ചാക്യാർകൂത്തിൽ കലാമണ്ഡലം അഭിജോഷിന് സാംസ്കാരിക പൈതൃക പുരസ്കാരം
കൽപ്പറ്റ: ചാക്യാർകൂത്ത് കലാകാരനായ കലാമണ്ഡലം അഭിജോഷിന് 2025-ലെ കേരള കൾച്ചർ ഹെറിറ്റേജ് ഫോറം ട്രസ്റ്റിന്റെ സാംസ്കാരിക പൈതൃക പുരസ്കാരം ലഭിച്ചു. പൈതൃക കലാ വിഭാഗത്തിലാണ് അദ്ദേഹത്തെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.
ചാക്യാർകൂത്ത്, മിഴാവ്, പാഠകം എന്നീ വിഷയങ്ങളിൽ കേരള കലാമണ്ഡലം സർവകലാശാലയിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ അഭിജോഷ്, ഗുരു കലാമണ്ഡലം ഈശ്വരനുണ്ണി, കലാമണ്ഡലം അച്യുതാനന്ദൻ എന്നിവരുടെ കീഴിലാണ് ശിക്ഷണം നേടിയത്.
കഴിഞ്ഞ 20 വർഷമായി ചാക്യാർകൂത്ത് കലാരംഗത്ത് സജീവമായ ഈ യുവകലാകാരൻ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. 2017-ലെ കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സ്കോളർഷിപ്പ്, 2018-ലെ കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ്, 2019-ലെ കലാമണ്ഡലം യുവപ്രതിഭ പുരസ്കാരം, 2020-ലെ സംസ്ഥാന യുവജനക്ഷേമ ബോർഡ് സ്വാമി വിവേകാനന്ദൻ യുവപ്രതിഭ പുരസ്കാരം, 2021-ലെ കേരള സർക്കാർ ദേവസ്വം ബോർഡ് ക്ഷേത്രകലാ അക്കാദമി പുരസ്കാരം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
പാലക്കാട് ജില്ലയിലെ ആലത്തൂർ സ്വദേശിയായ അഭിജോഷ് തരികണ്ണി വീട്ടിൽ ആർ. ഗംഗാധരന്റെയും എസ്. ശാന്തയുടെയും മകനാണ്. നിലവിൽ കൽപ്പറ്റയിൽ താമസിക്കുന്ന ഇദ്ദേഹം സ്കൂൾ, കോളേജ് കലോത്സവങ്ങളിൽ നിരവധി കലാപ്രതിഭകൾക്ക് പരിശീലനം നൽകിവരുന്നു. കലാക്ഷേത്ര പ്രതീക്ഷയാണ് അഭിജോഷിന്റെ ഭാര്യ.





Leave a Reply