June 20, 2026

ആദിവാസി കോളനികളില്‍-ലോണ്‍ തട്ടിപ്പ് അടിയന്തിര നിയമനടപടികള്‍ സ്വീകരിക്കണം: ടി. സിദ്ധിഖ് എം.എല്‍.എ

0
20230927_134746.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ഗോത്രവര്‍ഗ വിഭാഗക്കാരുടെ പേരില്‍ ലോണ്‍ എടുത്ത് തട്ടിപ്പ് നടത്തുന്ന ആളുകള്‍ക്കെതിരെയും ധനമിടപാട് സ്ഥാപനങ്ങള്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന് നിവേദനം നല്‍കി.
       വയനാട്ടില്‍ ഗോത്ര വിഭാഗങ്ങളെ കുരുക്കിലാക്കി വന്‍ സാമ്പത്തിക തട്ടിപ്പ് നടന്ന് വരുന്നുണ്ട്. ഗോത്ര വിഭാഗങ്ങള്‍ മുഖേന വായ്പ വാങ്ങി പുറത്തു നിന്നുള്ള സംഘം തട്ടിയെടുക്കുന്നത് ലക്ഷങ്ങളാണ്. വര്‍ഷങ്ങളായി തുടരുന്ന തട്ടിപ്പിനിടെ കടബാധിതരായത് നൂറുകണക്കിന് ഗോത്രവര്‍ഗവിഭാഗക്കാരാണ്. ജില്ലയിലെ അതി ദരിദ്ര ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പു സംഘത്തിന്റെ പ്രവര്‍ത്തനം. പല സ്വകാര്യ ധനമിടപാട് സ്ഥാപനങ്ങളും, വ്യക്തികളും ഗോത്രവര്‍ഗക്കാരുടെ ആധാര്‍ കാര്‍ഡും, ഐഡന്റിറ്റി കാര്‍ഡും ബയോമെട്രിക് വിവരങ്ങളും ശേഖരിച്ച് വായ്പ പാസാക്കുകയും പിന്നീട് ഫിനാന്‍സ് സ്ഥാപനവുമായി അടുത്ത ബന്ധമുള്ള ഇടനിലക്കാരോ, ഏജന്റുമാരോ ഇതില്‍ ചെറിയൊരു തുക മാത്രം ഗോത്രാവര്‍ഗ വിഭാഗക്കാര്‍ക്ക് നല്‍കി ബാക്കി പണം കൈക്കലാക്കുന്നതാണ് തട്ടിപ്പിന്റെ രീതി. ഇതോടെ രണ്ടായിരമോ, അയ്യായിരമോ രൂപ മാത്രം ലഭിച്ച ഇവര്‍ വന്‍ തുകയുടെ കടബാധിതരാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
വായ്പയാണെന്ന് പോലും അറിയാതെ കെണിയില്‍ ചെന്നു ചാടിയ നിരക്ഷരരായ നൂറുകണക്കിന് ഗോത്രവര്‍ഗവിഭാഗക്കാര്‍ ജില്ലയിലുടനീളമുണ്ട്. മുന്‍ വര്‍ഷങ്ങളിലെല്ലാം ഇങ്ങനെ വിവിധ കോളനികളിലായി വായ്പാ കുരുക്കിലകപ്പെട്ട ഇവര്‍ ഇപ്പോള്‍ അനുഭവിക്കുന്നത് സമാനതകളില്ലാത്ത ദുരിത ജീവിതമാണ്. വട്ടിപ്പലിശക്കാരുടെ വീടുകയറിയുള്ള അക്രമവും ഭീഷണിയും മൂലം ജീവിതം തന്നെ വഴിമുട്ടിയ സ്ഥിതിയാണ്. ഇവര്‍ക്ക് ലഭിച്ച തുച്ഛമായ തുകക്ക് വിലയായി ജീവിതം തന്നെ പകരം നല്‍കേണ്ടി വന്ന നിലയിലാണ് മുന്‍ വര്‍ഷങ്ങളില്‍ വായ്പാ തട്ടിപ്പിനിരയായ ആളുകള്‍. 2,000 മുതല്‍ 5,000 രൂപ വരെ മാത്രം നല്‍കി ഇടനിലക്കാരാണ് ഇവരുടെ അക്കൗണ്ടുകളിലെത്തിയ വായ്പാ തുക തട്ടിയെടുക്കുന്നതെങ്കിലും കമ്പനി രേഖകളില്‍ ഗോത്രാവര്‍ഗവിഭാഗക്കാര്‍ മാത്രമാണ് കടബാധിതര്‍. ഇടനിലക്കാര്‍ മുങ്ങുകയോ വായ്പാ തിരിച്ചടവ് മുടങ്ങുകയോ ചെയ്യുന്നതോടെ കോളനികളില്‍ സ്വകാര്യ ധനമിടപാട് സ്ഥാപനങ്ങളുടെ അഴിഞ്ഞാട്ടമാണ് നടന്നു വരുന്നത്.
ഗോത്രവര്‍ഗവിഭാഗക്കാരുടെ അറിവില്ലായ്മയും ദാരിദ്യവും മുതലെടുത്ത് ഇടനിലക്കാരും, വട്ടിപലിശയിടപാടുകാരും, വിവിധ തട്ടിപ്പു സംഘങ്ങളും നടത്തി വരുന്ന സാമ്പത്തിക ചൂഷണങ്ങള്‍ക്കെതിരെ അടിയന്തിര നിയമനടപടികള്‍ സ്വീകരിക്കണമെന്നും, പാര്‍ശ്വവര്‍ക്കരിക്കപ്പെട്ട ഗോത്രവിഭാഗങ്ങളെ ഇത്തരം ചൂഷണങ്ങളില്‍ നിന്നും പരിരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും എം.എല്‍.എ മന്ത്രിയോട് ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ പോലീസ് അന്വേഷണം സമഗ്രമായി ഉണ്ടാവുമെന്നും, ജില്ലാ പോലീസ് മേധാവിയെ ആവശ്യമായ അന്വേഷണം നടത്തി നിയമനടപടികള്‍ സ്വീകരിക്കാന്‍ ചുമതലപ്പെടുത്തുമെന്നും മന്ത്രി എം.എല്‍.എ ക്ക് ഉറപ്പ് നല്‍കുകയും ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *