മഴയിൽ ഇടിഞ്ഞ റോഡ് നന്നാക്കാൻ നടപടിയില്ല; ഓവുപാലം തകർന്ന് റോഡ് നശിച്ചത് ജൂലൈയിൽ
നീർവാരം ∙ കനത്ത മഴയെ തുടർന്നുണ്ടായ കുത്തൊഴുക്കിൽ ഇടിഞ്ഞു തകർന്ന റോഡ് നന്നാക്കാൻ നടപടിയില്ല. ക്ഷീരകർഷകർ അടക്കം ഒട്ടേറെ പേർ ആശ്രയിക്കുന്ന പനമരം പഞ്ചായത്തിലെ മഞ്ഞവയൽ – വാളമ്പാടി റോഡിനോടാണ് അവഗണന. കഴിഞ്ഞ ജൂലൈയിൽ ഉണ്ടായ ശക്തമായ മഴയിലാണ് റോഡിനു കുറുകെ സ്ഥാപിച്ച ഓവുപാലം തകർന്ന് റോഡ് ഇടിഞ്ഞു നശിച്ചത്.
ഇതോടെ ഇതുവഴിയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം പൂർണമായും നിലച്ചിരുന്നു. കഴിഞ്ഞ ദിവസത്തെ മഴയിൽ റോഡിന്റെ കൂടുതൽ ഭാഗം ഇടിഞ്ഞുതാണതോടെ ചെറിയ വാഹനങ്ങൾക്കും പോകാൻ കഴിയാതായി.
റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പലതവണ പഞ്ചായത്തധികൃതരെ സമീപിച്ചെങ്കിലും ഫണ്ട് വച്ചിട്ടുണ്ടെന്നു പറയുന്നതല്ലാതെ നന്നാക്കാൻ നടപടിയുണ്ടായില്ല. റോഡ് ഇടിഞ്ഞ് വാഹനങ്ങൾ എത്താതായതോടെ പാലളക്കുന്ന കർഷകരും ഗോത്രസാരഥിയെ ആശ്രയിക്കുന്ന വിദ്യാർഥികളും ദുരിതത്തിലായി.
ഓട്ടോറിക്ഷ പോലും എത്താതായതോടെ കഴിഞ്ഞദിവസം നാട്ടുകാരുടെ നേതൃത്വത്തിൽ ഓവുപാലം പുനഃസ്ഥാപിച്ച് റോഡ് താൽക്കാലികമായി മണ്ണിട്ട് ഗതാഗതയോഗ്യമാക്കിയെങ്കിലും മഴ പെയ്താൽ വീണ്ടും റോഡ് കുത്തിയൊലിച്ചു പോകുമെന്ന അവസ്ഥയാണ്.
Leave a Reply