July 14, 2026

വന്യമൃഗ ആക്രമണത്തില്‍ ജീവഹാനിയുണ്ടാകുന്നത് പതിവായിട്ടും സര്‍ക്കാര്‍ ഇടപെടലുകളുണ്ടാവാത്തത് ഖേദകരം: അഡ്വ. ടി സിദ്ധിഖ് എം എല്‍ എ

0
20240717 210145
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ജീവഹാനിയും, പരിക്കേല്‍ക്കുന്നതും, കൃഷിനാശവും നിത്യസംഭവമായിട്ടും അത് പരിഹരിക്കാവുള്ള ഗൗരവമായ ഇടപെടലുകള്‍ക്ക് സര്‍ക്കാര്‍ നേതൃത്വം കൊടുക്കാത്തത് ഏറെ ഖേദകരമാണെന്ന് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ധിഖ് എ എല്‍ എ പറഞ്ഞു. മരിക്കുന്നവര്‍ മുഴുവന്‍ സാധാരണക്കാരും, കര്‍ഷകരും, ദുര്‍ബല വിഭാഗത്തില്‍പ്പെട്ടവരും ഒരു കുടുംബത്തിന്റെ ആശ്രയമായവരുമാണ്. മുഖ്യമന്ത്രിയുടെ യോഗത്തിലും, മന്ത്രിതല ഉപസമിതിയുടെ സന്ദര്‍ശനവേളയിലും, വനംമന്ത്രി നേരിട്ടുവിളിച്ച മീറ്റിംഗുകളിലും നിയമസഭയിലുമെല്ലാം നിരന്തരമായി ആവശ്യപ്പെട്ടിട്ടും ഒരു നടപടിയുമുണ്ടാകാത്തത് ഒരിക്കലും നീതികരിക്കാന്‍ കഴിയുന്നതല്ല. വന്യമൃഗശല്യം പരിഹരിക്കുന്നതിന് വേണ്ടിയുള്ള ഫെന്‍സിംഗ്, ട്രഞ്ചിംഗ്, മതില്‍കെട്ടല്‍ തുടങ്ങിയ വിവിധ കാര്യങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും ഒന്നും നടക്കാതെ മുന്നോട്ടുപോകുകയാണ്. വന്യമൃഗ ആക്രമണങ്ങളില്‍ മരിക്കുന്നയാളുകളെ സംബന്ധിച്ച് പൊതുജനങ്ങളും ജനപ്രതിനിധികളും ഉള്‍പ്പെടെയെടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കാത്തത് ഗൗരവമായ വിഷയമാണ്. ഈ പ്രശ്‌നങ്ങള്‍ മുഴുവന്‍ പരിഹരിക്കാനുള്ള അടിയന്തര ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണം. മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് നല്‍കുന്ന ആശ്വാസധനം 25 ലക്ഷം നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വന്യമൃഗ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നവരുടെ സ്വകാര്യ ആശുപത്രിയിലെ ചികിത്സാ ചിലവ് ഉള്‍പ്പെടെ സര്‍ക്കാര്‍ വഹിക്കണമെന്ന നിരന്തരമായ ആവശ്യം നിവേദനമായും, മുഖ്യമന്ത്രിയുടെയും മന്ത്രിയുടെയും യോഗത്തിലടക്കം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഇതുവരെ തീരുമാനമാകാത്തത് ഏറെ വിഷമമുണ്ടാക്കുന്നതാണ്. ഇതിനെല്ലാമുള്ള അടിയന്തര പരിഹാര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാട്ടാന ആക്രമണത്തില്‍ മരിച്ച രാജുവിന്റെ വീട് എം എല്‍ എ സന്ദര്‍ശിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *