December 13, 2024

പാഴ് വാക്കായി സ്പോർട്സ് കൗൺസിലിന്റെ വാക്ക്; ഹോസ്റ്റലുകൾ അടച്ചു പൂട്ടൽ ഭീഷണിയിൽ 

0
Img 20241130 113731

 

കൽപറ്റ:കേരള സംസ്ഥാനസ്പോർട്സ് കൗൺസിലിന്റെ

വാക്ക് പാഴായതോടെ ഹോസ്റ്റലുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. മാസങ്ങളായി പണം ലഭിക്കാത്തതിനാൽ ഡിസംബർ ഒന്നുമുതൽ സാധനങ്ങൾ നൽകില്ലെന്ന് വ്യാപാര സ്‌ഥാപനങ്ങൾ അറിയിച്ചിരിക്കുകയാണ്. ഇതോടെ വയനാട് ജില്ലയിലെ കേരള സ്പോർട്‌സ് കൗൺസിൽ ഹോസ്റ്റ‌ലുകൾ ഡിസംബർ ഒന്നു മുതൽ അടച്ചുപൂട്ടേണ്ടി വരും. മറ്റു പല ജില്ലകളുടെയും അവസ്ഥ സമാനമാണ്.വയനാട്ടിൽ പലചരക്ക് കടയിൽനിന്നു സാധനം വാങ്ങിയ വകയിൽ 15 ലക്ഷത്തോളം രൂപ നൽകാനുണ്ട്. ആറു മാസമായി തുക നൽകിയിട്ട്. ഇത്രയും വലിയ തുക കിട്ടാനുള്ളതിനാൽ പുതിയ ചരക്ക് ഇറക്കുന്നതിനുൾപ്പെടെ കടക്കാർ പ്രതിസന്ധി നേരിടുകയാണ്. ഇറച്ചിക്കടകളിലും ഗ്യാസ് സെന്ററുകളിലും ലക്ഷങ്ങൾ നൽകാനുണ്ട്. അതിനാൽ ഡിസംബർ മുതൽ ഇവരും വിതരണം നിർത്തും. ഇതിനിടെ നാല് മാസമായി താൽകാലിക അധ്യാപകർക്കും ഹോസ്റ്റൽ വാർഡൻമാർക്കും പാചകക്കാർക്കും ശമ്പളം ലഭിച്ചിട്ട്.ഹോസ്റ്റൽ ഭക്ഷണത്തിനുള്ള തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് 22ന് സ്പോർട്‌സ് കൗൺസിൽ ഹോസ്‌റ്റൽ താരങ്ങൾ രാപകൽ സമരത്തിന് ആഹ്വാനം ചെയ്തിരുന്നു. നവംബർ 30നുള്ളിൽ മുഴുവൻ തുകയും അനുവദിക്കുമെന്നാണ് സംസ്‌ഥാന സ്പോർട്‌സ് കൗൺസിൽ അറിയിച്ചത്. ഇതേത്തുടർന്ന് സമരം പിൻവലിക്കുകയായിരുന്നു. നവംബർ മുപ്പതിനും പണം ലഭിക്കില്ലെന്ന് ഉറപ്പായി. ഇതോടെ ഡിസംബർ ഒന്നു മുതൽ പല ഹോസ്‌റ്റലുകളിലും ഭക്ഷണം വിതരണം ചെയ്യാൻ സാധിക്കാത്ത സാഹചര്യം ഉടലെടുക്കും.

 

ഇപ്പോൾ തന്നെ പല ഹോസ്റ്റലുകളിലും മെനു അനുസരിച്ചുള്ള ഭക്ഷണം നൽകാൻ സാധിക്കുന്നില്ല.

 

നാല് മാസമായി ശമ്പളം മുടങ്ങിയതോടെ കരാർ പരിശീലകരും വാർഡൻമാരും കുക്കുമാരും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.

 

സംസ്ഥാനത്ത് എഴുപതോളം പരിശീലകരാണ് കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നത്. പലരും മറ്റു പല ജില്ലകളിലുമാണ് ജോലി ചെയ്യുന്നത്. താമസ സ്ഥലത്തെ വാടക കൊടുക്കാൻ പോലും സാധിക്കാത്ത അവസ്‌ഥയിലാണ് ഇവർ. ഹോസ്റ്റൽ വാർഡനാണ് സാധനങ്ങൾ വാങ്ങുന്നതിന്റെ ചുമതല. കച്ചവടക്കാർ പണം ആവശ്യപ്പെട്ട് വാർഡൻമാരെയാണ് നിരന്തരം വിളിക്കുന്നത്. ശമ്പളം പോലും കിട്ടാത്ത ഇവർ എന്തുമറുപടി പറയണമെന്നറിയാതെ വലയുകയാണ്. പല ഹോസ്റ്റലുകളിലുംവ്യാപാരികളുടെ കാരുണ്യം കൊണ്ടാണ് കുട്ടികൾ ഭക്ഷണം കഴിക്കുന്നത്.

സ്‌ഥിരം ജീവനക്കാർ ശമ്പളം കിട്ടാതെ വന്നാൽ പണി മുടക്കുകയും പ്രത്യക്ഷ സമരത്തിലേക്ക് ഇറങ്ങുകയും ചെയ്യും. പിരിച്ചുവിടുമെന്ന ഭയത്താൽ താൽക്കാലിക ജീവനക്കാർ സമരത്തിനിറങ്ങാൻ മടിച്ചു നിൽക്കുകയാണ്. പത്ത് മാസത്തേക്കായിരുന്നു ആദ്യം കരാർ ഏർപെടുത്തിയിരുന്നത്.ജീവനക്കാർ സമരത്തിനിറങ്ങാൻ മടിച്ചു നിൽക്കുകയാണ്. പത്ത് മാസത്തേക്കായിരുന്നു ആദ്യം കരാർ ഏർപ്പെടുത്തിയിരുന്നത്. പിന്നീട് അത് ചുരുക്കി 6 മാസമാക്കി. ഒരു വർഷത്തോളമായി ശമ്പളം മുടങ്ങുന്നു. ആദ്യമാണ് നാല് മാസമായി ശമ്പളം ലഭിക്കാതെ വരുന്നത്. ഇതിനിടെ ചിലർ മറ്റു ജോലികൾ തേടിപ്പോയി. അതേ സമയം, ഹോസ്‌റ്റലുകൾ പൂട്ടേണ്ടി വന്നാൽ ശക്‌തമായ സമരം ആരംഭിക്കുമെന്ന് കായിക താരങ്ങൾ അറിയിച്ചു. ഓരോ ജില്ലകളിലും അഞ്ചോളം ഹോസ്റ്റലുകളാണുള്ളത്. ആയിരത്തി ഇരുന്നൂറോളം വിദ്യാർഥികളാണ് ഹോസ്‌റ്റലുകളിലുള്ളത്.

 

 

ഹോസ്റ്റലുകൾക്കാവശ്യമായ തുക അനുവദിച്ചുവെന്നും അടുത്ത ആഴ്ച തന്നെ വിതരണം ചെയ്യുമെന്നും കേരള സംസ്ഥാന സ്പോർട്‌സ് കൗൺസിൽ തിരുവനന്തപുരം ഓഫിസിൽ നിന്ന് അറിയിച്ചു. ഏതാനും ചില സാങ്കേതിക നടപടികൾ പൂർത്തിയാകാനുണ്ട്. അതുകഴിഞ്ഞാൽ ഉടൻ തന്നെ പണം നൽകുമെന്നും ഹോസ്‌റ്റലുകൾ അടച്ചിടേണ്ട സാഹചര്യമില്ലെന്നും അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *