December 9, 2024

ഓണ്‍ലൈന്‍ ബിസിനസ് തട്ടിപ്പ്; 29 പേരില്‍ നിന്നായി 53 ലക്ഷം തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍

0
Img 20241112 194939

സുല്‍ത്താന്‍ ബത്തേരി: ഓണ്‍ലൈന്‍ ബിസിനസ് മണി സ്‌കീമിലൂടെ പണം ഇരട്ടിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് നിരവധി ആളുകളില്‍ നിന്നായി നിക്ഷേപം സ്വീകരിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍. മലപ്പുറം, എടക്കര, മരക്കാരകത്ത് വീട്, ടി.എം. ആസിഫ്(46)നെയാണ് വിദേശത്ത് നിന്ന് തിരിച്ചു വരവേ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ഞായാറാഴ്ച രാത്രി ബത്തേരി പോലീസ് കസ്റ്റഡിയിലെടുത്തത്. നൂല്‍പ്പുഴ സ്വദേശിയുടെ പരാതിയില്‍ 2022-ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. കേസിലുള്‍പ്പെട്ട് വിദേശത്തേക്ക് മുങ്ങിയ ഇയാള്‍ക്കെതിരെ പോലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഇയാള്‍ക്ക് മീനങ്ങാടി, ബത്തേരി, മുക്കം, കൂത്തുപറമ്പ് പോലീസ് സ്റ്റേഷനില്‍ സമാന കേസുണ്ട്.

 

ഓണ്‍ലൈന്‍ ബിസിനസ് ആണെന്ന് പറഞ്ഞ് മണി സ്‌ക്കീമിലേക്ക് ആളെ ചേര്‍ക്കുന്നതിനായി ‘മൈ ക്ലബ് ട്രേഡേഴ്സ് ട്രേഡ് സര്‍വീസസ്, ഇന്റര്‍നാഷണല്‍ എല്‍.എല്‍.പി’ എന്ന കമ്പനിയുടെ പേരില്‍ 25.06.2020 തീയതി ബത്തേരിയിലെ ഹോട്ടലില്‍ യോഗം വിളിച്ചായിരുന്നു തട്ടിപ്പ്്. ആളുകളെ ഓണ്‍ലൈന്‍ വേള്‍ഡ് ലെവല്‍ ബിസിനസ് ചെയ്യാമെന്ന് പ്രേരിപ്പിച്ച് നിക്ഷേപങ്ങള്‍ നേടിയെടുത്തു. പരാതിക്കാരനില്‍ നിന്ന് 55000 രൂപയാണ് കവര്‍ന്നത്. 29 പേരില്‍ നിന്നായി 5320000 രൂപ നേടിയെടുത്ത ശേഷം വരുമാനമോ, അടച്ച തുകയോ നല്‍കാതെ വഞ്ചിക്കുകയായിരുന്നു. ഈ കമ്പനിയുടെ പേരില്‍ ജില്ലകള്‍ തോറും പ്രമോട്ടര്‍മാരെ നിയമിച്ചു നിരവധി ആളുകളില്‍ നിന്ന് അനധികൃതമായി പണം നേടിയെടുത്തിട്ടുണ്ട്. കാസര്‍ഗോഡ്, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ സമാന സ്വഭാവമുള്ള കേസുകള്‍ നിലനില്‍ക്കുന്നു. ഈ കേസില്‍ കമ്പനിയുടെ പാര്‍ട്ണര്‍മാരും, ഡയറക്ടര്‍മാരും, പ്രമോട്ടര്‍മാരുമുള്‍പ്പെടെ ഒമ്പത് പ്രതികളെ മുമ്പ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *