ഹെറോയിനും കഞ്ചാവുമായി പിടികിട്ടാപ്പുള്ളി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
കല്‍പ്പറ്റ: കല്‍പ്പറ്റയില്‍ അതിമാരക മയക്കുമരുന്നായ ഹെറോയിനും കഞ്ചാവുമായി മൂന്നുപേര്‍ എക്‌സൈസ് പിടിയില്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളിയും സംഘത്തിലുണ്ട്.കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ആഷിഖ് എം (31), തിരൂരങ്ങാടി സ്വദേശി ഫായിസ് മുബഷിര്‍ ടി (30), കൊണ്ടോട്ടി സ്വദേശി ജംഷാദ് ടി (23) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും ഒരു ഗ്രാം ഹെറോയിനും 50 ഗ്രാം കഞ്ചാവും കണ്ടെടുത്തു. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച കാറും മൊബൈല്‍ ഫോണും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷര്‍ഫുദ്ദീന്‍ ടി. യുടെ നേതൃത്വത്തിലുള്ള സംഘം കല്‍പ്പറ്റ ജനമൈത്രി ജംഗ്ഷനില്‍ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.മുഹമ്മദ് ആഷിഖ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളിയാണ്. മലപ്പുറം, എറണാകുളം ജില്ലകളില്‍ ഇയാള്‍ക്കെതിരെ മയക്കുമരുന്ന് കേസുകളുണ്ട്. 300 ഗ്രാം എം. ഡി. എം. എ കടത്തിയ കേസില്‍ കൊച്ചി സിറ്റി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.പ്രിവന്റീവ് ഓഫീസര്‍ ലത്തീഫ് കെ. എം, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി. പി. ശിവന്‍, സജിത്ത് പി. സി, വിഷ്ണു കെ. കെ, അന്‍വര്‍ സാദിഖ്, സുദീപ് ബി, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സൂര്യ കെ. വി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. മയക്കുമരുന്ന് വില്‍പ്പന സംഘത്തിലെ മറ്റ് കണ്ണികളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് എക്‌സൈസ് അറിയിച്ചു.




Leave a Reply