ദുരന്തബാധിതരുടെ വായ്പകള്‍ എഴുതി തള്ളണമെന്ന് പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് പ്രിയങ്ക ഗാന്ധി എം.പി
കല്‍പ്പറ്റ: ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ വായ്പകള്‍ എഴുതി തള്ളാന്‍ പ്രധാനമന്ത്രി മുന്‍കൈ എടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും കത്തയച്ചു. ദുരിതബാധിത പ്രദേശത്തെ മിക്കയാളുകള്‍ക്കും അവരുടെ വീടുകളും ഉപജീവനമാര്‍ഗ്ഗങ്ങളും നഷ്ടപ്പെട്ടതാണ്. കര്‍ഷകര്‍, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍, മറ്റ് സേവനദാതാക്കള്‍ എന്നിവരുടെ ആസ്തിവകകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ പൂര്‍ണ്ണമായും നശിക്കുകയോ ചെയ്തിട്ടുണ്ട്. കൃഷിഭൂമിയുടെ വലിയൊരു ഭാഗവും കൃഷിയോഗ്യമല്ലാതായി. വലിയ പ്രതീക്ഷകളോടെ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് കൃഷി ചെയ്യുന്നവരെ ഇത് വലിയ കടക്കാരാക്കി മാറ്റിയതായി പ്രിയങ്ക ഗാന്ധി എം.പി. കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
2005 ലെ ചഉങഅ നിയമത്തിലെ സെക്ഷന്‍ 13 പ്രകാരമുള്ള അധികാരം ഉപയോഗിച്ച് അവര്‍ക്ക് നല്‍കിയ വായ്പകള്‍ എഴുതിത്തള്ളാന്‍ ബാങ്കുകളോട് നിര്‍ദ്ദേശിക്കണമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, 2025 മാര്‍ച്ചില്‍ ദുരന്ത നിവാരണ നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ നിയമഭേദഗതിയില്‍ ഈ നടപടി സാധ്യമാക്കുന്ന വകുപ്പ് നീക്കം ചെയ്തു. ഭേദഗതി ദുരന്തബാധിതരുടെ വേദനയെയും കഷ്ടപ്പാടിനെയും പരിഹസിക്കുന്നതിനോടൊപ്പം അവരുടെ ആത്മവിശ്വാസത്തെ തളര്‍ത്തുകയും ചെയ്തതായി പ്രിയങ്ക ഗാന്ധി എം.പി. കുറ്റപ്പെടുത്തി.
2025 ജൂണ്‍ 13-ന് കേരള ഹൈക്കോടതി, സെക്ഷന്‍ 13 റദ്ദാക്കിയതുകൊണ്ട് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 73 പ്രകാരമുള്ള ശേഷിക്കുന്ന അധികാരം യൂണിയന്‍ എക്‌സിക്യൂട്ടീവിന് ഇല്ലെന്ന് അര്‍ത്ഥമാക്കുന്നില്ലെന്ന് നിരീക്ഷിക്കുകയുണ്ടായി. അതിനാല്‍ പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ അത്തരം നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് തുടരാവുന്നതാണ് എന്ന് പ്രിയങ്ക ഗാന്ധി എം.പി. ചൂണ്ടിക്കാണിക്കുന്നു. പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട വായ്പ എഴുതിത്തള്ളല്‍ വിഷയത്തില്‍ ഏത് മന്ത്രാലയത്തിന് തീരുമാനമെടുക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ അവ്യക്തതയുണ്ടെന്നാണ് സെപ്തംബര്‍ 10 ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചത്. അടുത്ത മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ ഇത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ ഭരണകൂടം നല്‍കിയ രേഖകള്‍ പ്രകാരം, ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തിന്റെ ഇരകളും അതിജീവിച്ചവര്‍ക്കും 2025 ഫെബ്രുവരിയിലെ കണക്കനുസരിച്ച് 30.78 കോടി രൂപയുടെ കുടിശ്ശികയാണുള്ളത്. കേരള ബാങ്ക് അവരുടെ കുടിശ്ശികയായ 4.98 കോടി രൂപയുടെ വായ്പകള്‍ പൂര്‍ണ്ണമായും എഴുതിത്തള്ളിയതായും പ്രിയങ്ക ഗാന്ധി എം.പി. കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
നിയമാനുസൃതവും ന്യായയുക്തവുമായ ദുരന്തബാധിതരുടെ ആവശ്യം മാനുഷിക പരിഗണനയോടെ കാണണമെന്നും വായ്പകള്‍ എഴുതിത്തള്ളാനുള്ള നടപടികള്‍ക്ക് പ്രധാനമന്ത്രി തന്നെ നേതൃത്വം നല്കണമെന്നുമുള്ള അഭ്യര്‍ത്ഥനയോടെയാണ് പ്രിയങ്ക ഗാന്ധി എം.പി. കത്ത് അവസാനിപ്പിക്കുന്നത്.





Leave a Reply