സ്വപ്ന ഭവനങ്ങളുടെ താക്കോല്‍ ദാനം ജൂണ്‍ 4 ന്
കല്‍പ്പറ്റ : അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്സ് കേരള (എ.എ.ഡബ്ല്യു.കെ) ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരായ ആറ് കുടുംബങ്ങള്‍ക്ക് നിര്‍മ്മിച്ച് നല്‍കുന്ന സ്വപ്ന ഭവനങ്ങളുടെ താക്കോല്‍ ദാനം ജൂണ്‍ 4 ന് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ.ജി ഗോപകുമാര്‍, ജനറല്‍ സെക്രട്ടറി നസീര്‍ കള്ളിക്കാട്, ജോയിന്റ് സെക്രട്ടറി പി.ഡി. സുരേഷ് കുമാര്‍, ജില്ലാ പ്രസിഡന്റ് പ്രസാദ് കുമാര്‍, സെകട്ടറി കെ.എന്‍ പ്രശാന്തന്‍, ട്രഷറര്‍ എ.സി അശോക് കുമാര്‍, വൈസ് പ്രസിഡന്റ് ബിജു മനക്കന്‍, ജോയിന്റ് സെക്രട്ടറി എം വാസു എന്നിവര്‍ പങ്കെടുത്തു.
ആറ് സ്വപ്ന ഭവനങ്ങളുടെ താക്കോല്‍ദാന കര്‍മ്മം ബുധനാഴ്ച രാവിലെ 10 മണിക്ക് മുട്ടില്‍ എം ആര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ തുറമുഖ ദേവസ്വം സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ നിര്‍വ്വഹിക്കും. എം എല്‍ എമാരായ ടി. സിദ്ദിഖ്, ഐ സി ബാലകൃഷ്ണന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍, സംഘടനാ ഭാരവാഹികള്‍ ജനപ്രതിനിധികള്‍, സാമൂഹ്യ സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും. മുട്ടില്‍ ചിലഞ്ഞിച്ചാലില്‍ 850 സ്‌ക്വയര്‍ ഫീറ്റിലാണ് വീട് നിര്‍മിച്ചിരിക്കുന്നത്. ദുരന്തത്തിനിരയായ ആറ് കുടുംബങ്ങള്‍ക്കാണ് വീടും 5 സെന്റ് സ്ഥലവും സംഘടന നല്‍കുന്നത്. രണ്ട് ബെഡ്‌റൂം, കിച്ചണ്‍, ഹാള്‍, ബാത്‌റൂം സൗകര്യങ്ങളോടെ 20 ലക്ഷം രൂപ ചിലവിലാണ് ഓരോ വീടും നിര്‍മ്മിച്ചിരിക്കുന്നത്.





Leave a Reply