September 17, 2024

മാതൃകാ പുനരധിവാസം സർക്കാരിന്‍റെ ലക്ഷ്യം – മന്ത്രി പി. രാജീവ്

0
20240804 190611

കൽപ്പറ്റ : വയനാട് ഉരുള്‍പൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിന് മാതൃകാ പദ്ധതി തയാറാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. എല്ലാവരുടെയും പിന്തുണയോടെ സുരക്ഷിതമായ ടൗൺഷിപ്പ് രൂപത്തിലുള്ള പദ്ധതിയാണ് സർക്കാര്‍ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം കൈവരിക്കാന്‍ എല്ലാ മേഖലകളിലുമുള്ളവർ കൈ കോര്‍ക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

 

ജില്ലാ വ്യവസായ കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ വയനാട് കളക്ടറേറ്റിൽ തോട്ടം ഉടമകളുടെയും പ്രതിനിധികളുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

 

സർക്കാരിന്‍റെ ദുരിതാശ്വാസ പ്രതികരണ നിധി വഴിയാണ് പുനരധിവാസം നടപ്പാക്കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ നിക്ഷിപ്ത താല്‍പര്യക്കാര്‍ നടത്തുന്നത് അടിസ്ഥാന രഹിതമായ പ്രചരണമാണ്. ധനകാര്യ വകുപ്പ് സെക്രട്ടറിക്കാണ് നിധിയുടെ ചുമതല. ഓരോ രൂപയ്ക്കും കണക്കുണ്ട്. വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ വരുന്നതിനാൽ ആർക്കും ഇതിന്‍റെ വിവരങ്ങള്‍ തേടാം. സി.എ.ജിയുടെ ഓഡിറ്റിനും ഈ തുക വിധേയമാണെന്ന് മന്ത്രി പറഞ്ഞു.

 

കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും മാത്രമല്ല, ജീവിതമാര്‍ഗവും സമ്പാദ്യവും നഷ്ടപ്പെട്ടവരാണ് ഇപ്പോള്‍ ക്യാമ്പുകളിൽ കഴിയുന്നത്. ഇവരെ പുനരധിവസിപ്പിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിന് ലാന്‍ഡ് റവന്യു ജോയിന്‍റ് കമ്മീഷണറും വയനാടിന്‍റെ മുന്‍ ജില്ലാ കളക്ടറുമായ എ. ഗീതയെ സർക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. പുനരധിവാസ പ്രക്രിയയില്‍ പങ്കാളികളാകാന്‍ സന്നദ്ധത അറിയിച്ച തോട്ടം ഉടമകളെയും സംഘടകനളെയും മന്ത്രി അഭിനന്ദിച്ചു.

 

പട്ടികജാതി പട്ടിക-വര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി ഒ.ആര്‍ കേളു, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എ. കൗശിഗന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പൽ ഡയറക്ടറും വയനാട് സ്പെഷ്യൽ ഓഫീസറുമായ ശ്രീരാം സാംബശിവ റാവു, മൈനിംഗ് ആന്‍റ് ജിയോളജി ഡയറക്ടര്‍ കെ. ഹരികുമാര്‍, വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. ഗോപകുമാര്‍, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ ആര്‍. രമ എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു.

 

മൂന്നാര്‍ കണ്ണന്‍ ദേവന്‍ ഹിൽസ്, മുക്കം പാരിസണ്‍സ് എസ്റ്റേറ്റ്, സെന്‍റിനൽ റോക്ക് എസ്റ്റേറ്റ് (എച്ച്.എം.എല്‍), വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷന്‍,

ബോച്ചെ ഭൂമിപുത്ര പ്രൈവറ്റ് ലിമിറ്റഡ്, ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് എന്നീ കമ്പനികളുടെ പ്രതിനിധികളും പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *