വിദ്യാർത്ഥികൾക്ക് അനുഭവ സമ്പന്നമായ ഇടങ്ങൾ ഒരുക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി ഒ.ആർ കേളു
തേറ്റമല : വിദ്യാലയങ്ങളിൽ കുട്ടികൾക്ക് അനുഭവസമ്പന്നമായ ഇടങ്ങൾ ഒരുക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി.ഒ.ആർ കേളു. തേറ്റമല ഗവ. ഹൈസ്കൂളിൽ ഒരുക്കിയ പ്രീപ്രൈമറി സ്കൂൾ വർണ്ണക്കൂടാരത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കുട്ടികൾക്ക് കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചും വളരാനുള്ള ഇടമാണ് വർണ്ണക്കൂടാരത്തിലൂടെ സാധ്യമാക്കുന്നത്. കുഞ്ഞുങ്ങളുടെ ശാരീരികവും മനസീകവുമായ വളർച്ച ഉറപ്പാക്കാൻ വർണ്ണക്കൂടാരത്തിലെ പ്രവർത്തനങ്ങളിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രീ പ്രൈമറി വിദ്യാലയങ്ങളെ മനോഹരവും ആകര്‍ഷകവുമാക്കുന്ന ഈ പദ്ധതി ജില്ലയിലെ മറ്റ് സ്കൂളുകളിലും ഉടൻ യാഥാർത്ഥ്യമാകുമെന്നും മന്ത്രി പറഞ്ഞു. സമഗ്ര ശിക്ഷ കേരളം (എസ്.എസ്.കെ) സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി മാനന്തവാടി ബി ആർ സി മുഖേന ലഭ്യമാക്കിയ 10 ലക്ഷം രൂപ ചെലവഴിച്ചാണ് വർണ്ണകൂടാരം ഒരുക്കിയത്. പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലുളള മാതൃകാ പ്രീപ്രൈമറികളാണ് വർണ്ണക്കൂടാരത്തിലൂടെ ലക്ഷ്യമിടുന്നത്.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ വയനാട് ഡി.പി.സി വി.അനിൽകുമാർ പദ്ധതി വിശദീകരണം നടത്തി. തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.കെ ശങ്കരൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി കെ.വി വിജോൾ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം കെ വിജയൻ, തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് അംഗം പി.പി മൊയ്തീൻ, എസ്.എസ്.കെ മാനന്തവാടി ബി.പി.സി കെ.കെ സുരേഷ്, പിടിഎ പ്രസിഡണ്ട് കെ. അബ്ദുൾ നാസർ, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ മനോജ് മാത്യു, എസ്.എം.സി ചെയർമാൻ പി.കെ ഉസ്മാൻ, മദർ പി.ടി.എ പ്രസിഡണ്ട് സി.കെ ഫൗസിയ, വൈസ് പ്രസിഡണ്ട് നൗഫൽ കേളോത്ത്, സ്കൂൾ ലീഡർ ആയിഷ റിൻഷ എന്നിവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.
Leave a Reply