വെണ്ണിയോട് മോഷണം പ്രതി പോലീസിന്റെ പിടിയിൽ.
കമ്പളക്കാട് : വെണ്ണിയോട് പ്രദേശത്തെ മുഴുവൻ ഭീതിയിലാക്കി വെണ്ണിയോട് ടൗണിന് അടുത്ത് നടന്ന കളവ് കേസിലെ പ്രതി പോലീസിൻ്റെ പിടിയിലായി. നിരവധി മോഷണക്കേസുകളിൽ പ്രതിയായ പടിഞ്ഞാറത്തറ കുന്നത്ത് വീട്ടിൽ ഇജിലാൽ എന്ന അപ്പു(30)വിനെയാണ് കൽപ്പറ്റ ഡിവൈ.എസ്.പി ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഈ മാസം 22 ആം തീയതി പുലർച്ചെയാണ് വെണ്ണിയോട് സ്വദേശിയായ മോയിൻഹാജിയുടെ വീട്ടിൽ മോഷണം നടന്നത്. മകളെ വിദേശത്തേക്ക് യാത്ര അയക്കുന്നതിന് വേണ്ടി കണ്ണൂർ എയർപോർട്ടിലേക്ക് കുടുംബസമേതം പോയ സമയത്താണ് വീടിൻ്റെ വാതിൽ പൊളിച്ച് അലമാര കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവർന്നത്.
മോഷ്ടിക്കപ്പെട്ട സ്വർണാഭരണങ്ങൾ മാനന്തവാടിയിലെ ജ്വല്ലറിയിൽ നിന്നും പോലീസ് കണ്ടെടുത്തു. മോഷണ ശേഷം ഇയാൾ മൈസൂർ, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ റൂമുകൾ എടുത്ത് താമസിച്ചു വരികയായിരുന്നു.
ശാസ്ത്രീയവും പഴുതുകൾ അടച്ചുമുള്ള അന്വേഷണത്തിലൂടെയാണ് പോലീസ് പ്രതിയിലേക്കെതിയത്. ആരാധനാലയങ്ങളിലെ നേർച്ചപ്പെട്ടികൾ കുത്തിത്തുറന്ന് മോഷണം നടത്തിയതിന് വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇജിലാലിനെതിരെ കേസുകൾ ഉണ്ട്.
വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ പി എസിന്റെ നിർദേശപ്രകാരം കൽപ്പറ്റ ഡി.വൈ.എസ്.പി ബിജുരാജിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്.
15.11.2024 രാത്രിയോടെ കമ്പളക്കാട്, ചുണ്ടക്കര, പൂളക്കൊല്ലി എന്ന സ്ഥലത്തുള്ള എസ്റ്റേറ്റ് ഗോഡൗണിൽ അതിക്രമിച്ചു കയറി ജോലിക്കാരന്റെ കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി കാപ്പിയും കുരുമുളകും കവർന്ന കേസിൽ സഹോദരങ്ങളായ കോഴിക്കോട്, പൂനൂർ, കുറുപ്പിന്റെക്കണ്ടി പാലംതലക്കൽ വീട്ടിൽ അബ്ദുൾ റിഷാദ്(29), കെ.പി. നിസാർ(26) എന്നിവരെ ഇതേ അന്വേഷണ സംഘം കഴിഞ്ഞ ദിവസം കോഴിക്കോട് കുന്നമംഗലത്ത് വെച്ച് പിടികൂടിയിരുന്നു. കമ്പളക്കാട് ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ എം.എ സന്തോഷ്, സബ് ഇൻസ്‌പെക്ടർ പി സി റോയ്, അസി സബ് ഇൻസ്‌പെക്ടർ ആനന്ദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സി.കെ. നൗഫല്‍, കെ.കെ. വിപിന്‍, നിസാർ, സെന്തവിൻ സെൽവം, സിവില്‍ പോലീസ് ഓഫീസര്‍മാരായ വി.പി. ജിഷ്ണു, മുഹമ്മദ് സക്കറിയ, കിരൺ, ഉനൈസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Leave a Reply