തണ്ടർ ബോൾട്ട് സംഘത്തിനുനേരെ ആദ്യം വെടിയുതിർത്തത് മാവോയിസ്റ്റുകൾ; തിരിച്ചും വെടിവെച്ചു
മാനന്തവാടി : കമ്പമലയോടു ചേർന്ന വനപ്രദേശത്ത് നേർക്കുനേർ എത്തിയ തണ്ടർബോൾട്ട് സംഘത്തിനെതിരെ ആദ്യം വെടിയുതിർത്തത് മാവോയിസ്റ്റുകൾ. മേഖലയിൽ കുറച്ചു ദിവസങ്ങളായി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിലെ 3 സംഘങ്ങൾ തിരച്ചിൽ ഊർജിതമാക്കിയിരുന്നു. രാവിലെ കണ്ണൂർ ആറളം അതിർത്തിയോട് ചേർന്ന വനമേഖലയിൽ എത്തിയപ്പോഴാണ് മാവോയിസ്റ്റുകൾ നേർക്കുനേർ വന്നത്.
സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിനെതിരെ മാവോയിസ്റ്റുകൾ 2 റൗണ്ട് വെടിയുതിർത്തുവെന്ന് പൊലീസ് പറഞ്ഞു. എസ്‌ഒജി സംഘാംഗങ്ങൾ തിരിച്ചും വെടിവച്ചു. ഏറ്റുമുട്ടൽ രൂക്ഷമാകുന്നതിനു മുൻപേ മാവോയിസ്‌റ്റ് ഗറില്ലകൾ കാടിനുള്ളിൽ മറഞ്ഞു. രാത്രി വൈകിയും തിരച്ചിൽ ഊർജിതമായി തുടരുകയാണ്. നേരത്തെ പരിശോധന കർശനമാക്കിയതിനെത്തുടർന്ന്, മേഖലയിൽ സജീവ സാന്നിധ്യമായിരുന്ന കബനിദളം ഏരിയ സമിതിയിലെ പ്രമുഖരെയടക്കം പിടികൂടാൻ പൊലീസിനു സാധിച്ചിരുന്നു.
കഴിഞ്ഞ നവംബർ 13 ന് കണ്ണൂർ ജില്ലയിലെ ഞെട്ടിത്തോട് വനമേഖലയിൽ നടന്ന
ഏറ്റുമുട്ടലിൽ ഏരിയ സമിതി സെക്രട്ടറി കവിത കൊല്ലപ്പെടുകയും ചെയ്തു. ഫെബ്രുവരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ് മാവോയിസ്‌റ്റ് ഗറില്ലാ സേന ആദിവാസി ഊരിൽ ഉപേക്ഷിച്ചു പോയ കേഡർ ചിക്കമംഗളൂരു സ്വദേശി സുരേഷ് മാവോയിസം ഉപേക്ഷിച്ചു കീഴടങ്ങി. ശേഷിക്കുന്നത് 14 പേർ മാത്രമാണെന്നാണ് പൊലീസ് പറയുന്നത്.
ആഭ്യന്തര പ്രശ്‌നങ്ങളെ തുടർന്ന് ഈ ചെറുസംഘത്തിലെ ചിലരെല്ലാം കർണാടക വനമേഖലയിലേക്കു കടന്നു. കീഴടങ്ങുകയും ചെയ്തു. സി.പി.മൊയ്തീൻ, സോമൻ, മനോജ്, ജിഷ, സന്തോഷ് എന്നിവരാണു നിലവിൽ കബനീദളത്തിൽ സജീവമായുള്ളത്. ഇവരുടെ സംഘമാണ് പൊലീസിനു നേരെ വെടിയുതിർത്തത് എന്നാണ് നിഗമനം. എന്നാൽ, മാവോയിസ്‌റ്റ് സംഘത്തിൽ എത്ര പേരുണ്ടായിരുന്നു എന്നതിന് വ്യക്‌തതയില്ല. കണ്ണൂർ ജില്ലാ അതിർത്തിയിലെ വനഭാഗങ്ങളിലും തിരച്ചിൽ നടന്നു. അംഗബലം കുറഞ്ഞെങ്കിലും ചില പ്രത്യേക സ്‌ഥലങ്ങൾ കേന്ദ്രീകരിച്ച് തങ്ങളുടെ സാന്നിധ്യം അറിയിക്കാനുള്ള ശ്രമമാണ് മാവോയിസ്റ്റുകളുടേത്.





Leave a Reply