May 27, 2026

പുല്‍പ്പള്ളിയിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് പോര്: ഒരു പഞ്ചായത്ത് അംഗം കൂടി ജീവനൊടുക്കി; പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത വീണ്ടും ചര്‍ച്ചയാകുന്നു

0
site-psd-184
By ന്യൂസ് വയനാട് ബ്യൂറോ

 

പുല്‍പ്പള്ളി : വയനാട്ടിലെ കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പ് പോര് രൂക്ഷമാകുന്നതിനിടെ, മുള്ളന്‍കൊല്ലി പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് മെമ്പറും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ജോസ് നെല്ലേടം (57) ആത്മഹത്യ ചെയ്തത് പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത വീണ്ടും ചര്‍ച്ചയാക്കി. ഇന്ന് രാവിലെ ജോസിനെ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു, വിഷം കഴിച്ചതായും സംശയിക്കുന്നുണ്ട്. മാസങ്ങളായി മുള്ളന്‍കൊല്ലിയില്‍ നിലനില്‍ക്കുന്ന കോണ്‍ഗ്രസ് ഗ്രൂപ്പ് പോരാണ് ഈ ദാരുണ സംഭവത്തിന് പിന്നിലെന്നാണ് ആരോപണം.കള്ളക്കേസും ആത്മഹത്യയും മുള്ളന്‍കൊല്ലിയിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് ഒരു കള്ളക്കേസോടെയാണ് കൂടുതല്‍ വഷളായത്.

മുള്ളന്‍കൊല്ലി രണ്ടാം വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റ് കനാട്ടുമല തങ്കച്ചനെതിരെ ഒരു കൂട്ടം നേതാക്കള്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും, അദ്ദേഹത്തിന്റെ വീട്ടില്‍ സ്‌ഫോടകവസ്തുക്കളും കര്‍ണാടക മദ്യവും ഒളിപ്പിച്ച് വെച്ച് പോലീസില്‍ വിവരം നല്‍കിയെന്നും ആരോപണമുയര്‍ന്നിരുന്നു. ഈ സംഭവത്തില്‍ ജോസ് നെല്ലേടത്തിന് പങ്കുണ്ടെന്ന് തങ്കച്ചന്‍ ആരോപിച്ചിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ തങ്കച്ചന്‍ നിരപരാധിയാണെന്ന് കണ്ടെത്തുകയും, യഥാര്‍ത്ഥ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ജയിലില്‍ നിന്ന് പുറത്തിറങ്ങിയ തങ്കച്ചന്‍, തന്നെ കള്ളക്കേസില്‍ കുടുക്കിയതിന് പിന്നില്‍ പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് പരസ്യമായി ആരോപിച്ചു. ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ആരോപണവിധേയനായ ജോസ് നെല്ലേടം ജീവനൊടുക്കിയത്. തന്നെ കള്ളക്കേസില്‍ കുടുക്കിയതില്‍ മനംനൊന്താണ് ജോസ് ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം. ഈ വിഷയത്തില്‍ പോലീസ് ആണ് ഉത്തരവാദിയെന്ന കെപിസിസി പ്രസിഡന്റിന്റെ പ്രതികരണം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്കും മുന്‍ സംഭവങ്ങളും
വയനാട്ടില്‍ കോണ്‍ഗ്രസ് വിഭാഗീയത കാരണം പ്രവര്‍ത്തകര്‍ ആത്മഹത്യ ചെയ്യുന്നത് ഇത് ആദ്യത്തെ സംഭവമല്ല. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കോണ്‍ഗ്രസ് നേതാവായിരുന്ന എം.എന്‍. വിജയനും മകനും ആത്മഹത്യ ചെയ്തിരുന്നു. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചതിന് സാമ്പത്തിക ബാധ്യതകളുണ്ടായപ്പോള്‍, നേതൃത്വം കൈയ്യൊഴിഞ്ഞതാണ് ആത്മഹത്യക്ക് കാരണമെന്ന് വിജയന്റെ ആത്മഹത്യക്കുറിപ്പില്‍ പറഞ്ഞിരുന്നു. കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും കത്തെഴുതിയിട്ടും യാതൊരു സഹായവും ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

മാനന്തവാടിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ജോണും സമാനമായ സാഹചര്യത്തില്‍ ജീവനൊടുക്കിയിരുന്നു. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ പുല്‍പ്പള്ളിയിലും മുള്ളന്‍കൊല്ലിയിലും നടക്കുന്ന കടുത്ത വിഭാഗീയതയാണ് ഇത്തരം ദുരന്തങ്ങള്‍ക്ക് പ്രധാന കാരണം. പാര്‍ട്ടി തലത്തില്‍ മൂന്ന് ഡിസിസി ജനറല്‍ സെക്രട്ടറിമാരും 26 ബ്ലോക്ക് ഭാരവാഹികളും അടക്കം വലിയൊരു നേതാക്കളുടെ നിരയുള്ള മുള്ളന്‍കൊല്ലിയില്‍ പോലും ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേതൃത്വത്തിന് കഴിയാത്തത് ഗുരുതരമായ വീഴ്ചയാണെന്ന് വിലയിരുത്തപ്പെടുന്നു.

രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും സ്വന്തം മണ്ഡലമായിട്ടും, ജില്ലാ നേതാക്കള്‍ക്കിടയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്തത് പാര്‍ട്ടിയെ ദുര്‍ബലമാക്കുന്നുണ്ടെന്നും നിരവധി നേതാക്കള്‍ പാര്‍ട്ടി വിടുന്നതിന് ഇത് കാരണമാകുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ സംഭവങ്ങളിലെല്ലാം കോണ്‍ഗ്രസ് നേതൃത്വത്തിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന ശക്തമായ വിമര്‍ശനവും ഉയരുന്നുണ്ട്

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *