വിജ്ഞാന കേരളം; സിഡിഎസ് തല തൊഴിൽമേളകൾ ആരംഭിച്ചു
കൽപ്പറ്റ :സംസ്ഥാന സർക്കാറിന്റെ ‘ഓണത്തിന് ഒരുലക്ഷം തൊഴിൽ’ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മിഷൻ സംഘടിപ്പിക്കുന്ന തൊഴിൽ മേള ജില്ലയിൽ ആരംഭിച്ചു.സിഡിഎസ് തലത്തിലാണ് തൊഴിൽ മേളകൾ സംഘടിപ്പിക്കുന്നത്. പനമരം, സുൽത്താൻ ബത്തേരി, പടിഞ്ഞാറത്തറ സിഡിഎസുകളിൽ തൊഴിൽ മേള സംഘടിപ്പിച്ചു. ജില്ലയിലെ മറ്റു സിഡിഎസുകളിൽ ഓണത്തിന് മുമ്പ് തൊഴിൽ മേളകൾ പൂർത്തിയാക്കും.
ഓണത്തിന് മുമ്പ് ജില്ലയിൽ 5000 പേർക്ക് തൊഴിൽ നൽകുകയാണ് ലക്ഷ്യം. ഗ്രാമപഞ്ചായത്തിലെ തൊഴിൽദാതാക്കളെയും ഉദ്യോഗാർഥികളെയും കണ്ടെത്തുന്നത് സിഡിഎസുകളുടെ നേതൃത്വത്തിലാണ്. അവസാന വർഷ ബിരുദധാരികൾ, പഠനം പൂർത്തിയാക്കിയ തൊഴിലന്വേഷകർ, ഏറ്റവും പെട്ടെന്ന് തൊഴിൽ ആവശ്യമുള്ളവർ എന്നിവരെ കേന്ദ്രീകരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മൊബിലൈസ് ചെയ്ത് അവരുടെ താത്പര്യത്തിനും യോഗ്യതക്കും അനുസരിച്ചുള്ള തൊഴിലിലേക്കെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ജില്ലയിലെ ഏറ്റവും മികച്ച തൊഴിൽ ദാതാവിന് വിജ്ഞാന ശ്രീ അവാർഡും മികച്ച സിഡിഎസ് ചെയർപേഴ്സന് വിജ്ജാന ജ്യോതി അവാർഡും മികച്ച ചാർജ്ജ് ഓഫീസർക്ക് വിജ്ഞാന രത്നം അവാർഡും നൽകും. സുൽത്താൻ ബത്തേരി സിഡിഎസിന്റെ നേതൃത്വത്തിൽ നടന്ന വിജ്ഞാന കേരളം തൊഴിൽമേളയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ടി കെ രമേശ് നിർവഹിച്ചു. പനമരം സിഡിഎസിന്റെ നേതൃത്വത്തിൽ നടത്തിയ തൊഴിൽ മേള പനമരം ഗ്രാമപഞ്ചായത്ത് ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കാമറ്റവും പടിഞ്ഞാറത്തറയിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ കൃഷ്ണയും ഉദ്ഘാടനം ചെയ്തു.





Leave a Reply