May 5, 2026

അഴിമതിയും ധൂര്‍ത്തുമെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് ബ്രഹ്‌മഗിരി ഭരണസമിതി

0
site-psd-131
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ബ്രഹ്‌മഗിരി ഡവലപ്മെന്റെ സൊസൈറ്റി വിവിധ പ്രോജക്ടുകള്‍ നടപ്പാക്കിയതില്‍ അഴിമതിയും ധൂര്‍ത്തും നടന്നുവെന്നും നിക്ഷേപകരെ വഞ്ചിച്ചുവെന്നുമുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഭരണസമിതി അവകാശപ്പെട്ടു. മലബാര്‍ മീറ്റ് ഫാക്ടറി പ്രവര്‍ത്തനം ഈ മാസം അവസാനത്തോടെ പുനരാരംഭിക്കുമെന്ന് അറിയിച്ചു.തുടക്കം മുതല്‍ സ്ഥാപനം പ്രവര്‍ത്തിച്ചതും വളര്‍ന്നതും ജനപിന്തുണ ഉപയോഗപ്പെടുത്തിയാണ്. ഒരു സ്ഥാപനത്തില്‍ ആരംഭത്തില്‍ സംഭവിക്കാവുന്ന ദൗര്‍ബല്യങ്ങള്‍ മാനേജ്മെന്റുതലത്തില്‍ ഉണ്ടായിട്ടുണ്ട്. സ്ഥാപനത്തിന് സാമ്പത്തികപിന്തുണ നല്‍കിയവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം എത്രയും വേഗം കാണാനാകുമെന്ന ആത്മവിശ്വാസം ഉണ്ടെന്നും ഭരണസമിതി അറിയിച്ചു.

ക്ഷീരമേഖലയുടെ വികസനം മുന്‍നിര്‍ത്തി 1999ല്‍ സര്‍ക്കാര്‍ ഉത്തരവിലൂടെ രൂപീകൃതമായതാണ് ബ്രഹ്‌മഗിരി സൊസൈറ്റി. ക്ഷീരമേഖലയില്‍ ജില്ലയെ മുന്‍നിരയില്‍ എത്തിക്കുന്നതില്‍ സൊസൈറ്റി മുഖ്യപങ്ക് വഹിച്ചു. കാല്‍നൂറ്റാണ്ടുമുമ്പ് കാര്‍ഷികത്തകര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് ജനകീയ കൂട്ടായ്മയില്‍ മാംസ സംസ്‌കരണ ഫാക്ടറി എന്ന ആശയം ഉയര്‍ന്നത്. 2014ല്‍ മലബാര്‍ മീറ്റ് എന്ന ബ്രാന്‍ഡില്‍ ഉത്പാദനം ആരംഭിച്ചു. പിന്നീട് കേരള ചിക്കന്‍ പദ്ധതി തുടങ്ങി. 2022 അവസാനത്തോടെ ഫാക്ടറി പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കേണ്ടിവന്നു. പ്രവര്‍ത്തനമൂലധനം ലഭിക്കാത്തതും വിപണരംഗത്തെ പ്രശ്നങ്ങളും അസംസ്‌കൃത വസ്തുവായ അറവുമാടുകളുടെ ലഭ്യതക്കുറവുമാണ് സ്ഥാപനത്തെ പ്രതിസന്ധിയിലാക്കിയത്. ഉത്പാദനശേഷിയുടെ 10 ശതമാനമാണ് വിനിയോഗിക്കാനായത്. നോട്ട് നിരോധനം, കോവിഡ്, പ്രളയം എന്നിവ കൂടിയായാപ്പോള്‍ മൂലധനസമാഹരണം ദുഷ്‌കരമായി. സ്ഥാപനത്തിന് നേതൃത്വം നല്‍കിയ മുന്‍ ചെയര്‍മാന്‍ ഉള്‍പ്പെടെ ഡയറക്ടര്‍മാരും തൊഴിലാളികളും സൊസൈറ്റി അംഗങ്ങളില്‍ ഒരുവിഭാഗവും ഉള്‍പ്പെടെ പണം നിക്ഷേപിച്ചവര്‍ പ്രതിസന്ധിക്ക് ഇരകളാണ്. അഴിമതി ആരോപണം ഉന്നയിക്കുന്നവര്‍ ഇക്കാര്യം മറച്ചുവയ്ക്കുകയാണ്.
സംരംഭത്തില്‍ ഭാഗഭാക്കായ എല്ലാവരെയും പ്രതിസന്ധി കടുത്ത ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ഇതേക്കുറിച്ച് വിമര്‍ശനങ്ങളും ചര്‍ച്ചകളും പ്രതിഷേധങ്ങളും സ്വാഭാവികമാണ്. വിമര്‍ശനങ്ങളെ ഗൗരവത്തിലെടുത്താണ്
സ്ഥാപനം തുറന്നുപ്രവര്‍ത്തിപ്പിക്കുന്നതിന് ശ്രമങ്ങളുമായി ഭരണസമിതി മുന്നോട്ടുപോകുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *