December 9, 2024

ആർ. ശങ്കർ അനുസ്മരണ യോഗം നടത്തി

0
Img 20241107 174933

കൽപ്പറ്റ : കേരളത്തിലെ കോൺഗ്രസിന്റെ പ്രഥമ മുഖ്യമന്ത്രിയായിരുന്ന ആർ. ശങ്കറിന്റെ ചരമവാർഷിക ദിനത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. സാമുദായിക – രാഷ്ട്രീയ നേതൃരംഗത്ത് കഴിവും പ്രാഗത്ഭ്യവും തെളിയിച്ച ബഹുമുഖപ്രതിഭയും ശക്തനായ ഭരണാധികാരിയുമായിരുന്നു ആർ. ശങ്കർ. ധനകാര്യം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയെന്ന നിലയിലും എസ്.എൻ.ഡി.പി. യോഗത്തിന്റെ ജനറൽ സെക്രട്ടറി എന്ന നിലയിലും സമാനതകളില്ലാത്ത തലയെടുപ്പോടെ ധീരമായി പ്രവർത്തിച്ച നേതാവായിരുന്നു അദ്ദേഹം. കെ.പി.സി.സി. അദ്ധ്യക്ഷ പദവി വഹിച്ചിരുന്ന അദ്ദേഹം കോൺഗ്രസിനെ ക്രിയാത്മകമായി നയിക്കുന്നതിൽ ഏറെ പങ്ക് വഹിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലഘട്ടം മികവാർന്ന നിരവധി നേട്ടങ്ങളുടെ കാലമാണ്. വിധവ പെൻഷൻ, വിദ്യാഭ്യാസ പരിഷ്കരണം, വ്യവസായവത്കരണം, വൈദ്യുതോത്പാദനം തുടങ്ങി നിരവധി ക്ഷേമ വികസന പദ്ധതികൾ ആർ. ശങ്കർ എന്ന ഭരണാധികാരിയുടെ ഇഛാശക്തിയുടെയും ദീർഘവീക്ഷണത്തിന്റെയും ബാക്കിപത്രങ്ങളാണ്. ജാതീയ അധീശത്വങ്ങൾക്കെതിരെ പോരാടിയ ആർ. ശങ്കർ പിന്നാക്ക-അവശജനവിഭാഗങ്ങളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി നിസ്തൂല സേവനമാണ് അനുഷ്ഠിച്ചത്. കേരളത്തിന്റെ വിദ്യാഭ്യാസ വിപ്ലവത്തിന്റെ ആണിക്കല്ലായിരുന്നു ആർ. ശങ്കർ. യോഗം രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്തു. ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ അദ്ധ്യക്ഷനായിരുന്നു. ഡീൻ കുര്യാക്കോസ് എം.പി, ഹൈബി ഈഡൻ എം.പി, സണ്ണി ജോസഫ് എം.എൽ.എ, പി.കെ. ജയലക്ഷ്മി, കാസർഗോഡ് ഡി.സി.സി. പ്രസിഡണ്ട് പി.കെ. ഫൈസൽ, യു.ഡി.എഫ്. ജില്ലാ കൺവീനർ പി.ടി. ഗോപാലകുറുപ്, വി.എ. മജീദ്, കെ.വി. പോക്കർ ഹാജി, ഒ.വി. അപ്പച്ചൻ, ജി. വിജയമ്മ, പി. ശോഭനകുമാരി, പോൾസൺ കൂവക്കൽ, ഇ.വി. അബ്രഹാം, ആർ. രാജൻ എന്നിവർ സംസാരിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *