സംരക്ഷണ ഭിത്തി തകർന്നു; റോഡിന് ഭീഷണി
മാനന്തവാടി: മഴക്കെടുതിയെ തുടർന്ന് പുഴയരികിലെ സംരക്ഷണ ഭിത്തി തകർന്നതോടെ നാട്ടുകാർ ദുരിതത്തിലായി. 2 കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച ചങ്ങാടക്കടവ്- ചാമാടിപൊയിൽ റോഡാണ് ആഴ്ച്ചകൾക്ക് മുൻപ് ഇടിഞ്ഞ് അപകടാവസ്ഥയിലായത്. മുൻപ്രളയത്തിൽ തകർന്ന ചങ്ങാടക്കടവ്, ചാമാടി പൊയിൽ- പാണ്ടിക്കടവ് റോഡ് റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയാണ് പുനർനിർമ്മിച്ചത്, 1.757 കീ മീ ദൂരം വരുന്ന റോഡ് രണ്ട് കോടി 38 ലക്ഷം രൂപ ചിലവഴിച്ചാണ് നവീകരിച്ചത്. എല്ലാ വർഷവും ഇവിടെ റോഡിനോട് ചേർന്ന് കബനി പുഴയരിക് ഇടിഞ്ഞ് വീഴാറുണ്ട്. ഇതിന് ശാശ്വത പരിഹാരമെന്ന നിലയിൽ ജിയോ ടെക്സ്റ്റ് എന്ന സംവിധാനമാണ് സംരക്ഷണമതിൽ നിർമ്മിക്കാൻ ഉപയോഗപ്പെടുത്തിയത്. മണ്ണും, മുളയും ഉപയോഗിച്ചാണ് ജിയോ ടെക്സ്റ്റ് രീതീയിൽ സംരക്ഷണ ഭിത്തി ഒരുക്കിയിരുന്നത്. കായൽ പ്രദേശങ്ങളായ ആലപ്പുഴ ജില്ലയിൽ പദ്ധതി ഏറെ വിജയകരവുമായിരുന്നു. എന്നാൽ കനത്ത മഴയിൽ സംരക്ഷണമതിൽ കോൺക്രീറ്റ് ഉൾപ്പെടെ തകർന്നതാണ് ഇപ്പോൾ
പ്രതിസന്ധിക്കിടയാക്കിയിരിക്കുന്നത്.
വർഷങ്ങളായുള്ള പ്രദേശവാസികളുടെ ആവശ്യത്തെ തുടർന്നാണ് 2022 ൽ റോഡ് നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചത് 24ൽ പ്രവർത്തികൾ പൂർത്തീകരിച്ച് ഗതാഗതത്തിന് തുറന്ന് കൊടുക്കുകയും ചെയ്‌തു. ചങ്ങാടക്കടവ് ഭാഗത്ത് പുഴയരിക് ഇടിഞ്ഞ് താഴ്ന്നതാണ് റോഡിന് ഭീഷണി ആയിരിക്കുന്നത് .നൂറുകണക്കിന് കുടുംബങ്ങളുടെ ഏക ആശ്രയമായ റോഡാണിത്, റോഡിനോട് ചേർന്ന് ചാമാടി പൊയിൽ ഭാഗത്ത് കഴിഞ്ഞ കാലവർഷത്തിൽ പുഴയരിക് ഇടിഞ്ഞ് താഴ്ന്നത് ഇന്നും അതെ അവസ്ഥയിൽ നിലകൊള്ളുകയാണ്. അപകടാവസ്ഥ കണക്കിലെടുത്ത് ഭാരമേറിയ വാഹനങ്ങളുടെ ഗതാഗതം റോഡിൽ നിരോധിച്ചിരിക്കുകയാണ്. കോടികൾ ചിലവഴിച്ച് നിർമ്മിച്ച റോഡ് സംരക്ഷിക്കാൻ അടിയന്തിര നടപടികൾ ഉണ്ടാവണമെന്നാണ് ആവശ്യം ഉയരുന്നത്
Leave a Reply