ലഹരിക്കെതിരെ കായികശക്തി; ജില്ലാ ഭരണകൂടവും സ്പോർട്സ് കൗൺസിലും സംയുക്ത പ്രചാരണത്തിന് ഒരുങ്ങുന്നു
കൽപ്പറ്റ: യുവതലമുറയെ ലഹരിയുടെ ദൂഷ്യവശങ്ങളിൽ നിന്ന് സംരക്ഷിച്ച് കായികരംഗത്തേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടവും ജില്ലാ സ്പോർട്സ് കൗൺസിലും സംയുക്തമായി വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാൻ ഒരുങ്ങുന്നു. ഇതിന്റെ മുന്നോടിയായുള്ള ആലോചനായോഗം സ്പോർട്സ് കൗൺസിൽ ഹാളിൽ ചേർന്നു.
യോഗം ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, കുട്ടികളെ കായികരംഗത്തേക്ക് എത്തിച്ച് സ്പോർട്സിനെ ലഹരിയാക്കി മാറ്റാൻ എല്ലാവരും ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്ന് ആഹ്വാനം ചെയ്തു. ആരോഗ്യകരമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിൽ കായിക വിനോദങ്ങൾക്ക് സുപ്രധാന സ്ഥാനമുണ്ടെന്നും ജില്ലയിലെ കായിക പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്നതിന് ജില്ലാ പഞ്ചായത്ത് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം ഉറപ്പ് നൽകി. യുവജനങ്ങൾ കായികരംഗത്ത് സജീവമാകുന്നതിലൂടെ ലഹരി പോലുള്ള സാമൂഹിക തിന്മകളിൽ നിന്ന് അകന്നുനിൽക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തിൽ മെയ് അഞ്ചിന് ആരംഭിച്ച് ഏഴിന് ജില്ലയിൽ പ്രവേശിക്കുന്ന വിപുലമായ ലഹരി വിരുദ്ധ ക്യാമ്പയിൻ വിജയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന, ജില്ലാ സ്പോർട്സ് കൗൺസിലുകൾ മുഖേന ചേരുന്ന ജില്ലാ തദ്ദേശസ്ഥാപനതല യോഗങ്ങളുടെ നടത്തിപ്പ് യോഗത്തിൽ ചർച്ചയായി.
പ്രചാരണ പരിപാടികളുടെ ഏകോപനത്തിനായി ഏഴംഗ ജില്ലാതല സംഘാടകസമിതി രൂപീകരിച്ചു. ഗ്രാമപഞ്ചായത്തുകളിൽ ഉന്നതല യോഗങ്ങൾ, ബോധവൽക്കരണ പരിപാടികൾ, സെമിനാറുകൾ എന്നിവ സംഘടിപ്പിക്കും. ഇതിനുപുറമെ കൂട്ടയോട്ടം, വടംവലി, ഫോട്ടോഗ്രാഫി തുടങ്ങിയ ജനകീയ പരിപാടികളും പ്രചാരണത്തിന്റെ ഭാഗമായി നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
ജില്ലയിലെ പ്രവർത്തനക്ഷമമല്ലാത്ത മുഴുവൻ കളിക്കളങ്ങൾ, കുളങ്ങൾ, കായിക സ്മാരകങ്ങൾ എന്നിവ കണ്ടെത്തി നവീകരിച്ച് കായിക പ്രവർത്തനങ്ങൾക്ക് അനുയോജ്യമാക്കും. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലും തെരഞ്ഞെടുക്കപ്പെടുന്ന 25 പേരടങ്ങുന്ന തിങ്ക് ടാങ്ക് ഗ്രൂപ്പ് രൂപീകരിക്കും. സംസ്ഥാനമൊട്ടാകെ നടക്കുന്ന പ്രചാരണ ജാഥയുടെ മുന്നോടിയായി ഈ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ മെയ് ഒന്നിന് അതത് തദ്ദേശസ്വയംഭരണ പ്രദേശങ്ങളിൽ ഒരു നിശ്ചിത സ്ഥലത്തുനിന്ന് മറ്റൊരു നിശ്ചിത സ്ഥലം വരെ വാക്കത്തോൺ സംഘടിപ്പിക്കും.
ലഹരി വിരുദ്ധ പ്രചാരണ പരിപാടികളുടെ വിജയത്തിനായി വിവിധ വകുപ്പുകളുടെ ഏകോപനത്തിന് പുറമെ ജില്ലയിലുള്ള അസോസിയേഷനുകൾ, ക്ലബ്ബുകൾ, സംഘടനകൾ, കുട്ടികൾ, കുടുംബശ്രീ, വിവിധ കൂട്ടായ്മകൾ തുടങ്ങിയ എല്ലാവരുടെയും സാന്നിധ്യവും സഹകരണവും ഉറപ്പുവരുത്തുമെന്നും അധികൃതർ അറിയിച്ചു.ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എം മധു യോഗത്തിൽ അധ്യക്ഷത വഹിച്ചു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി റനീഷ്, തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയ്, പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി, വിവിധ മുൻസിപ്പാലിറ്റി ചെയർമാൻമാർ, ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, എഡിഎം കെ ദേവകി, സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്റ്റാൻഡിങ് കമ്മിറ്റി അംഗം വി കെ സനോജ്, യുവജന ക്ഷേമ ബോർഡ് കോർഡിനേറ്റർ കെ എം ഫ്രാൻസിസ്, അഡീഷണൽ എസ്പി ടി എൻ സജീവൻ, എക്സൈസ് സിഐ ടി ഷറഫുദ്ദീൻ, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രപു പ്രേംനാഥ്, ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സലീം കടവൻ, രാഷ്ട്രീയപാർട്ടികളെ പ്രതിനിധീകരിച്ച് കെ റഫീക്ക് (സിപിഎം) എന്നിവരും വിവിധ സ്പോർട്സ് അസോസിയേഷനുകൾ, സംഘടനകൾ, വകുപ്പ് മേധാവികൾ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.





Leave a Reply