November 2, 2024

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗം രാജ്യത്തിന് മാതൃക* : *മുഖ്യമന്ത്രി*

0
Img 20241005 191824

പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിലൂടെയും തുടര്‍ന്നുള്ള വിദ്യാകിരണം പദ്ധതിയിലൂടെയും സംസ്ഥാനത്തിന്റെ പൊതു വിദ്യാഭ്യാസ രംഗം രാജ്യത്തിന് മാതൃകയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ സ്‌കൂളുകളില്‍ നിര്‍മ്മിച്ച 30 പുതിയ ഹൈടെക് കെട്ടിട സമുച്ചയങ്ങളുടെയും സ്മാര്‍ട്ട് ക്ലാസുകളുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജില്ലയിലെ പനമരം, മേപ്പാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളുടെയും മാനന്തവാടി യു.പി സ്‌കൂള്‍ കെട്ടിടത്തിന്റെയും ചീരാല്‍ ഗവ മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. 2022 ല്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കേരളത്തില്‍ 60 ലക്ഷത്തോളം കുട്ടികളാണ് സ്‌കൂള്‍വിദ്യാഭ്യാസം നടത്തേണ്ട പ്രായത്തിലുള്ളത്. അതില്‍ 45 ലക്ഷത്തോളം കുട്ടികള്‍ സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങളില്‍ പഠിക്കുന്നവരാണ്. 80 ശതമാനത്തോളം കുട്ടികള്‍ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. പൊതുവിദ്യാഭ്യാസ രംഗത്തെ ഈ പങ്കാളിത്തം നമ്മുടെ വിദ്യാഭ്യാസ മാതൃകയുടെ ഉന്നത നിലവാരത്തിന്റെ ദൃഷ്ടാന്തമാണ്.

 

10.51 കോടി രൂപ ചെലവിലാണ് നിലവില്‍ പദ്ധതി പൂര്‍ത്തിയാക്കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മപരിപാടിയുടെയും നവകേരളം കര്‍മ്മ പദ്ധതി II വിദ്യാകിരണം മിഷന്റെ ഭാഗമായി കിഫ്ബി, പ്ലാന്‍ഫണ്ട്, മറ്റ് ഫണ്ടുകള്‍ പ്രയോജനപ്പെടുത്തിയാണ് സംസ്ഥാനത്ത് പുതിയതായി 30 സ്‌കൂള്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചത്. മൂന്ന് കോടി കിഫ്ബി ധനസഹായത്തോടെ 8 സ്‌കൂള്‍ കെട്ടിടങ്ങളും ഒരു കോടി കിഫ്ബി ധനസഹായത്തോടെ 12 സ്‌കൂള്‍ കെട്ടിടങ്ങളും പ്ലാന്‍ ഫണ്ടും മറ്റു ഫണ്ടുകളും പ്രയോജനപ്പെടുത്തി 10 സ്‌കൂള്‍ കെട്ടിടങ്ങളുമാണ് നിര്‍മിച്ചത്. 12 പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് തറക്കല്ലിടുകയും ചെയ്തു. 8 വര്‍ഷം മുമ്പുള്ള അവസ്ഥയല്ല പൊതുവിദ്യാലയങ്ങള്‍ക്ക് ഇന്നുള്ളത്.

 

പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും ഗുണനിലവാരവും മെച്ചപ്പെടുത്തി എല്ലാ വിഭാഗം വിദ്യാര്‍ഥികള്‍ക്കും പഠന സൗകര്യമൊര്യക്കി. സ്വകാര്യ വിദ്യാലയങ്ങളുടെ ഉയര്‍ന്ന ഫീസും വിദ്യാഭ്യാസ ചെലവും സാധാരണക്കാരന് അപ്രാപ്യമാണെന്ന തിരിച്ചറിവിലാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചത്. രാജ്യത്താകമാനം സാര്‍വത്രിക വിദ്യാഭ്യാസം ലഭ്യമാണെങ്കിലും അത് പൂര്‍ണമായ അര്‍ത്ഥത്തില്‍ നടപ്പിലാക്കിയ സംസ്ഥാനം കേരളമാണ്. 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പട്ടയ വിതരണം, റോഡുകളുടെ ഉദ്ഘാടനം എന്നിവ നടന്നിട്ടുണ്ട്. 456 റേഷന്‍ കടകളെ കെ-സ്റ്റോറുകളാക്കി ഉയര്‍ത്തി. 37 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ഉദ്ഘാടനം ചെയ്യാനുണ്ട്. ലൈഫ് മിഷനിലൂടെ നിര്‍മ്മിച്ച 10,000 വീടുകള്‍ കൈമാറാനുണ്ട്. ഇത്തരത്തില്‍ വികസനവും ക്ഷേമവും ഉറപ്പുവരുത്തുന്ന നിരവധി ഇടപെടലുകളാണ് 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സര്‍ക്കാര്‍ നടപ്പാക്കുന്നത്.

 

കേരളത്തിലാകെ 973 സ്‌കൂള്‍ കെട്ടിടങ്ങളാണ് കിഫ്ബി ധനസഹായത്തോടെ നിര്‍മ്മിക്കുന്നത്. 2,500 കോടിയോളം രൂപയാണ് അതിനായി ചെലവഴിക്കുന്നത്. 508 കെട്ടിടങ്ങള്‍ ഇതുവരെ പൂര്‍ത്തിയായി. പൊതുവിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന്് 4,500 കോടി രൂപ കഴിഞ്ഞ എട്ട് വര്‍ഷത്തിനകം ് ചെലവഴിച്ചിട്ടുണ്ട്. കേരളത്തിലെമ്പാടുമുള്ള പൊതുവിദ്യാലയങ്ങളില്‍ ഇതു വഴിയുണ്ടാകുന്ന മാറ്റങ്ങള്‍ ദൃശ്യമാണ്.

 

സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനം മാത്രം സാധ്യമാക്കിയാല്‍ പോര. ലോക വൈജ്ഞാനിക ശൃംഖലയുടെ ഭാഗമാകാന്‍ കഴിയുന്ന വിധത്തില്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കേണ്ടതുണ്ട്. അതിനുതകുന്ന വിധത്തില്‍ കുട്ടികളുടെ ശേഷികള്‍ വികസിപ്പിക്കാന്നുള്ള ഇടപെടലുകള്‍ അധ്യാപകരുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നടന്ന പരിപാടിയില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വികസന വകുപ്പ് മന്ത്രി ഒ.ആര്‍ കേളു, എം.എല്‍.എമാരായ ടി.സിദ്ധിഖ്, ഐ.സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, നഗരസഭാ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ കാട്ടി, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബാബു, പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, കക്ഷി-രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

 

 

*

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *