കേന്ദ്ര തീരുമാനത്തിൽ പ്രതിഷേധം; സുൽത്താൻബത്തേരിയിൽ അങ്കണവാടി ജീവനക്കാരുടെ കരിദിന ധർണ നടത്തി
സുൽത്താൻബത്തേരി: അങ്കണവാടി ജീവനക്കാർക്ക് സർക്കാർ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും നൽകി സ്ഥിര ജീവനക്കാരായി നിയമിക്കണമെന്ന ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് സുൽത്താൻബത്തേരിയിൽ അങ്കണവാടി & ക്രഷ് വർക്കേഴ്സ് യൂണിയൻ ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ കരിദിനാചരണവും ധർണയും നടത്തി. സുൽത്താൻബത്തേരി ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ ജീവനക്കാർ, വിരമിച്ചവരുടെ ആനുകൂല്യങ്ങൾ ഉടൻ നൽകുക, അമിതമായ ജോലിഭാരം കുറയ്ക്കുക, ഉദ്യോഗസ്ഥരുടെ പീഡനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
ഐ.എൻ.ടി.യു.സി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഉമ്മർക്കുണ്ടാട്ടിൽ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു. അങ്കണവാടി ആൻഡ് ക്രഷ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി മായ പ്രദീപ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി റോസമ്മ തോമസ്, സി.എ. ഗോപി, ബത്തേരി മണ്ഡലം പ്രസിഡണ്ട് ജിജി അലക്സ്, അസീസ് മാടാല, പ്രമോദ് കെ.എസ്, സുനില ടീച്ചർ, റാബിയ ടീച്ചർ എന്നിവർ സംസാരിച്ചു. പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് ജീവനക്കാരുടെ തീരുമാനം.





Leave a Reply