ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് തിളക്കത്തില്‍ മെലിസ ജിതിന്‍
ബത്തേരി: ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് തിളക്കത്തില്‍ കുപ്പാടി സ്വദേശിനി മെലിസ ജിതിന്‍. ‘കലാം സ്റ്റാന്‍ഡേര്‍ഡ് 5 ബി’ എന്ന ചിത്രത്തിലെ അഭിനയമാണ് മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരത്തിന് മെലിസയെ അര്‍ഹയാക്കിയത്.ഇത് സന്തോഷനഗരമെന്നു അറിയപ്പെടുന്ന ബത്തേരിക്ക് മറ്റൊരു സന്തോഷമായി. മധ്യപ്രദേശിലെ ദേവാസിലെ സെന്‍ട്രല്‍ ഇന്ത്യന്‍ അക്കാദമിയില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ മെലിസ അപ്രതീക്ഷിതമായാണ് ചലച്ചിത്രലോകത്ത് എത്തിയത്.മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന നൃത്ത പരിപാടിക്കിടെയാണ് കലാം സിനിമയുടെ സംവിധായകന്‍ മെലിസയെ കാണാന്‍ ഇടയായതും സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണിച്ചതും.
ദേവാസിലും പരിസരപ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. മൂവി കാമറയ്ക്ക് മുന്നില്‍ കന്നിക്കാരിയെങ്കിലും അതിന്റെ പരിഭ്രമം ഇല്ലാതെയായിരുന്നു മെലിസയുടെ അഭിനയം.നിരവധി അന്തര്‍ദേശീയ അവാര്‍ഡുകളും സിനിമയ്ക്ക് ലഭിച്ചിരുന്നു. കുപ്പാടി ഞാറ്റുകാലയില്‍ പത്രോസിന്റെ മകനും ദേവാസ് ബാങ്ക് നോട്ട് പ്രസ്‌ഡെപ്യൂട്ടി മാനേജരുമായ ജിതിന്‍ പീറ്ററാണ് മെലിസയുടെ പിതാവ്. റ്റിറ്റിയാണ് അമ്മ. ഒന്നാം ക്ലാസ് വിദ്യാര്‍ഥി എയ്ഡന്‍ സഹോദരനാണ്.സമകാലീന ഇന്ത്യയിലെ പ്രശ്‌നങ്ങള്‍ എടുത്തുകാണിക്കുന്നതാണ് ‘കലാം സ്റ്റാന്‍ഡേര്‍ഡ് 5 ബി’.ചെറുപ്പത്തില്‍ ഉത്തരേന്ത്യയില്‍ എത്തിയ മലയാളി അലി തന്റെ മക്കളിലൂടെ സ്വന്തം നാടിന്റെ മത സാഹോദര്യവും പാരന്പര്യവും പിന്തുടരാന്‍ ശ്രമിക്കുന്നതും പൗരത്വ നിയമ ഭേദഗതിയെത്തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം.എയ്ഞ്ചലോ ക്രിസ്റ്റ്യനോയാണ് ചിത്രത്തില്‍ ആണ്‍കുട്ടിയായി അഭിനയിച്ചത്. ആന്‍മരിയ പ്രൊഡക്ഷന്‍സിനും ലാല്‍ജി ക്രിയേഷനും വേണ്ടി ടോം ജേക്കബാണ് ചിത്രം നിര്‍മിച്ചത്. ലിജു മിത്രന്‍ മാത്യുവാണ് സംവിധായകന്‍.





Leave a Reply