July 27, 2026

മേപ്പാടി എരുമക്കൊല്ലിയിലെ ആന ആക്രമണം; പ്രതിഷേധവുമായി യുഡിഎഫ് മാർച്ച്

0
img_20250425_195830
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: മേപ്പാടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ തുടർച്ചയായി കാട്ടാന ആക്രമണങ്ങൾ വർധിക്കുന്നതിൽ പ്രതിഷേധിച്ച് യുഡിഎഫ് മേപ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പാടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഒമ്പതോളം ആളുകളുടെ ജീവൻ അപഹരിച്ച വന്യമൃഗ ശല്യം നിയന്ത്രിക്കണമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

 

കഴിഞ്ഞ ദിവസം എരുമക്കൊല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ദാരുണമായി മരിച്ച അറുമുഖന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹത്തിന്റെ ആശ്രിതർക്ക് സർക്കാർ ജോലി നൽകണമെന്നും യുഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു. ഇന്ന് വനംവകുപ്പ് വിളിച്ചുചേർത്ത സർവ്വകക്ഷി യോഗത്തിൽ നൽകിയ ഉറപ്പുകൾ പാലിക്കാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും അവർ മുന്നറിയിപ്പ് നൽകി.

 

മാർച്ച് ഉദ്ഘാടനം ചെയ്ത കെപിസിസി മെമ്പർ പി പി ആലി, വനംവകുപ്പിന്റെ നിഷ്ക്രിയത്വമാണ് ഇത്തരം ദുരന്തങ്ങൾക്ക് കാരണമെന്ന് കുറ്റപ്പെടുത്തി. യുഡിഎഫ് മേപ്പാടി പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ പി കെ അഷ്‌റഫ് അധ്യക്ഷത വഹിച്ച പ്രതിഷേധ മാർച്ചിൽ യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ടി ഹംസ മുഖ്യപ്രഭാഷണം നടത്തി.

 

ബി സുരേഷ് ബാബു, ആർ ഉണ്ണികൃഷ്ണൻ, സി ശിഹാബ്, ഓ ഭാസ്കരൻ, എ രാംകുമാർ, ജോൺ മാതാ, എ മുസ്തഫ മൗലവി, നോറിസ് മേപ്പാടി, പി ജലീൽ, എൻ മജീദ്, മുഹമ്മദ് ടി എ, ടി റിയാസ്, രാധാ രാമസ്വാമി, റംല ഹംസ, എ അഷറഫ് തുടങ്ങിയ നേതാക്കളും മാർച്ചിൽ പങ്കെടുത്തു സംസാരിച്ചു. വൻ ജനപങ്കാളിത്തത്തോടെ നടന്ന മാർച്ച്, വനംവകുപ്പിന്റെ അടിയന്തര ശ്രദ്ധ ഈ വിഷയത്തിൽ ഉണ്ടാകണം എന്ന ജനങ്ങളുടെ പ്രതിഷേധത്തിന്റെ സൂചനയായി മാറി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *