വഴിയില്ലാതെ ഒറ്റപ്പെട്ട് 50ഓളം കുടുംബം
പുൽപള്ളി: ബന്ദിപ്പൂർ കടുവ സങ്കേതത്തിന്റെ അതിർത്തിയിൽ വഴിയില്ലാതെ ഒറ്റപ്പെട്ട് അൻപതോളം കുടുംബങ്ങൾ. കസേരയിലും കട്ടിലിലും ചുമന്നാണ് രോഗികളെ ആശുപത്രിയിലെത്തിക്കുന്നത്. നടന്നുപോകാനൊരു വഴിപോലുമില്ലാതെയാണ് ഈ പ്രദേശത്തുകാരുടെ ജീവിതം. ചണ്ണോത്തുകൊല്ലി ഗോത്രസങ്കേതത്തിൽ 22 വീടുകളും ജനറൽ വിഭാഗത്തിൽ 15 വീടുകളുമുണ്ട്. ചണ്ണോത്തുകൊല്ലി സ്കൂൾ പരിസരത്തുനിന്നാരംഭിക്കുന്ന ടാർറോഡ് താഴവയൽക്കരയിൽ അവസാനിക്കും.പിന്നീട് 2 അടിപോലുമില്ലാത്ത വരമ്പും വഴിച്ചാലും മാത്രം. പലരുടെയും സ്ഥലത്തിന്റെ അതിരിലൂടെ വളഞ്ഞുതിരിയുന്ന വഴി പണിയസങ്കേതത്തിൽ
അവസാനിക്കും.
വയൽക്കരയിലൂടെ 600 മീറ്റർ റോഡ് നിർമിക്കാനുണ്ട്. അതിനു സ്‌ഥലം വിട്ടുകിട്ടാത്തതാണ് പ്രശ്നം. ഒന്നുരണ്ടിടങ്ങളിലെ തടസ്സം നീക്കിയാൽ വീതിയിൽ റോഡ് നിർമിക്കാനാവും. തുണ്ടുഭൂമിയിൽ കഴിയുന്നവരായതിനാൽ റോഡിനായി കൂടുതൽ സ്‌ഥലം നൽകാനാവില്ലെന്ന അഭിപ്രായക്കാരുമുണ്ട്. ഇവിടത്തെ രോഗികളെ നാട്ടുകാർ കസേരയിലിരുത്തിയാണ് വാഹനമെത്തുന്നിടത്തെത്തിക്കുന്നത്.
ഒരുലോഡ് കല്ലോ, മണലോയെത്തിക്കാൻ കഴിയാത്തതിനാൽ ഇവിടേക്ക് അനുവദിക്കുന്ന വീടുകളുടെ പണികളും മുടങ്ങി.
തലച്ചുമടായാണ് അത്യാവശ്യസാധനങ്ങളെല്ലാമെത്തിക പതിറ്റാണ്ടുകളായി ഒരുവഴിക്കുവേണ്ടി കാത്തിരിക്കുകയാണെന്നും മാറിമാറി ഭരിക്കുന്നവർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നുമാണ് നാട്ടുകാരുടെ പരാതി. മഴക്കാലമായാൽ പുഴയോരത്തെ വീടുകളിൽ നടന്നെത്താനാവാത്ത അവസ്‌ഥ. കണ്ണുതെറ്റിയാൽ തെന്നിവീഴും. സ്ക്‌കൂളിൽ പോകുന്ന കുട്ടികൾ പലപ്പോഴും വയലിലെ ചെളിയിൽ വീണു കുതിർന്നാണ് മടങ്ങിയെത്തുന്നതെന്ന് രക്ഷിതാക്കൾ പറയുന്നു.
12 ലക്ഷം
അനുവദിച്ചെന്ന് പഞ്ചായത്ത് ഈ പാതനിർമാണവുമായി ചില തർക്കങ്ങൾ നിലനിൽക്കുന്നതിനാൽ ആരംഭ ഭാഗത്ത് നിർമാണം നടക്കാത്ത സാഹചര്യത്തിൽ അതിനപ്പുറമുള്ള ഭാഗം കോൺക്രീറ്റ് ചെയ്യാൻ ബ്ലോക്ക്പഞ്ചായത്ത് 12 ലക്ഷം രൂപ അനുവദിച്ചെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വിജയൻ അറിയിച്ചു. റോഡിനാവശ്യമായ സ്ഥലം നൽകാൻ ഒരുവ്യക്തി തയാറല്ല. പലവട്ടം സംസാരിച്ചെങ്കിലും സ്ഥലം വിട്ടുനൽകാൻ തയാറാവാത്ത സാഹചര്യത്തിലാണ് വീതിയുള്ള ഭാഗം നന്നാക്കാൻ തീരുമാനിച്ചത്. ഭൂമിവിട്ടുകിട്ടുന്ന മുറയ്ക്ക് ബാക്കിഭാഗവും കോൺക്രീറ്റ് ചെയ്യുമെന്ന് പ്രസിഡൻ്റ് അറിയിച്ചു.
Leave a Reply