July 28, 2026

മിഠായി പദ്ധതിയിലെ അപാകതകള്‍ പരിഹരിച്ച് കുട്ടികള്‍ക്ക് ചികിത്സ ഉറപ്പ് വരുത്തണം:ടി. സിദ്ധിഖ് എം.എല്‍.എ

0
IMG_20250523_195826
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ടൈപ്പ് 1 പ്രമേഹം ബാധിച്ച കുട്ടികളുടെ മിഠായി പദ്ധതിയില്‍ ആരംഭം മുതല്‍ നല്‍കി വന്നിരുന്ന റാപ്പിഡ് ആക്ടിംഗ് ഇന്‍സുലിന്‍ തുടര്‍ന്ന് നല്‍കണമെന്നും, 2 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാന പരിധിയില്‍ മാറ്റം വരുത്തണമെന്നും, 18 വയസ്സ് കഴിഞ്ഞവര്‍ക്കും പുതിയ പദ്ധതി ആവിഷ്‌ക്കരിച്ച് ചികിത്സ ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ട് കല്‍പ്പറ്റ നിയോജകമണ്ഡംല എം.എല്‍.എ അഡ്വ.ടി. സിദ്ധിഖ് സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവിന് കത്ത് നല്‍കി.

സാമൂഹ്യ നീതി വകുപ്പ് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന 18 വയസ്സിന് താഴെ പ്രായമുള്ള ടൈപ്പ് 1 പ്രമേഹം ബാധിച്ച കുട്ടികള്‍ക്ക് ഇന്‍സുലിനുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ നല്‍കി വരുന്ന പദ്ധതിയാണ് മിഠായി പദ്ധതി. ഇപ്പോള്‍ വയനാട് ജില്ലയില്‍ ഈ പദ്ധതിയിലൂടെ മരുന്നുകള്‍ ലഭ്യമല്ലാത്ത സാഹചര്യമാണ് ഉള്ളത്. ഇതുമൂലം സാധാരണക്കാരായ നിരവധി കുട്ടികളുടെ മാതാപിതാക്കള്‍ വളരെ പ്രയാസത്തിലാണ്. ഒരിക്കല്‍ ജീവിതത്തില്‍ ഈ രോഗം വന്നു പോയാല്‍ ജീവിതാവസാനം വരെ ഇന്‍സുലിന്‍ ജീവന്‍രക്ഷാ മരുന്നായി മാറുമ്പോള്‍, ദിവസത്തില്‍ ചുരുങ്ങിയത് 7 തവണ ഷുഗര്‍ നോക്കാനും, 4 തവണയെങ്കിലും ഇന്‍സുലിന്‍ കുത്തി വെക്കുന്നതിനുമായി സ്വന്തം ശരീരത്തെ കുത്തി നോവിക്കുന്ന അവസ്ഥ വേറെ ഒരു അസുഖത്തിനും ഉണ്ടാകില്ല. ഇത് പലരിലും മാനസികമായും, ശാരീരികമായും, വിദ്യാഭ്യാസപരമായും, തൊഴില്‍പരമായും ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇന്‍സുലിന്‍ സ്ട്രിപ്‌സ്, നീഡില്‍ എന്നിവക്ക് ചുരുങ്ങിയത് മാസം 15,000 മുതല്‍ 20,000 രൂപ വരെ ചിലവ് വരുന്നുണ്ട്. ഇത് സാധാരണക്കാരന് താങ്ങാവുന്നതിലും അപ്പുറമാണ്. അതിനാല്‍ നിലവിലുള്ള 2 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാന പരിധിയില്‍ മാറ്റം വരുത്തി കേരളത്തിലെ എല്ലാ ടൈപ്പ് വണ്‍ പ്രമേഹബാധിതരായ കുട്ടികളെയും ഉള്‍പ്പെടുത്തുന്നതിന് വേണ്ട നടപടികള്‍ ഉണ്ടാകണം. ഇതുവരെയും വാര്‍ഷിക വരുമാന പരിധി ഒഴിവാക്കാത്തത് കാരണം പല കുട്ടികള്‍ക്കും മിഠായി പദ്ധതിയില്‍ അംഗത്വം എടുക്കാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ വാര്‍ഷിക വരുമാന പരിധി ഉയര്‍ത്തുന്നതിനോ, എടുത്ത് കളയുന്നതിനോ ഉള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് എം.എല്‍.എ പറഞ്ഞു.

2025-26 ഏപ്രില്‍ മാസം മുതല്‍ ഈ കുട്ടികള്‍ക്ക് നേരത്തെ നല്‍കി കൊണ്ടിരുന്ന ഇന്‍സുലിന്‍ സാമ്പത്തിക പ്രതിസന്ധി കാരണം കുട്ടികള്‍ക്ക് അനുയോജ്യമല്ലാത്ത റെഗുലര്‍ ഇന്‍സുലിന്‍ ആണ് ഇനി മുതല്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. നിലവില്‍ നല്‍കി കൊണ്ടിരുന്ന റാപ്പിഡ് ആക്ടിംഗ് ഇന്‍സുലിന്‍ ഇനിമുതല്‍ കുട്ടികള്‍ക്ക് ലഭിക്കില്ല. ഇനി ലഭിക്കാന്‍ പോകുന്ന ഇന്‍സുലിന്‍ കുട്ടികള്‍ക്ക് ചികിത്സയില്‍ വളരെയേറെ ബുദ്ധിമുട്ട് നേരിടുന്ന ഇന്‍സുലിന്‍ ആണ്. ഇതറിഞ്ഞ രക്ഷിതാക്കളും കുട്ടികളും വളരെയേറെ വിഷമത്തില്‍ ആയിരിക്കുകയാണ്. എന്തുതരം ചികിത്സകള്‍ കൊടുത്താലും ഈ കുട്ടികള്‍ക്ക് രോഗമുക്തി ലഭിക്കില്ല എന്നുള്ള യാഥാര്‍ഥ്യം നമുക്ക് അറിയാം, എങ്കിലും ഈ പുതിയ മാറ്റങ്ങള്‍ കാരണം ഇനി മുതല്‍ നല്‍കുവാന്‍ തീരുമാനിച്ചിട്ടുള്ള റെഗുലര്‍ ഇന്‍സുലിന്‍ കുട്ടികള്‍ക്ക് എടുത്തു കഴിഞ്ഞാല്‍ അരമണിക്കൂര്‍ കഴിഞ്ഞ് മാത്രമേ ഭക്ഷണം കഴിക്കുവാന്‍ സാധിക്കുകയുള്ളൂ. ദീര്‍ഘ സമയം പ്രവര്‍ത്തിക്കുന്ന ഇന്‍സുലിന്‍ ആയതിനാല്‍ അടിക്കടി കുട്ടികള്‍ക്ക് ഷുഗര്‍ കുറഞ്ഞു പോവുകയും കുട്ടികള്‍ അബോധാവസ്ഥയില്‍ ആവുകയും തളര്‍ന്ന് വീഴുകയും ചെയ്യും. രാവിലെ സ്‌കൂളില്‍ പോകേണ്ട കുട്ടികള്‍ക്ക് ഇന്‍സുലിന്‍ വെച്ച് അരമണിക്കൂര്‍ കാത്തിരിക്കേണ്ട അവസ്ഥ ഓരോ രക്ഷിതാക്കളെ സംബന്ധിച്ചും പറഞ്ഞറിയിക്കാന്‍ പറ്റാത്ത വിഷമങ്ങളാണ് അനുഭവിക്കേണ്ടി വരിക. സ്‌കൂളില്‍ നിന്ന് ആഹാരം കഴിക്കാന്‍ കുട്ടികളെ പറഞ്ഞു വിടുമ്പോള്‍ മറ്റുള്ള കുട്ടികള്‍ ഭക്ഷണം കഴിക്കുന്ന സമയത്ത് ഈ കുട്ടികള്‍ ഇന്‍സുലിന്‍ വെച്ച് അരമണിക്കൂര്‍ കഴിഞ്ഞ് വേണം ആഹാരം കഴിക്കാന്‍. അടിക്കടി ഷുഗര്‍ കൂടുമ്പോള്‍ കറക്ഷന്‍ ഡോസ് ഇന്‍സുലിന്‍ നല്‍കി ഷുഗറിനെ നിയന്ത്രണ വിധേയമാക്കാന്‍ ഇന്‍സുലിന്‍ കൊണ്ട് സാധിക്കില്ല എന്നുള്ളതും കുട്ടികളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു. ഇത്രയേറെ ബുദ്ധിമുട്ടുകള്‍ ഈ കുട്ടികള്‍ക്ക് ഇന്‍സുലിന്‍ മാറ്റത്തിലൂടെ ഉണ്ടാവുമെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ തന്നെ സാക്ഷ്യപ്പെടുത്തിയതാണ്. ആയതിനാല്‍ മിഠായി ക്ലിനിക്കുകളുടെ പ്രവര്‍ത്തന ആരംഭം മുതല്‍ നല്‍കി വന്നിരുന്ന റാപ്പിഡ് ആക്ടിംഗ് ഇന്‍സുലിന്‍ തുടര്‍ന്നും ഈ കുട്ടികള്‍ക്ക് നല്‍കി അവരുടെ ജീവന്‍ രക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും എം.എല്‍.എ കത്തില്‍ ആവശ്യപ്പെട്ടു.

നിലവില്‍ 18 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് മാത്രമാണ് മിഠായി പദ്ധതിയില്‍ അംഗത്വം എടുക്കാന്‍ സാധിക്കുന്നത്. 18 വയസ്സിനു ശേഷം ടൈപ്പ് വണ്‍ പ്രമേഹം സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ രജിസ്‌ട്രേഷന്‍ സാധിക്കുന്നില്ല. 18 വയസ്സ് കഴിഞ്ഞാലും ജീവിതവസാനം വരെ അവര്‍ക്ക് ഇന്‍സുലിന്‍ എടുക്കേണ്ടി വരുന്നു. നിലവില്‍ സമാശ്വാസം, ശ്രുതി തരംഗം, താലോലം, വയോ മിത്ര എന്നിങ്ങനെ ഒട്ടനവധി പദ്ധതികള്‍ വഴി ചികിത്സാ സഹായങ്ങള്‍ മറ്റ് പല അസുഖങ്ങള്‍ക്കായി നല്‍കി വരുന്നുണ്ട്. ഇതേ മാതൃകയില്‍ മറ്റൊരു പദ്ധതി തുടങ്ങി ജീവന്‍ രക്ഷാ മരുന്നായ ഇന്‍സുലിന്‍ ഗ്ലൂക്കോമീറ്റര്‍ സ്ട്രിപ്പ് എന്നിവ ഉള്‍പ്പെടുത്തി ആരോഗ്യകരമായ വെല്ലുവിളികള്‍ നേരിടുകയും സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുകയും ചെയ്യുന്ന 18 വയസ്സ് കഴിഞ്ഞവര്‍ക്ക് സര്‍ക്കാര്‍ ചികിത്സ ഉറപ്പ് വരുത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *