കബനിയിലെ ജലം കര്‍ഷകര്‍ക്കാവശ്യമായ രീതിയില്‍ എത്തിക്കുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്ന് ഓപ്പണ്‍ ഫോറം
കബനി നദിയിലെ ജലം കര്‍ഷകര്‍ക്കാവശ്യമായ രീതിയില്‍ കൃഷിഭൂമിയില്‍ എത്തിക്കുന്നതിനുള്ള വലിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുക, ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരങ്ങള്‍ ഒരുക്കുക, വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക, കാര്‍ഷിക മേഖലയില്‍ തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിക്കുക, ലൈഫ് പദ്ധതിയില്‍ വാര്‍ഡ് തല വികസന സമിതികള്‍ രൂപീകരിക്കുക, കേന്ദ്ര-സംസ്ഥാന ഫണ്ടുകള്‍ വിനിയോഗിക്കാനുള്ള അധികാരം തദ്ദേശ സ്വയംഭരണ വകുപ്പ് ഭരണസമിതിക്ക് നല്‍കുക, ആരോഗ്യ മേഖലയില്‍ കൃത്യമായ നിയമനങ്ങള്‍ നടത്തുക, പെരിക്കല്ലൂര്‍ കെഎസ്ആര്‍ടിസി ബസ് ഓപറേറ്റിങ് കേന്ദ്രം ഫലപ്രദമായി നടപ്പിലാക്കുക, പാതിരി ചങ്ങല ഗേറ്റ് -ചേകാടി വഴി മാനന്തവാടി മെഡിക്കല്‍ കോളജിലേക്കുള്ള യാത്ര സൗകര്യം ലഭ്യമാക്കുക, ഗ്രാമീണ റോഡ് വികസനം, വിനോദസഞ്ചാരം, വനിതകളുടെ സ്വയം പര്യാപ്തത, നൂതന സംരംഭങ്ങള്‍, പുല്‍പള്ളി കുടുംബാരോഗ്യ കേന്ദ്രം താലൂക്കാശുപത്രിയായി ഉയര്‍ത്തല്‍, തെരുവുനായ ശല്യം പരിഹരിക്കല്‍, നൂതന തൊഴില്‍ അവസരങ്ങള്‍ തുടങ്ങിയ സമഗ്ര പദ്ധതികള്‍ ഓപ്പണ്‍ ഫോറത്തില്‍ ചര്‍ച്ചയായി.
വരള്‍ച്ച നേരിടുന്ന മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് കബനി നദിയിലെ ജലം കര്‍ഷകര്‍ക്കാവശ്യമായ രീതിയില്‍ എത്തിക്കുന്ന ബൃഹദ് പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യണമെന്ന് പൊതു ജനങ്ങള്‍ ആവശ്യപ്പെട്ടു. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ എംഫില്‍, പിഎച്ച്ഡി ചെയ്യാന്‍ ജില്ലയില്‍ അവസരങ്ങള്‍ ഒരുക്കണം. വനത്താല്‍ ചുറ്റപ്പെട്ട മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ വന്യമൃഗശല്യവും പ്രധാന ചര്‍ച്ചയായി. കാര്‍ഷിക മേഖലയില്‍ തൊഴിലുറപ്പ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കണമെന്നും കൃഷിയിടങ്ങളില്‍ തൊഴിലുറപ്പ് പ്രവര്‍ത്തികള്‍ സജീവമായി നടത്തണമെന്നും ആവശ്യമുയര്‍ന്നു. ലൈഫ് പദ്ധതിയില്‍ വാര്‍ഡ് തല സമിതികള്‍ രൂപീകരിച്ച് അര്‍ഹരായവരെ തിരഞ്ഞെടുക്കണം. വിവിധ പദ്ധതികള്‍ നിര്‍വഹിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വിനിയോഗിക്കാനുള്ള അധികാരം നല്‍കണമെന്നും ഓപ്പണ്‍ ഫോറത്തില്‍ ആവശ്യപ്പെട്ടു.





Leave a Reply