യു.ഡി.എഫ്. ഭരണകാലത്ത് ഇതിന് അടിത്തറ പാകാൻ മാത്രമെ കഴിഞ്ഞുള്ളൂവെന്നത് യാഥാർതഥ്യമാണ്. എന്നാൽ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ആരോഗ്യ മന്ത്രിയും ധനകാര്യ മന്ത്രിയും എം.പി ആയിരുന്ന എം.ഐ.ഷാനവാസ് വയനാടിൻ്റെ ആരോഗ്യമേഖലയോട് കാണിച്ച കരുതലും താൽപ്പര്യവും പിന്നീട് ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ വിലയിരുത്തൽ നടത്തേണ്ടത് ജനങ്ങളാണ്.യു.ഡി.എഫ്. വിഭാവനം ചെയ്തിരുന്നതു പോലെ മാനന്തവാടിയിൽ മികച്ച ജില്ലാ ആശുപത്രിയും ബോയ്സ് ടൗണിൽ ശ്രീ ചിത്തിര മെഡിക്കൽ സെൻ്ററും മടക്കി മലയിൽ വയനാട് മെഡിക്കൽ കോളേജും യാഥാർത്ഥ്യമായിരുന്നെങ്കിൽ എത്രയോ ജീവനുകൾ നമുക്ക് രക്ഷിക്കാമായിരുന്നു.
നടക്കാത്തതിനെക്കുറിച്ച് പരിതപിക്കുന്നില്ല.
നടന്നതിനെക്കുറിച്ച് അവകാശവാദത്തിനും ഇല്ല.
എല്ലാത്തിനും കാലവും ചരിത്രവും സാക്ഷികളാണല്ലോ
ഇപ്പോഴെങ്കിലും നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനത്തിന് സജ്ജമാക്കാൻ പ്രയത്നിച്ച ജനപ്രതിനിധികൾ, വയനാട്ടിലെയും സെക്രട്ടറിയേറ്റിലേയും ഉദ്യോഗസ്ഥർ, കരാറുകാർ, എഞ്ചിനീയർമാർ തുടങ്ങി എല്ലാവരെയും അഭിനന്ദിക്കുന്നു.
ഒരു മാനന്തവാടിക്കാരി എന്ന നിലയിൽ സന്തോഷകരമായ ഈ ശുഭ മുഹൂർത്തത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.ഇവിടെ എല്ലാവർക്കും ആരോഗ്യവും സന്തോഷവും സാധ്യമാകട്ടെ എന്നും
പി.കെ.ജയലക്ഷ്മി കുറിപ്പിൽ പറഞ്ഞു.



Leave a Reply