വഴി തടയൽ സമരം ഈ മാസം 21 ന്
മാനന്തവാടി: പേര്യ ചുരം റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. ഈ മാസം 21 ന് ബോയ്സ് ടൗണിൽ രാവിലെ 9.30 മുതൽ വഴി തടയൽ സമരം നടത്തുമെന്ന് കർമ്മ സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ജുലൈ 30നാണ് പേരിയ ചുരം റോഡിൽ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് കണ്ണൂർ ജില്ലാ കളക്ടർ ചുരത്തിലൂടെയുള്ള ഗതാഗതം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.റോഡ് അടിയന്തരമായി ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കർമ്മ സമിതിയുടെ നേതൃത്വത്തിൽ മന്ത്രി സഭ ഉപസമിതിക്ക് നിവേദനം സമർപ്പിച്ചു. തുടർന്ന് ബദൽ സംവിധാനം ഒരുക്കാതെ റോഡ് കുഴിച്ചു നിർമ്മാണ പ്രവർത്തനം ആരംഭിച്ചു, യാതൊരു സുരക്ഷ മാനദണ്ഡങ്ങളും പാലിക്കാതെ അശാസ്ത്രിയമായി 11 മീറ്ററോളം ആഴത്തിൽ റോഡ് കുഴിച്ചാണ് പ്രവർത്തികൾ ആരംഭിച്ചത്. മന്ദഗതിയിലുള്ള പ്രവർത്തികൾ വ്യാപക പ്രതിഷേധത്തിനിടയാക്കി. ഇതിൻ്റെ അടിസ്ഥാനത്തിൽ പ്രവർത്തികൾ ഉടൻ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് പരാതി നൽകി. അശാസ്ത്രിയമായ മണ്ണെടുപ്പ് മൂലം ഇപ്പോൾ കാൽനടയാത്ര പോലും സാധ്യമല്ലാതായി. ഉദ്യോഗസ്ഥരുടെ അനാസ്ഥയും കെടുകാര്യസ്ഥതയും കാരണം പ്രവർത്തിയിലേർപ്പെട്ട ഒരാൾ മരണപ്പെടുന്ന സാഹചര്യവും ഉണ്ടായി. എന്നിട്ടും ആവശ്യമായ സുരക്ഷ സംവിധാനങ്ങൾ ഒരുക്കി പ്രവർത്തി വേഗത്തിലാക്കാനുള്ള നടപടികൾ ഇല്ല, നിലവിൽ നിർമ്മാണ പ്രവർത്തി നിലച്ചിരിക്കുകയാണ്. കണ്ണുരിലേക്ക് വിദ്യാഭ്യാസത്തിനായി പോകുന്ന വിദ്യാർത്ഥികൾ, ചികിത്സക്കായി പോകുന്ന രോഗികൾ, ചുരം റോഡിലൂടെയുള്ള യാത്രക്കാരെ ആശ്രയിച്ച് കഴിയുന്ന വ്യാപാരികൾ, കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ കൊണ്ട് പോകാൻ കഴിയാത്ത അവസ്ഥ, ടാക്സി തൊഴിലാളികൾ തുടങ്ങി സർവ്വ മേഖലയിലുമുള്ള ജനങ്ങങ്ങളും ദുരിതം പേറി ജീവിതം വഴിമുട്ടി നിൽക്കുന്ന അവസ്ഥയാണ്.
പേര്യയയിലും സമീപ പ്രദേശങ്ങളിലെയും ജനങ്ങളുടെ ജീവിതം വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിലാണ് ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുന്നത്. ശനിയാഴ്ച വൈകുന്നേരം പേരിയ ടൗണിൽ സമര പ്രഖ്യാപന ജാഥ നടത്തി. നാളെ ( 20- 10 ) മണ്ണിടിച്ചിലുണ്ടായ ഭാഗത്തെ പൊതുമരാമത്ത് വകുപ്പ് സ്ഥലത്ത് പ്രതിഷേധ സൂചകമായി കാട് വെട്ടി തെളിക്കും.നാളെ രാവിലെ 9.30 മുതൽ ബോയ്സ് ടൗണിൽ നടത്തുന്ന വഴി തടയൽ സമരത്തിൽ മുഴുവൻ യാത്രക്കാരും സഹകരിക്കണമെന്നും, പ്രവർ ത്തികൾ അടിയന്തിരമായി ആരംഭിച്ചില്ലെങ്കിൽ കണ്ണൂരിലെ പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനിയറുടെ ഓഫീസ് ഉപരോധിക്കുമെന്നും കർമ്മ സമിതി അറിയിച്ചു, വാർത്ത സമ്മേളനത്തിൽ കമ്മിറ്റി ചെയർ പേഴ്സൺ എൽസി ജോയ്, കൺവീനർ സി ടി പ്രേംജിത്ത്, ബ്ളോക്ക് പഞ്ചായത്തംഗം സൽമ മോയി, ബാബു ഷജിൽ കുമാർ, ടി കെ അയ്യപ്പൻ എ ജെ ജെയിംസ്, അഷ്റഫ് അമ്പിലാദി, കെ സി നാസർ എന്നിവർ സംബന്ധിച്ചു.





Leave a Reply