May 7, 2026

പുനരധിവാസവുമായി ബന്ധപ്പെട്ട് മൂന്നാംകിട പൊറാട്ട് നാടകമാണ് കൽപ്പറ്റ എംഎൽഎ നടത്തുന്നത് :കെ റഫീഖ് 

0
Ei2brv557363
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് മൂന്നാംകിട പൊറാട്ട് നാടകമാണ് കൽപ്പറ്റ എംഎൽഎ ടി സിദ്ധിഖ് നടത്തുന്നത്. ദുരന്തബാധിതരെ തെറ്റിദ്ധരിപ്പിച്ച് സംസ്ഥാന സർക്കാരിനെതിരെ രംഗത്തിറക്കാൻ ടി സിദ്ധിഖ് നടത്തുന്ന ശ്രമങ്ങൾ വയനാട്ടിലെ ബഹുജനങ്ങളും ദുരന്തബാധിതരും തികഞ്ഞ ജാഗ്രതയോടെ തിരിച്ചറിയേണ്ടതുണ്ട്.

തെറ്റായ പ്രചാരവേലയിലൂടെ ദുരന്തബാധിതരെ പരിഭ്രാന്തിയിലാക്കി പുനരധിവാസ പ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കുക എന്നതാണ് ടി സിദ്ധിഖ് ലക്ഷ്യം വെക്കുന്നത്.

 

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ എൽഡിഎഫ് സമരമുഖത്താണ്. ഈയൊരു ഘട്ടത്തിൽ കേന്ദ്രത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുകയോ എൽഡിഎഫ് നടത്തുന്ന സമരങ്ങളോട് അനുഭാവം പ്രകടിപ്പിക്കുകയോ ചെയ്യേണ്ട സ്ഥലം എംഎൽഎ ഇപ്പോൾ എടുക്കുന്നത് യൂദാസിൻ്റെ പണിയാണ്. കേന്ദ്രത്തിനെതിരെയുള്ള സമരം തണുപ്പിക്കാനും സംസ്ഥാന സർക്കാരിനെതിരെ ദുരന്തബാധിതരെ ഇളക്കിവിടാനും അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ടി സിദ്ധിഖ് പ്രചരിപ്പിക്കുന്നത്.

 

മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ പരിക്കേറ്റവരുടെ തുടർ ചികിത്സയ്ക്ക് പൂർണ്ണ തോതിലുള്ള ക്രമീകരണം സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടില്ല എന്നതാണ് കൽപ്പറ്റ എംഎൽഎയുടെ ഒരു ഉണ്ടായില്ലാ വെടി. അർഹരായ ദുരന്തബാധിതർക്ക് നൽകി വരുന്ന 300 രൂപ ദിനബത്ത നിർത്തലാക്കി എന്നതാണ് മറ്റൊരു കള്ള പ്രചാരണം. വീടിന് അർഹരായവരുടെ ലിസ്റ്റ് സംബന്ധിച്ചും അസത്യ പ്രചരണത്തിലൂടെ എംഎൽഎ പരിഭ്രാന്തി പരത്തുന്നു.

 

ദുരന്ത ബാധിതരെ ആശങ്കയിലാഴ്ത്തി സർക്കാർ വിരുദ്ധവികാരം ഉണ്ടാക്കുക എന്നത് മാത്രമാണ് സിദ്ധിഖ് നടഞ്ഞുന്ന കള്ള പ്രചാരണങ്ങളുടെ യഥാർത്ഥ ലക്ഷ്യം.

 

ദുരന്തബാധിതരുടെ ചികിത്സയുമായി ബന്ധപ്പെട്ട് ഒരു അനിശ്ചിതത്വവും നിലവിലില്ല. തുടർ ചികിത്സ ആവശ്യമുള്ളവരുടെയും അടിയന്തിര ചികിത്സ ആവശ്യമുള്ളവരുടെയും സൗകര്യങ്ങളെ സംബന്ധിച്ച് ജില്ലാ കളക്ടർ ഒരു രേഖ തയ്യാറാക്കിയിട്ടുണ്ട്. സർക്കാർ അത് അടിയന്തിര വിഷയമായി പരിഗണിച്ചിട്ടുണ്ട്. സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സയും സർക്കാർ ആശുപത്രികളിൽ നടത്താൻ കഴിയില്ലെന്ന് തോന്നുന്ന ദീർഘകാല ചികിത്സ ആവശ്യമുള്ളവർക്ക് മെഡിക്കൽ ബോർഡിനെ അറിയിച്ച് മെഡിക്കൽ ബോർഡ് ശുപാർശയോടെ സ്വകാര്യ ആശുപത്രികളിൽ ചികിത്സിക്കാവുന്നതാണ്. ഈ ചികിത്സയുടെ ബില്ല് ഡിഎംഒയ്ക്ക് സമർപ്പിച്ചാൽ അത് സ്വകാര്യ ആശുപത്രികൾക്ക് റീ എംബേഴ്സ് ചെയ്യാനുള്ള സൗകര്യങ്ങൾ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. അടിയന്തര ചികിത്സ ആവശ്യമുള്ളവർക്കും വേണ്ട സൗകര്യങ്ങൾ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.

