ആര്‍ദ്ര കേരളം പുരസ്‌കാരം; കല്പറ്റ മുനിസിപ്പാലിറ്റിക്കും നൂൽപ്പുഴ ഗ്രാമപഞ്ചായത്തിനും സംസ്ഥാനതല അംഗീകാരം
തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്ര കേരളം പുരസ്‌കാരം 2023-24 ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് പ്രഖ്യാപിച്ചു. വയനാട് ജില്ലയിൽ കല്പറ്റ മുനിസിപ്പാലിറ്റിയ്ക്കും നൂൽപ്പുഴ ഗ്രാമപഞ്ചായത്തിനും സംസ്ഥാനതല അംഗീകാരം ലഭിച്ചു. മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് തലങ്ങളിൽ മൂന്നാം സ്ഥാനമാണ് കല്പറ്റ മുനിസിപ്പാലിറ്റിയ്ക്കും നൂൽപ്പുഴ ഗ്രാമപഞ്ചായത്തിനും യഥാക്രമം ലഭിച്ചത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യ മേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികള്‍, കായകല്‍പ്പ് സ്‌കോര്‍, ഹെല്‍ത്ത് ഗ്രാന്റ് വിനിയോഗം, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ച്, മുന്‍ഗണനാ പട്ടിക തയ്യാറാക്കുകയും, പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കുകയും ചെയ്യുന്നു. ഇത് കൂടാതെ പ്രതിരോധ കുത്തിവെപ്പ്, വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍, പ്രാദേശിക ആരോഗ്യ ആവശ്യങ്ങള്‍ക്ക് അനുസൃതമായ നൂതന ഇടപെടലുകള്‍ സാമൂഹിക ഘടകങ്ങളായ ശുചിത്വം, മാലിന്യ പരിപാലനം, പ്രാണി നിയന്ത്രണം, ജീവിത ശൈലി ക്രമീകരണത്തിനുള്ള ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കല്‍, മോഡേണ്‍ മെഡിസിന്‍, ആയുര്‍വേദ, ഹോമിയോ മേഖലകളിലുള്ള ദേശീയ സംസ്ഥാന ആരോഗ്യ പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പ് എന്നിവയും പുരസ്‌കാരത്തിന് വേണ്ടി വിലയിരുത്തുന്ന ഘടകങ്ങളാണ്.
ആര്‍ദ്രകേരളം പുരസ്‌കാരം 2023-24ന് അര്‍ഹരായ ജില്ലാ പഞ്ചായത്ത്/ കോര്‍പ്പറേഷന്‍/ മുന്‍സിപ്പാലിറ്റി/ ബ്ലോക്ക് പഞ്ചായത്ത്/ ഗ്രാമപഞ്ചായത്തുകളുടെ ലിസ്റ്റ് ഇങ്ങനെയാണ്:
സംസ്ഥാനതല അവാര്‍ഡ് – ഒന്നാം സ്ഥാനം
1. ഗ്രാമപഞ്ചായത്ത് – വെള്ളിനേഴി, പാലക്കാട് ജില്ല (10 ലക്ഷം രൂപ)
2. ബ്ലോക്ക് പഞ്ചായത്ത് – പള്ളുരുത്തി, എറണാകുളം ജില്ല (10 ലക്ഷം രൂപ)
3. ജില്ലാ പഞ്ചായത്ത് – ഇടുക്കി ജില്ല (10 ലക്ഷം രൂപ)
4. മുനിസിപ്പാലിറ്റി – ഗുരുവായൂര്‍ മുനിസിപ്പാലിറ്റി, തൃശൂര്‍ ജില്ല (10 ലക്ഷം രൂപ)
5. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ – തിരുവനന്തപുരം (10 ലക്ഷം രൂപ)
സംസ്ഥാനതല അവാര്‍ഡ് – രണ്ടാം സ്ഥാനം
1. ഗ്രാമപഞ്ചായത്ത് – മണീട്, എറണാകുളം ജില്ല (7 ലക്ഷം രൂപ)
2. ബ്ലോക്ക് പഞ്ചായത്ത് – നീലേശ്വരം, കാസറഗോഡ് ജില്ല (5 ലക്ഷം രൂപ)
3. ജില്ലാ പഞ്ചായത്ത് – പത്തനംതിട്ട ജില്ല (5 ലക്ഷം രൂപ)
4. മുനിസിപ്പാലിറ്റി – മട്ടന്നൂര്‍ മുനിസിപ്പാലിറ്റി, കണ്ണൂര്‍ ജില്ല (5 ലക്ഷം രൂപ)
5. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ – കൊല്ലം (5 ലക്ഷം രൂപ)
സംസ്ഥാനതല അവാര്‍ഡ് – മൂന്നാം സ്ഥാനം
1. ഗ്രാമപഞ്ചായത്ത് – നൂല്‍പ്പുഴ, വയനാട് ജില്ല (6 ലക്ഷം രൂപ)
2. ബ്ലോക്ക് പഞ്ചായത്ത് – ചേളന്നൂര്‍, കോഴിക്കോട് ജില്ല (3 ലക്ഷം രൂപ)
3. ജില്ലാ പഞ്ചായത്ത് – കണ്ണൂര്‍ ജില്ല (3 ലക്ഷം രൂപ)
4. മുനിസിപ്പാലിറ്റി – കല്‍പ്പറ്റ മുനിസിപ്പാലിറ്റി, വയനാട് ജില്ല (3 ലക്ഷം രൂപ).
വയനാട് ജില്ലാതലത്തിൽ ആരോഗ്യരംഗത്തെ മികച്ച ഗ്രാമപഞ്ചായത്ത് അവാര്‍ഡ്
ഒന്നാം സ്ഥാനം – എടവക (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം – മുട്ടില്‍ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം – മൂപ്പൈനാട് (2 ലക്ഷം രൂപ).
ആരോഗ്യ വകുപ്പിന്റെ പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്ന സമഗ്ര ആരോഗ്യ പദ്ധതി ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. 2023-24 സാമ്പത്തിക വര്‍ഷം ആരോഗ്യ മേഖലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 1692.95 കോടി രൂപയുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ആരോഗ്യ വകുപ്പിന്റേയും മറ്റ് അനുബന്ധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മ സാധ്യമാക്കാനും കേരളത്തിന്റെ ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങള്‍ വരുത്താനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സഹായത്തോടെയാണ് പുരസ്‌കാരം നല്‍കുന്നതിനായി പരിഗണിക്കാവുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കിയത്.





Leave a Reply