മനുഷ്യാവകാശ കമ്മീഷന്‍ ഇടപ്പെട്ടു:മകള്‍ക്ക് രേഖകള്‍ മടക്കി നല്‍കാമെന്ന് മാതാവ്
കല്‍പ്പറ്റ : ജനിച്ച മതത്തില്‍ നിന്നും വിട്ടുനിന്നതിനെത്തുടര്‍ന്ന് വീട്ടുകാരുമായി അകന്നു കഴിയുന്ന മകള്‍ക്ക് വ്യക്തിപരമായ രേഖകള്‍ തിരികെ നല്‍കാമെന്ന് മാതാവ് അറിയിച്ചതായി ബത്തേരി പോലീസ്. ബത്തേരി പോലീസ് ഇന്‍സ്‌പെക്ടര്‍ മനുഷ്യാവകാശ കമ്മീഷനെയാണ് ഈ വിവരം അറിയിച്ചത്.എറണാകുളത്ത് താമസിക്കുന്ന യുവതി തന്റെ ജനന സര്‍ട്ടിഫിക്കേറ്റ്, പാസ്‌പോര്‍ട്ട്, വിദ്യാഭ്യാസ രേഖകള്‍ എന്നിവ മാതാവ് നല്‍കുന്നില്ലെന്ന് കാണിച്ച് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ നടപടി സ്വീകരിക്കാന്‍ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജൂ നാഥ് സുല്‍ത്താന്‍ ബത്തേരി എസ്.എച്ച്.ഒയ്ക്ക് നിര്‍ദ്ദേശം നല്‍കി.
പോലീസ് റിപ്പോര്‍ട്ട് അനുസരിച്ച്, യുവതിയുടെ മാതാവ് ഹൈദരാബാദിലാണ് താമസം. അവരുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. എന്നാല്‍ പരാതിക്കാരിയുടെ ഓടപ്പള്ളം പള്ളിപ്പടിയിലെ വീട് അടഞ്ഞുകിടക്കുകയാണ്.2022-ല്‍ പോലീസിന്റെ മധ്യസ്ഥതയില്‍ മകളുടെ പാസ്‌പോര്‍ട്ട് തിരികെ നല്‍കിയതായി മാതാവ് അറിയിച്ചതായി പോലീസ് പറഞ്ഞു. 2019-ല്‍ മകള്‍ നിരീശ്വരവാദിയായി വീടുവിട്ട് കൊച്ചിയിലെ കുസാറ്റില്‍ പഠിക്കാന്‍ പോയതാണെന്നും മാതാവ് പോലീസിനെ അറിയിച്ചു. മുന്‍കൂട്ടി അറിയിക്കുകയാണെങ്കില്‍ സുല്‍ത്താന്‍ ബത്തേരിയിലെത്തി രേഖകള്‍ മടക്കി നല്‍കാമെന്ന് മാതാവ് സമ്മതിച്ചതായും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.പരാതിക്കാരിക്ക് രേഖകള്‍ വാങ്ങുന്നതിനായി സുല്‍ത്താന്‍ ബത്തേരി പോലീസുമായി ബന്ധപ്പെടാമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ട്.





Leave a Reply