May 8, 2026

വയനാട് തുരങ്ക പാത നിർമാണം: സംസ്ഥാന പരിസ്ഥിതി  ആഘാത സമിതി അനുമതി  നൽകി

0
Img 20250304 Wa0076
By ന്യൂസ് വയനാട് ബ്യൂറോ

 

കല്പറ്റ :വയനാട് തുരങ്ക പാത നിർമാണത്തിന് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി അനുമതി നൽകി. 25 ഇന വ്യവസ്ഥകളോടെയാണ് അനുമതി നൽകിയത്. ഉരുൾപൊട്ടൽ സാധ്യത പ്രദേശത്തെ തുരങ്ക പാത നിർമാണം അതീവ ശ്രദ്ധയോടെ വേണമെന്ന് സമിതി നിർദേശിച്ചു.ആനക്കാംപൊയിൽ- കള്ളാടി-മേപ്പാടി തുരങ്ക പാത സംസ്ഥാന സർക്കാരിന്റെ ഒരു ഫ്ളാഗ് ഷിപ്പ് പദ്ധതിയാണ്. ഇതിന്റെ നിർമാണവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട അനുമതിയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ഇതിന് മുൻപ് പലവട്ടം പരിസ്ഥിതി ആഘാത സമിതിയുടെ യോഗത്തിൽ ഈ വിഷയം ഉയർന്നുവന്നിരുന്നു.

 

അന്നെല്ലാം വിശദീകരണം ചോദിച്ച് അനുമതി നൽകുന്നത് നീട്ടിവെയ്ക്കുകയായിരുന്നു.

 

കഴിഞ്ഞ വർഷം ഉരുൾ പൊട്ടൽ ഉണ്ടായ ചൂരൽമല, മുണ്ടക്കൈ എന്നിവ ഉൾപ്പെടുന്നതാണ് കള്ളാടിയോട് ചേർന്നുള്ള പരിസര പ്രദേശങ്ങൾ. വയനാട്ടിൽ തുരങ്കപാത എത്തുന്നത് ഇതിനോട് ചേർന്നുള്ള പ്രദേശത്താണ്. അതായത് വയനാട് തുരങ്കപാതയുടെ ഭാഗമായി വരുന്ന പ്രദേശമാണ് ചൂരൽമലയുടെ ഭാഗങ്ങൾ. അതിനാൽ ഉരുൾപൊട്ടൽ സാധ്യത പ്രദേശത്തെ തുരങ്ക പാത നിർമാണം അതീവ ശ്രദ്ധയോടെ വേണമെന്ന് നിർദേശിച്ച് കൊണ്ടാണ് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി പദ്ധതിക്ക് അനുമതി നൽകിയത്. ഈ പദ്ധതി വരുന്ന പ്രദേശങ്ങളായ കോഴിക്കോട്ടെ തിരുവമ്പാടിയും വയനാട്ടിലെ വെള്ളരിമലയും പരിസ്ഥിതി ദുർബല പ്രദേശമാണ്.

 

പൊതുമരാമത്ത് വകുപ്പ് ആണ് വയനാട് തുരങ്ക പാത നിർമാണത്തിന് അനുമതി തേടി സംസ്ഥാന പരിസ്ഥിതി ആഘാത സമിതിക്ക് അപേക്ഷ നൽകിയത്. കൊങ്കൺ റെയിൽവേയാണ് ഇതിന്റെ സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയി പ്രവർത്തിക്കുന്നത്. പാറ തുരക്കുന്നതിന് ഏറ്റവും മികച്ച സാങ്കേതിക വിദ്യകൾ ഉപയോഗിക്കണമെന്നും പരിസ്ഥിതി നാശം ഒഴിവാക്കണമെന്നും സംസ്ഥാന പരിസ്ഥിതി ആഘാത സമിതി നിർദേശിച്ചിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് പലവട്ടം വിശദീകരണം തേടിയ ശേഷമാണ് അനുമതി നൽകിയത്. വന്യജീവികളുടെയും ആദിവാസികൾ അടക്കമുളള മനുഷ്യരുടെയും പ്രശ്നങ്ങൾ പരിഗണിക്കണമെന്നും നിർദ്ദേശമുണ്ട്.

 

നിർദ്ദിഷ്ട തുരങ്കം പശ്ചിമഘട്ടത്തിലെ കുന്നുകൾക്കും വനങ്ങൾക്കും ഇടയിലൂടെയാണ് കടന്നുപോകുക. ഈ തുരങ്കപാത ആനക്കാംപൊയിലിനും മേപ്പാടിക്കും ഇടയിലുള്ള ദൂരം 42 കിലോമീറ്ററിൽ നിന്ന് 20 കിലോമീറ്ററിൽ താഴെയായി കുറയ്ക്കുകയും ചെയ്യും. നിർമാണം പൂർത്തിയാകുന്നതോടെ കൊച്ചിയും ബംഗളൂരുവും തമ്മിലുള്ള ദൂരം കുറയുകയും താമരശ്ശേരി ചുരത്തിലൂടെ സഞ്ചരിക്കാതെ വയനാട്, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുകയും ചെയ്യും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *