August 20, 2026

പഠിക്കാനൊരിടം, പഠിപ്പിക്കാന്‍ ട്യൂട്ടര്‍! പാലിയണ ഉന്നതിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി തയ്യാര്‍

0
site-psd-352
By ന്യൂസ് വയനാട് ബ്യൂറോ

പാലിയണ ഉന്നതിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി തയ്യാര്‍. ഉന്നതിയില്‍ പുനരധിവസിപ്പിച്ച 38 കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പഠിക്കാന്‍ ഒരിടവും പഠിപ്പിക്കാന്‍ ട്യൂട്ടറേയും ഒരുക്കിയിരിക്കുന്നത്. പഠനമുറി ഉദ്ഘാടനം പട്ടികജാതി – പട്ടിക വര്‍ഗ- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആര്‍ കേളു നിര്‍വഹിച്ചു.സ്‌കൂളില്‍ പഠിച്ച പാഠ്യഭാഗങ്ങള്‍ വീണ്ടും കുട്ടികളെ പഠിപ്പിക്കാനും കൃത്യമായ പഠനരീതി പരിശീലിപ്പിക്കുന്നതിനും അവസരമൊരുക്കുകയാണ് പഠന മുറിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ട്യൂഷന്‍, പഠന സാമഗ്രികളുടെ വിതരണം, ലഘുഭക്ഷണം, കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് സൗകര്യം, പുസ്തകങ്ങള്‍ എന്നിങ്ങനെയുള്ള അധിക സൗകര്യങ്ങള്‍ സാമൂഹ്യ പഠനമുറിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഉന്നതികളിലെ അഭ്യസ്ഥവിദ്യരായ യുവതീ-യുവാക്കളെ ട്യൂട്ടര്‍മാരായി തെരഞ്ഞെടുത്ത് പഠനമുറികളില്‍ നിയമിക്കും. വൈദ്യുതി, കുടിവെള്ളം ഉള്‍പ്പെടെയുള്ള എല്ലാ അടിസ്ഥാനസൗകര്യങ്ങളും ഇവിടെ സജ്ജമാണ്. ഇതിനുപുറമെ ഉന്നതി നിവാസികളുടെ കലാ-സാംസ്‌കാരിക ഉന്നമനത്തിനും അവര്‍ക്ക് ഒത്തുചേരാനുള്ള ഒരിടമായിട്ടുകൂടിയാണ് കെട്ടിടം നിര്‍മ്മിച്ചത്. 25 ലക്ഷം രൂപ വിനിയോഗിച്ചാണ് 971 ച.മീറ്റര്‍ വിസ്തീര്‍ണത്തില്‍ ജില്ലാ നിര്‍മ്മിതി കേന്ദ്രം കെട്ടിടനിര്‍മ്മാണം പൂര്‍ത്തികരിച്ചത്. ഓഫീസ് റൂം, ടോയ്‌ലറ്റ്, വരാന്ത, സ്റ്റയര്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ അധ്യക്ഷയായ പരിപാടിയില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ആരോഗ്യ- വിദ്യാഭ്യാസ-സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. കല്യാണി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ അംഗം ബാലന്‍ വെള്ളരിമ്മല്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, മാനന്തവാടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ എം.മജീദ്, അസിസ്റ്റന്റ്‌ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ ടി.കെ മനോജ്, ജില്ലാ നിര്‍മിതി കേന്ദ്ര എക്‌സ്‌ക്യൂട്ടീവ് സെക്രട്ടറി ഒ.കെ സാജിത്, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍, നാട്ടുകാര്‍, ഉന്നതി നിവാസികള്‍ എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *