എന്റെ കേരളം മേളയില്‍ 14 വ്യത്യസ്ത കായിക ഇനങ്ങളുമായി കായിക വകുപ്പിന്റെ സ്റ്റാള്‍
കല്‍പ്പറ്റ:എന്റെ കേരളം മേളയില്‍ വേറിട്ട അനുഭവമൊരുക്കിയിരിക്കുകയാണ് കായിക വകുപ്പ്. 8 മുതല്‍ 60 വരെ പ്രായമുള്ള ഏതൊരാള്‍ക്കും കളിക്കാവുന്ന 14 വ്യത്യസ്ത കായിക ഇനങ്ങളുടെ ചെറു പതിപ്പുകളാണ് കായിക വകുപ്പിന്റെ സ്റ്റാളില്‍ ഒരുക്കിയിട്ടുള്ളത്. ഇലക്ട്രിക് ബസ്സ് വയര്‍ ഗെയിം, ത്രോയിംഗ് ടാര്‍ജറ്റ്, ബാസ്‌കറ്റ് ബോള്‍, സോഫ്റ്റ് ആര്‍ച്ചറി, സ്വിസ് ബോള്‍, ബാഡ്മിന്റണ്‍, ഹോക്കി, ഹൂപ്‌സ്, സ്‌കിപ്പിംഗ് റോപ്, ബാലന്‍സിങ്, ടേബിള്‍ ടെന്നീസ്, ഫുട്ബാള്‍, ഫോം റോളര്‍… എന്നിങ്ങനെ പട്ടിക നീളുന്നു.
മേളയില്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന സ്റ്റാളുകളില്‍ ഒന്നാണ് കായിക വകുപ്പിന്റെത്. അമ്പ് എയ്യാനും ഗോളടിക്കാനും ബോള്‍ ബാസ്‌കറ്റ് ചെയ്യാനും വളയം എറിഞ്ഞു കളിക്കാനും കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും ഇവിടെ റെഡിയാണ്.
കായിക വകുപ്പ് കൈവരിച്ച നേട്ടങ്ങളും വിവിധ കായിക പ്രതിഭകളുടെ എണ്ണം പറഞ്ഞ പ്രകടനങ്ങളും എല്‍ഇഡി സ്‌ക്രീനിലൂടെ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. ഒരു വ്യക്തിയുടെ ഉയരവും തൂക്കവും പരിശോധിച്ചു ബോഡി മാസ് കണക്കാക്കാനും 18 വയസ്സ് വരെയുള്ള കുട്ടികളുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് മനസ്സിലാക്കാന്‍ കഴിയുന്ന ചാര്‍ട്ടും കുട്ടികള്‍ക്ക് കളിക്കാനായി കിഡ്‌സ് പ്ലേഗ്രൗണ്ടുമാണ് സ്റ്റാളിന്റെ മറ്റു പ്രധാന ആകര്‍ഷണങ്ങള്‍. കായിക പരിശീലനം കുറഞ്ഞു വരുന്ന കാലത്ത് യുവജനതയിലും മുതിര്‍ന്നവരിലും കായിക പരിശീലനത്തിന്റെ പ്രാധാന്യം എത്തിക്കുക എന്നതാണ് സ്റ്റാള്‍ ലക്ഷ്യമിടുന്നത്.





Leave a Reply