അതിർത്തി ഗ്രാമങ്ങളിലെ പാൽ സംഭരിക്കാനാകാതെ മിൽമ
പുൽപ്പള്ളി മൈസൂരു ജില്ലാക്ഷീരസംഘത്തിൻ്റെ കർശന താക്കീത്
വന്നതോടെ അതിർത്തിയിൽനിന്ന് പാൽസ്വീകരിക്കാനാവാതെ മിൽമ. ഇതോടെ കേരള–കർണാടക അതിർത്തി ഗ്രാമങ്ങളിലെ നുറോളം ക്ഷീരകർഷകരുടെ പാൽ വിതരണം പ്രതിസന്ധിയിലായി. കർണാടക അതിർത്തി ഗ്രാമങ്ങളിലെ കർഷകർ കേരളത്തിലെ ക്ഷീരസംഘങ്ങളിൽ നൽകുന്ന പാൽ സംഭരിക്കരുതെന്നാണ് നിർദേശം. മൈസൂരു ജില്ലാ സഹകരണ പാലുൽപ്പാദന സൊസൈറ്റി എംഡി മിൽമയുടെ മലബാർ മേഖല എംഡിക്കാണ് രേഖാമൂലം കത്തുനൽകിയത്. ജനുവരി 20നാണ് കത്തുനൽകിയത്. എന്നാൽ മിൽമ നടപടി സ്വീകരിച്ചിരുന്നില്ല. എന്നാൽ നിയന്ത്രണം കർശനമാക്കിയതോടെ വെള്ളി മുതൽ പാൽ സംഭരണം അവസാനിപ്പിക്കാൻ മിൽമ തീരുമാനിക്കുകയായിരുന്നു. കാട്ടിക്കുളം, പെരിക്കല്ലൂർ, കബനിഗിരി എന്നീ ക്ഷീരസംഘങ്ങളിലാണ് കർണാടകത്തിലെ കർഷകർ പാൽ നൽകിയിരുന്നത്. 30 വർഷമായി അതിർത്തി ഗ്രാമങ്ങളിലെ കർഷകർ കേരളത്തിലാണ് പാൽ നൽകുന്നത്. കബനിഗിരി സംഘത്തിൽ മാത്രം 50 കർഷകർ 300 ലിറ്റർ പാൽ പ്രതിദിനം നൽകിയിരുന്നു. കൂടുതൽ വിലലഭിക്കുന്നതും എളുപ്പത്തിൽ എത്തിക്കാൻ കഴിയുന്നു എന്നതുമാണ് മിൽമയ്ക്ക് പാൽ നൽകാൻ അതിർത്തി ഗ്രാമങ്ങളിലെ കർഷകരെ പ്രേരിപ്പിക്കുന്നത്. 25–30 രൂപയാണ് ഒരു ലിറ്റർ പാലിന് കർണാടകത്തിലെ വില. കേരളത്തിലെ ക്ഷീരസംഘങ്ങൾ 40—45 രൂപ നൽകുന്നുണ്ട്. മാന്യമായ വില നൽകി പാൽ സ്വീകരിക്കാൻ പദ്ധതി തയ്യാറാക്കാതെ മിൽമയുടെ പാൽ സംഭരണത്തിന് തുരങ്കംവച്ച മൈസൂരു ക്ഷീരസംഘത്തിന്റെ നടപടിയിൽ വ്യാപക പ്രതിഷേധമുണ്ട്. മച്ചൂര് തോണിക്കടവിൽ പാലുമായെത്തിയാണ് അതിർത്തിയിലെ കർഷകർ പ്രതിഷേധിച്ചത്. മൈസൂരു സംഘം നൽകിയ നിയന്ത്രണം പിൻവലിക്കുകയാണെങ്കിൽ പാൽ സംഭരിക്കുന്നതിന് പ്രയാസമില്ലെന്ന് കേരളത്തിലെ ക്ഷീരസംഘങ്ങൾ കർഷകരെ അറിയിച്ചിട്ടുണ്ട്.





Leave a Reply