കടലവണ്ടിയിലെ വെളിച്ചത്തിൽ പുൽപള്ളി ബസ് സ്റ്റാൻഡ്
പുൽപളളി :ബസ് സ്റ്റാൻഡിൽ കൂരിരുട്ട്. സന്ധ്യയ്ക്ക് ഇരുൾ പരക്കുന്ന സ്റ്റാൻഡ്, സമീപത്തെ കടകൾ രാത്രി അടയ്ക്കുന്നതോടെ പൂർണമായും ഇരുട്ടിലാകും. സ്റ്റാൻഡിലെ കടല വണ്ടിയുടെയും ബസിന്റെ ബോർഡുകളിലെയും അരണ്ട വെളിച്ചത്തിലാണ് യാത്രക്കാർ കയറിയിറങ്ങുന്നത്. ദീർഘദൂര യാത്ര കഴിഞ്ഞെത്തുന്നവർ സ്ഥലമേതെന്നു പോലുമറിയാതെ പ്രയാസപ്പെടുന്നു. ബസ് സ്റ്റാൻഡിലെ വിളക്കുകളൊന്നും തെളിയുന്നില്ല. ബസ് ഉടമസ്ഥ സംഘത്തിന്റെ ഓഫിസ് പരിസരത്തെ ഏക ലൈറ്റും തെളിയാതായിട്ട് ഏറെക്കാലമായി. വൈദ്യുതി നിലച്ചാൽ കടകളും ഇരുട്ടിലാകും.
കഴിഞ്ഞ ദിവസത്തെ മഴയും സ്റ്റാൻഡിലെ ഇരുട്ടും യാത്രക്കാരെ വലച്ചു. ലഗേജുമായി സ്റ്റാൻഡിനു പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ. പുലർച്ചെ 4 മുതൽ രാത്രി 10.30വരെ ബസുകൾ കയറിയിറങ്ങുന്ന സ്റ്റാൻഡിലാണ് ഈ ദുരവസ്ഥ. ടെംപിൾ ജംക്‌ഷനിലെ ഹൈമാസ്റ്റ് വിളക്കിലെ വെളിച്ചം സ്റ്റാൻഡിലേക്ക് ലഭിക്കുന്നില്ല. ശോച്യാവസ്ഥയ്ക്ക് പരിഹാരം വേണമെന്ന ആവശ്യം ശക്തമാണ്. നിന്നു തിരിയാനിടമില്ലാത്ത സ്റ്റാൻഡ് നവീകരണം ഭൂമിയേറ്റെടുക്കൽ പ്രശ്നങ്ങളാൽ മുടങ്ങി. സ്റ്റാൻഡിനോടു ചേർന്ന് ദേവസ്വം 50 സെന്റ് പാട്ടത്തിനു നൽകാമെന്നു സമ്മതിച്ചിരുന്നു. പ്രശ്നം കോടതി കയറിയതോടെ ബസ് സ്റ്റാൻഡ് വികസനം മുടങ്ങി.





Leave a Reply