December 13, 2024

കതിരണിഞ്ഞ് ചേകാടി; വോട്ടുമുടക്കാതെ വനഗ്രാമം

0
Img 20241113 185633

 

സുഗന്ധം വിളഞ്ഞ പാടത്ത് വോട്ടെടുപ്പിന്റെയും ഉത്സവം. കതിരണിഞ്ഞ നെല്‍പ്പാടം കടന്ന് കാടിന് നടുവിലെ ചേകാടിയും അതിരാവിലെ ബൂത്തിലെത്തി. നൂറ് വര്‍ഷം പിന്നിട്ട ചേകാടിയിലെ ഏക സര്‍ക്കാര്‍ എല്‍.പി സ്‌കൂള്‍ തന്നെയായിരുന്നു ഇത്തവണയും പോളിങ്ങ് ബൂത്തായത്. വനഗ്രാമത്തിലെ തണുപ്പിനെയും മറികടന്ന് വോട്ടെടുപ്പില്‍ തുടക്കം മുതലെ സ്ത്രീ വോട്ടര്‍മാരുടെ നീണ്ട നിരയുണ്ടായിരുന്നു. വയനാട് ലോക്സഭാ മണ്ഡലത്തില്‍ 94 ശതമാനം ആദിവാസി വോട്ടര്‍മാരുള്ള ചേകാടിക്ക് ഈ തെരഞ്ഞെടുപ്പ് കാലവും ആഘോഷമായിരുന്നു. വയലില്‍ നാട്ടിപ്പണി കഴിഞ്ഞ് കൊയ്ത്തുകാലമാകുന്നത് വരെയാണ് ചേകാടിയുടെ വിശ്രമകാലം. ഈ ഇടവേളയിലാണ് വീണ്ടുമൊരു തെരഞ്ഞെടുപ്പും എത്തുന്നത്. ഗ്രാമവാസികളെല്ലാം നാട്ടില്‍ തന്നെയുണ്ട്. വോട്ടുമുടക്കാതെ ബൂത്തിലെത്താന്‍ കാടിറങ്ങിയും ഗ്രാമവാസികളുടെ നീണ്ട നിരയുണ്ടായിരുന്നു. വിദൂരത്തുള്ള കോളനികളില്‍ നിന്നെല്ലാം വോട്ടര്‍മാര്‍ക്കായി വാഹനങ്ങളും പ്രദേശികമായി ഏര്‍പ്പെടുത്തിയിരുന്നു. 1210 വോട്ടര്‍മാരാണ് ഈ ഗ്രാമത്തിലുള്ളത്. ഇതില്‍ 20 വോട്ടര്‍മാര്‍ ഹോം വോട്ടിങ്ങ് സംവിധാനത്തെ ഉപയോഗപ്പെടുത്തി. 565 പുരുഷ വോട്ടര്‍മാരും 645 സ്ത്രീ വോട്ടര്‍മാരുമാണ് ഇത്തവണ വോട്ടര്‍ പട്ടികയിലുള്ളത്. വനഗ്രാമമായതിനാല്‍ പ്രത്യേക സുരക്ഷ സംവിധാനത്തിലായിരുന്നും ചേകാടിയിലെയും വോട്ടെടുപ്പ്. താഴശ്ശേരി, ചന്ത്രോത്ത്, കുണ്ടുവാടി തുടങ്ങി കാടിന്റെ കരയിലുള്ള ഗോത്ര സങ്കേതങ്ങളില്‍ നിന്നുള്ളവരെല്ലാം ഉച്ചയ്ക്ക് മുമ്പേ ബൂത്തിലെത്തി വോട്ട് ചെയ്ത് മടങ്ങി. അടിയ, പണിയ, കാട്ടുനായ്ക്ക കുടുംബങ്ങളും വയനാടന്‍ ചെട്ടി കുടുംബങ്ങളുമെല്ലാം ചേര്‍ന്നതാണ് ചേകാടിയിലെ വോട്ടര്‍ പട്ടിക. വനത്താല്‍ ചുറ്റപ്പെട്ട ഈ ഗ്രാമം മറ്റൊരു കൊയ്ത്തുകാലത്തെയും വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. ഇതിനിടയിലെത്തിയ തെരഞ്ഞെടുപ്പിലും ചേകാടി ആവേശത്തോടെഅണിനിരന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *