December 13, 2024

വോട്ട് അയിത്തു….; ബാവലിക്ക് അതിര്‍ത്തി കടന്നൊരു വോട്ടുദിനം

0
Img 20241113 190030

ബാവലി :നിങ്ങ വോട്ട് മാട്ദിരിയാ.. ആ വോട്ടു അയിത്തു….കന്നടയും മലയാളവും ഇടകലര്‍ന്ന ബാവലിക്കും തെരഞ്ഞെടുപ്പ് കാലം വേറിട്ടതാണ്. തൊഴിലിനും ജീവിതത്തിനുമിടയില്‍ ഒരു പാലം ദേശത്തിന്റെയും ഭാഷയുടെയും അതിരുകള്‍ വരയ്ക്കുമ്പോഴും അങ്കലാപ്പുകളില്ലാതെ ഇവരെല്ലാം എല്ലാ തെരഞ്ഞെടുപ്പ് കാലത്തും മുടങ്ങാതെ വോട്ടുചെയ്യാനെത്തും. കര്‍ണ്ണാടകയില്‍ നിന്നും മലയാള ദേശത്തിലേക്ക് ഏഴ് ദശകങ്ങള്‍ക്ക് മുമ്പ് കുടിയേറി ഈ നാട്ടുകാരായി മാറിയവരുടെ ഒത്തുചേരല്‍ കൂടിയാണ് ഇവര്‍ക്ക് തെരഞ്ഞെടുപ്പ് കാലം. കര്‍ണ്ണാടക കേരള അതിര്‍ത്തി ഗ്രാമം ബാവലിയില്‍ നിന്നും വിളിപ്പാടകലെയുള്ള ഗ്രാമത്തിലെ ഏക സര്‍ക്കാര്‍ വിദ്യാലയമാണ് പോളിങ്ങ് ബൂത്ത്. പരസ്പരം കന്നട ഭാഷയില്‍ പരിചയം പുതുക്കിയും വിശേഷങ്ങള്‍ പറഞ്ഞും ഇവര്‍ ഈ തെരഞ്ഞെടുപ്പ് കാലത്തെയും സജീവമാക്കി. കൃഷിയും കന്നുകാലി വളര്‍ത്തലും പാരമ്പര്യ തൊഴിലായി സ്വീകരിച്ച ഒരു കൂട്ടം ഗ്രാമവാസികളുടെയും ഇടമാണിത്. വേട ഗൗഡ, ബഗുഡ വിഭാഗത്തിലുള്ളവരും അടിയ, പണിയ, കാട്ടുനായ്ക്ക കുടുംബങ്ങളും മുപ്പത് ശതമാനത്തോളം പൊതുവിഭാഗത്തിലുള്ളവരുടെയും നാടാണിത്. തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ഉള്‍പ്പെട്ട ബാവലി പോളിങ്ങ് ബൂത്തില്‍ 1266 വോട്ടര്‍മാരാണ് ആകെയുള്ളത്. ഇതില്‍ 658 സ്ത്രീ വോട്ടര്‍മാരും 565 പുരുഷ വോട്ടര്‍മാരുമാണുള്ളത്.ഗൗഡ കുടുംബത്തില്‍പ്പെട്ട നാല്‍പ്പതോളം കുടുംബങ്ങള്‍ക്കും ഈ ബൂത്തിലാണ് വോട്ടുള്ളത്. മലയാളവും കന്നട ഭാഷയുമെല്ലാം ഒരു പോലെ അറിയുന്ന ഈ ഗ്രാമത്തിലെ അങ്കണവാടി അധ്യാപിക കൂടിയായ പി.സി.വത്സലയാണ് ബൂത്ത് ലെവല്‍ ഓഫീസര്‍. വോട്ടര്‍മാരെയും അവരുടെ വീടുകളുമെല്ലാം സുപരിചിതമായ ഇവര്‍ വോട്ടര്‍മാര്‍ക്ക് സ്ലിപ് നല്‍കാനും ബൂത്ത് കാണിച്ച് നല്‍കാനുമെല്ലാം മുന്നിലുണ്ട്. കര്‍ണ്ണാടകയിലെ ചിത്രദുര്‍ഗ്ഗയില്‍ നിന്നുമാണ് വേടഗൗഡര്‍ കബനിക്കരിയിലേക്ക് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പലായനം ചെയ്ത് എത്തിയത്. ഇവരുടെ പുതിയ തലമുറകളാണ് ബാവലയിലും ഷാണമംഗലത്തുമെല്ലാം പിന്നീട് താമസമാക്കിയത്. അതിനൊപ്പം മറ്റു കുടുംബങ്ങളും ഈ ഗ്രാമത്തിലേക്ക് ചേക്കേറി. അതിര്‍ത്തിക്കപ്പുറം കര്‍ണ്ണാടക ഗ്രാമങ്ങളില്‍ കൃഷി തകൃതിയാകുന്ന കാലമാണ്. ഇതിനെല്ലാം ഒരു ദിനം അവധി നല്‍കിയാണ് വോട്ട് ചെയ്യാന്‍ പലരും ബാവലിയിലെ വിദ്യാലയത്തിലെത്തിയത്. കഴിഞ്ഞ തവണ 90 ശതമാനം പേരും വോട്ടുചെയ്തിരുന്നു. ഇത്തവണയും വലിയ മാറ്റമില്ലാതെ ബാവലിയും പോളിങ്ങ് ബൂത്തിലെത്തിമടങ്ങി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *