June 19, 2026

ഉരുള്‍ദുരന്തം: കേന്ദ്രസര്‍ക്കാര്‍ ഉപാധികളോടെ പണം അനുവദിച്ചത് അന്യായം: അഡ്വ. ടി സിദ്ധിഖ് എം എല്‍ എ

0
Img 20250214 213504
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഉപാധികളോടെ പണം അനുവദിച്ചത് തികഞ്ഞ അന്യായമാണ് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ദുരന്തബാധിതരോട് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച സമീപനങ്ങള്‍ മുഴുവന്‍ അധാര്‍മികവും മനുഷ്യത്വരഹിതവുമാണ്. പ്രധാനമന്ത്രി ദുരന്തമേഖലകളും ആശുപത്രിയും ദുരിതാശ്വാസക്യാമ്പുകളും സന്ദര്‍ശിച്ച ശേഷം കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ പറഞ്ഞത് കൂടെയുണ്ടാകുമെന്നായിരുന്നു. എന്നാല്‍ അടിയന്തരസഹായം അനുവദിക്കാന്‍ പോലും തയ്യാറായില്ല. 529.50 കോടി രൂപ കാലാവധി നിശ്ചയിച്ച് തിരിച്ചടക്കണമെന്ന വ്യവസ്ഥയോടെ നല്‍കുന്നത് നീതികരിക്കാനാവില്ല. ഈ സമീപനം ഫെഡറലിസത്തിന് നിരക്കാത്തതാണ്. പണം നല്‍കുന്ന കാര്യത്തില്‍ ജന്മിയുടെ സ്വഭാവം കാണിക്കുന്ന കേന്ദ്രസമീപനം അംഗീകരിക്കാനാവില്ല. കേന്ദ്രസര്‍ക്കാരിന്റെ ഈ സമീപനം മാറ്റുന്നതിനായി കേരളം ഒരുമിച്ച് ഒറ്റക്കെട്ടായി നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും, പ്രിയങ്കാഗാന്ധി എം പിയും, എം എല്‍ എ എന്ന നിലയില്‍ താനും കേന്ദ്രസര്‍ക്കാരിന് നിവേദനങ്ങള്‍ നല്‍കുകയും നിരവധിയായ സമ്മര്‍ദ്ദങ്ങള്‍ ചെലുത്തുകയും ചെയ്തു. ഒരു മഹാദുരന്തം നടന്നിട്ട് അതിലെ ദുരന്തബാധിതരുടെ പുനരധിവാസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിരവേറ്റാനുള്ള സാമ്പത്തികസഹായത്തിനായി ഇത്രയേറെ പരിശ്രമിക്കേണ്ടി വരുന്നത് നീതികരിക്കാനാവാത്ത കാര്യമാണ്. ദുരന്തസമയത്തും രാഷ്ട്രീയസമീപനം കാണിക്കുന്ന ഈ കേന്ദ്രനടപടി അംഗീകരിക്കാനാവില്ലെന്നും എം എല്‍ എ പറഞ്ഞു. പലിശരഹിത വായ്പ, തിരിച്ചടവിന് 50 വര്‍ഷത്തെ കാലാവധി എന്നിങ്ങനെയുള്ള ഉപാധികള്‍ കേരളത്തിന് മാത്രമാണ് വെച്ചിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കുമ്പോള്‍ ഇത്തരം ഉപാധികളില്ല. സുനാമി, ഓഖി പോലുള്ള ദുരന്തങ്ങളുണ്ടായപ്പോള്‍ ഉത്തരം നിബന്ധനകളുണ്ടായിരുന്നില്ല. ഈ സമീപനം തിരുത്തിക്കുന്നതിനായി ശക്തമായ സമ്മര്‍ദ്ദം എം പിമാരുടെ ഭാഗത്ത് നിന്നുണ്ടാകും. സര്‍ക്കാരും ഇതിനായി ശ്രമം നടത്തണം. അതിന് പൂര്‍ണപിന്തുണയുണ്ടാകുമെന്നും സിദ്ധിഖ് പറഞ്ഞു. ദുരന്തബാധിതര്‍ക്കായി വയനാടിന് പാക്കേജ് അനുവദിക്കാത്തതിന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സമരം നടത്തിയാല്‍ ആദ്യം അഭിവാദ്യം അര്‍പ്പിക്കുന്നത് താനായിരിക്കും. സുരേന്ദ്രനെ ഷാളണിയിക്കും, മാത്രമല്ല, ആ വേദിയില്‍ സംസാരിക്കാന്‍ തയ്യാറാണെന്നും വയനാടിന് പാക്കേജ് അനുവദിച്ചില്ലെങ്കില്‍ സമരം നടത്തുമെന്ന കെ സുരേന്ദ്രന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി സിദ്ധിഖ് പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *