പരിസ്ഥിതിയോടുള്ള കരുതലിന്, സ്നേഹത്തിന് ആദരവ്:lജീനോം സേവിയര്‍ അവാര്‍ഡ് നേട്ടം സ്വന്തമാക്കി ജനിതക സംരക്ഷകന്‍ കല്‍പ്പറ്റ സ്വദേശി സലിം പിച്ചന്‍*
കല്‍പ്പറ്റ: ജീനോം സേവിയര്‍ അവാര്‍ഡ് ജനിതക സംരക്ഷകന്‍ വയനാട് കല്‍പ്പറ്റ സ്വദേശി സലിം പിച്ചന്‍ ഏറ്റുവാങ്ങി.കേന്ദ്ര കൃഷിമന്ത്രാലായത്തിനു കീഴിലുള്ള സസ്യ-കര്‍ഷക അവകാശ സംരക്ഷണ അതോറിറ്റി നല്‍കുന്ന 2020- 21 വര്‍ഷത്തെ ഉന്നത ബഹുമതിയാണിത്. സലിം പിച്ചന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്നാണ് ഏറ്റുവാങ്ങിയത്. ജൈവവൈവിധ്യങ്ങളുടെ കണ്ടെത്തലിനും രേഖപ്പെടുത്തലിനും സംരക്ഷണത്തിനുമൊപ്പം അവയുടെ വ്യാപനത്തിനുവേണ്ടിയും നടത്തിവരുന്ന പ്രവര്‍ത്തനങ്ങളാണ് സലീമിനെ ഈ ബഹുമതിക്ക് അര്‍ഹനാക്കിയത്. പശ്ചിമ ഘട്ടത്തിലെ കാര്‍ഷികയോഗ്യമായ തനത് ഇനങ്ങളെ തിരിച്ചറിഞ്ഞു സംരക്ഷിക്കുന്നതിനൊപ്പം വൈവിധ്യമാര്‍ന്ന നൂറില്‍ പരം പരമ്പരാഗത ഇനങ്ങള്‍ക്കും ഇദ്ദേഹത്തിന്റെ കൃഷിയിടത്തില്‍ സവിശേഷസ്ഥാനമുണ്ട്.
വന്യ ഓര്‍ക്കിഡുകള്‍ കൂടാതെ കാര്‍ഷിക ബന്ധുസസ്യങ്ങള്‍, കാട്ടു പഴവര്‍ഗ്ഗങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, കിഴങ്ങുകള്‍ തുടങ്ങിയവയുടെ 300 പരം ഇനങ്ങളുടെ ശേഖരണത്തിലും സലീം ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. വംശനാശ ഭീഷണിയുടെ വക്കില്‍ നില്‍ക്കുന്ന സസ്യങ്ങളുടെ സംരക്ഷണശേഖരവും ഇദ്ദേഹത്തിനുണ്ട്.
വയനാടിന്റെ വനമേഖലകളിലെല്ലാം യാത്ര ചെയ്തിട്ടുള്ള സലീം ശാസ്ത്രലോകം ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഇനം സസ്യങ്ങളെ കണ്ടെത്തുന്നതിലും ജാഗ്രത പുലര്‍ത്തുന്നു. ഇതോടകം ഇരുപതിനാല് പുതിയ സസ്യങ്ങളെ സലീം കണ്ടെത്തി ശാസ്ത്ര സമൂഹത്തിന് പരിചയപ്പെടുത്തിയിട്ടുണ്ട്. കാര്‍ഷിക -കാര്‍ഷികേതര ജനിതക വൈവിധ്യങ്ങളായ ഔഷധസസ്യങ്ങളും, ഓര്‍ക്കിഡുകളും, കുരുമുളക് ,അമോമം,. തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടുന്നു .
കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ നാട്ടുശാസ്ത്രജ്ഞന്‍ പുരസ്‌കാരം, കേരള സ്റ്റേറ്റ് യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡിന്റെ സ്വാമി വിവേകാനന്ദ യുവ പ്രതിഭ പുരസ്‌കാരം , കേരള ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വനമിത്ര പുരസ്‌കാരം , ദേശീയ ഫോട്ടോഗ്രാഫി അവാര്‍ഡ് തുടങ്ങി ഏഴില്‍ പരം അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
സലീമിന്റെ ശാസ്ത്രസംഭാവനകള്‍ പരിഗണിച്ചു പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ വയനാട്ടില്‍ നിന്ന് കണ്ടെത്തിയ പുതിയ ഇനം ഓര്‍ക്കിഡിനു സെയ്ഡന്‍ഫെടിനെല്ല സലീമി എന്ന് ശാസ്ത്രനാമം നല്‍കിയിട്ടുണ്ട്.






Leave a Reply