 

300 രൂപ ദിനബത്ത ഒൻപത് മാസത്തേക്ക് കൂടെ തുടരാൻ തീരുമാനമെടുത്തിട്ടുണ്ട്.

വാടക വീടുകയിൽ കഴിയുന്ന ദുരന്തബാധിതർക്ക് സപ്ലൈക്കോയിൽ നിന്ന് പലചരക്ക് സാധനങ്ങളെല്ലാം വാങ്ങുന്നതിനായി ആയിരം രൂപയുടെ കൂപ്പൺ നൽകുന്നതിനുള്ള തീരുമാനം ആയിട്ടുണ്ട്.

 

ആദ്യഘട്ടത്തിൽ കൽപ്പറ്റ മുൻസിപ്പാലിറ്റിയിലെ എൽസ്റ്റൺ എസ്റ്റേറ്റിലാണ് വീടുകളടങ്ങിയ ടൗൺഷിപ്പ് നിർമ്മിക്കുക. ഇവിടെ വീടു വെയ്ക്കുന്നതിനായി അഞ്ച് സെൻ്റ് സ്ഥലം എന്നതിൽ നിന്നും ഏഴ് സെൻ്റായി വർദ്ധിപ്പിച്ചു. ദുരന്ത ബാധിതരിൽ വീടിനർഹരായവരുടെ ലിസ്റ്റിൽ ആദ്യ വിഭാഗത്തിൽപ്പെട്ടവരുടെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. രണ്ടാം വിഭാഗത്തിലെ എ കാറ്റഗറിയിൽ കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു, ബി കാറ്റഗറിയിലെ കരട് ലിസ്റ്റ് അടുത്ത ദിവസം പ്രസിദ്ധീകരിക്കും. ഇതിൽ ലഭിക്കുന്ന പരാതികൾ കൂടെ പരിശോധിച്ചാണ് അന്തിമ ലിസ്റ്റാക്കുക. മൂന്ന് ലിസ്റ്റിലുള്ളവർക്കും ഒറ്റ ഘട്ടമായിട്ടാണ് വീട് നിർമ്മിച്ച് നൽകുക.

 

ഈ നിലയിൽ സർക്കാർ ചെയ്തിട്ടുള്ള കാര്യങ്ങൾ റവന്യൂ വകുപ്പ് മന്ത്രി കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. ഒരു സംശയത്തിനും സാധ്യതയില്ലാതെ വളരെ സുതാര്യമായി ഈ വിഷയങ്ങളിൽ സർക്കാർ വ്യക്തത വരുത്തിയിട്ടുണ്ട്. ദുരന്തബാധിതരെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ടി സിദ്ധിഖിൻ്റെ നീക്കങ്ങളുടെ പൊള്ളത്തരമാണ് ഇതിലൂടെ തുറന്ന് കാണിക്കപ്പെട്ടത്.

 

പ്രിയപ്പെട്ട ദുരന്തബാധിതരായ സുഹൃത്തുക്കളെ ചേർത്ത് പിടിക്കുന്ന സംസ്ഥാന സർക്കാർ നിലപാടിനെ തെറ്റിദ്ധരിപ്പിച്ച് അവതരിപ്പിക്കുന്ന രാഷ്ട്രീയ നീക്കത്തെ കരുതിയിരിക്കുക. വയനാടിനെയും ദുരന്തബാധിതരെയും അവഗണിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ നടപടികൾക്കെതിരെ പ്രതിഷേധം ഉയരുമ്പോൾ ടി സിദ്ധിഖ് എന്ന ഒറ്റുകാരൻ്റെ നിലപാടുകൾ വയാനാട്ടുകാർ തിരിച്ചറിയുക തന്നെ ചെയ്യും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *