May 2, 2026

കേന്ദ്ര സഹായം പുനരധിവാസത്തിന് ഉപയോഗപ്പെടുത്തണമെന്ന് ജനശബ്ദം കര്‍മ സമിതി

0
site-psd-29
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 250.56 കോടി രൂപയുടെ സഹായം മേപ്പാടി പഞ്ചായത്തിലെ 10,11,12 വാര്‍ഡുകളില്‍ അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ പുനരധിവാസത്തിനു മുന്‍ഗണന നല്‍കി വിനിയോഗിക്കണമെന്ന് നിര്‍ദേശം. കേന്ദ്രം സഹായം പ്രഖ്യാപിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കേവേ കര്‍മ സമിതി ചെയര്‍മാന്‍ നസീര്‍ ആലക്കല്‍, കണ്‍വീനര്‍ ഷാജിമോന്‍ ചൂരല്‍മല എന്നിവര്‍ വച്ചതാണ് ഈ നിര്‍ദേശം. കേന്ദ്ര സര്‍ക്കാര്‍ നേരത്തേ തിരിച്ചടയ്ക്കേണ്ട ദീര്‍ഘകാല വായ്പയായി അനുവദിച്ച തുക ചൂരല്‍മല പുനര്‍നിര്‍മാണത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കിവച്ചത്.

പുനര്‍നിര്‍മാണ പദ്ധതിയില്‍ പാലം, റോഡ്, പുന്നപ്പുഴ പുനരുജ്ജീവനം തുടങ്ങിയവ ഉള്‍പ്പെടും.പുനരധിവാസത്തിന് സര്‍ക്കാര്‍ കണ്ടെത്തിയ ദുരന്തബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത 173 കുടുംബങ്ങള്‍ മേപ്പാടി പഞ്ചായത്തിലെ 10,11,12 വാര്‍ഡുകളിലുണ്ട്. 10-ാം വാര്‍ഡിലെ അട്ടമല-27, ഗോപിമൂല-29, 11-ാം വാര്‍ഡിലെ മുണ്ടക്കൈ-19, റാട്ടപ്പാടി-22, 12-ാം വാര്‍ഡിലെ പടവെട്ടി-28, കൊയിനാകുളം-29, അയ്യപ്പന്‍കുന്ന്-10, ചൂരല്‍മലയുടെ വിവിധ ഭാഗങ്ങള്‍-29 എന്നിങ്ങനെയാണ് പുനരധിവാസത്തിന് അര്‍ഹതയുള്ളതും എന്നാല്‍ പട്ടികയില്‍ ഉള്‍പ്പെടാത്തതുമായ കുടുംബങ്ങളുടെ എണ്ണം. അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന ഈ കുടുംബങ്ങളെയും ദുരന്തം നേരിട്ടുബാധിച്ചവരായി കണക്കാക്കണം.

ഉരുള്‍പൊട്ടലില്‍ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ഹെക്ടര്‍ കണക്കിന് കൃഷിയിടമാണ് നശിച്ചത്.കടമുറികള്‍ ഉള്‍പ്പെടെ ജീവനോപാധികള്‍ നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. കര്‍ഷകര്‍ക്ക് നാമമാത്ര സഹായമാണ് കൃഷിവകുപ്പ് മുഖേന ഇതിനകം ലഭിച്ചത്. പൂര്‍ണമായും ഭാഗികമായും തകര്‍ന്ന കെട്ടിടങ്ങളുടെ ഉടമകള്‍ക്കും കടമുറികളില്‍ സംരംഭങ്ങള്‍ നടത്തിയിരുന്നവര്‍ക്കും നഷ്ടപരിഹാരം ലഭിച്ചില്ല. കര്‍ഷകര്‍ക്കും കെട്ടിടം ഉടമകള്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നതിനും ജീവനോപാധി പദ്ധതികള്‍ ആരംഭിക്കുന്നതിനും കേന്ദ്ര സഹായത്തില്‍ ഒരു ഭാഗം പ്രയോജനപ്പെടുത്തണം.

ദുരന്തബാധിതരുടേതായി വിവിധ ബാങ്കുകളില്‍ 33.63 കോടി രൂപ കുടിശകയുണ്ട്. ഈ കടം കേന്ദ്ര സഹായം ഉപയോഗപ്പെടുത്തി എഴുതിത്തള്ളുന്നതിനുള്ള സാധ്യത സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കണം. ദുരന്തബാധിതര്‍ക്കായി വിനിയോഗിക്കുന്നതിന് കൂടുതല്‍ സഹായം കേരളത്തിന് ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണം. പ്രധാനമന്ത്രി ദുരന്ത ബാധിത പ്രദേശങ്ങള്‍ നേരില്‍ക്കണ്ടതാണ്. എന്നിട്ടും വളരെ വൈകിയാണ് കേന്ദ്ര ദുരന്ത ലഘൂകരണനിധിയില്‍നിന്നു സഹായം അനുവദിച്ചത്. 2,221 കോടി രൂപയാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. സഹായം അനുവദിച്ചപ്പോള്‍ ഇതര സംസ്ഥാനങ്ങള്‍ക്ക് ലഭിച്ച പരിഗണന കേരളത്തിന് കിട്ടാതിരുന്നത് ദൗര്‍ഭാഗ്യകരമാണെന്നും കര്‍മ സമിതി ഭാരവാഹികള്‍ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *