നാടിന്റെ ആഘോഷമായി വയനാട് മെഡിക്കല്‍ കോളേജിലെ ആദ്യ എം.ബി.ബി.എസ് ബാച്ചിന്റെ പ്രവേശനോത്സവം
മാനന്തവാടി:വയനാട് മെഡിക്കല്‍ കോളേജിലെ ആദ്യ എം.ബി.ബി.എസ് ബാച്ച് വിദ്യാര്‍ത്ഥികളുടെ പ്രവേശനോത്സവം ഒരു നാടിന്റെ ആഘോഷമാക്കി ആരോഗ്യ-വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. മാനന്തവാടി- അമ്പുകുത്തിയില്‍ 28 ഏക്കറില്‍ എല്ലാ സൗകര്യങ്ങളോടെയുമുള്ള മെഡിക്കല്‍ കോളേജ് ക്യാമ്പസ് ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി സംസ്ഥാനത്ത് തന്നെ സൗകര്യങ്ങളൊരുക്കുകയെന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്.വയനാട് മെഡിക്കല്‍ കോളജില്‍ 15 സൂപ്പര്‍ സ്‌പെഷ്യാലിറ്റി തസ്തികകള്‍ അനുവദിച്ചതായും മന്ത്രി പറഞ്ഞു.
എല്ലാ ജില്ലകളിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുള്ള സംസ്ഥാനമായി കേരളം. എല്ലാ ജില്ലകളിലും ഗവ. നഴ്‌സിങ് കോളേജുകളെന്ന ലക്ഷ്യവും കൈവരിച്ചു. എം.ബി.ബി.എസ് ആദ്യവര്‍ഷ ക്ലാസുകള്‍ ആരംഭിക്കുന്നതിന് 115 അധ്യാപക തസ്തികകളും 25 അനധ്യാപക തസ്തികകളും ഉള്‍പ്പെടെ 140 തസ്തികകള്‍ സൃഷ്ടിച്ചു.
നബാര്‍ഡിന്റെ സഹായത്തോടെ 45 കോടി ചെലവില്‍ മള്‍ട്ടി പര്‍പസ് ബ്ലോക്ക്, സ്റ്റേറ്റ് പ്ലാന്‍ ഫണ്ട് വിനിയോഗിച്ച് 8.23 കോടി ചെലവില്‍ കാത്ത് ലാബ്, ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയകളും ആശുപത്രിയില്‍ ആരംഭിച്ചു. എന്‍.എച്ച്.എം ഫണ്ടില്‍ നിന്ന് 2.30 കോടി വിനിയോഗിച്ച് ആധുനിക മോര്‍ച്ചറി കോംപ്ലക്‌സ് സാധ്യമാക്കും.
ഹഡ്‌കോയുടെ 70 ലക്ഷം രൂപയുടെ സി.എസ്.ആര്‍ ഫണ്ട് വിനിയോഗിച്ച് സ്‌കില്‍ലാബ് സാധ്യമാക്കി.എംഎല്‍എ ഫണ്ടില്‍ നിന്ന് 18 ലക്ഷം രൂപ വിനിയോഗിച്ച് പവര്‍ ലോണ്‍ട്രി, 20.61 ലക്ഷം രൂപയുടെ
എന്‍.എച്ച്.എം ഫണ്ട് ഉപയോഗിച്ച് ഓക്‌സിജന്‍ ജനറേറ്റര്‍ പ്ലാന്റ് എന്നിവയും പൂര്‍ത്തിയാക്കി. ലക്ഷ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലേബര്‍ റൂം സ്റ്റാന്റേഡൈസേഷന്‍ നടപ്പാക്കി. ശാക്തീകരണത്തിനായി 34.71 ലക്ഷം രൂപയുടെ എന്‍.എച്ച്.എം ഫണ്ട് വകയിരുത്തി. ഇ.സി.ആര്‍.പി.യില്‍ ഉള്‍പ്പെടുത്തി പീഡിയാട്രിക് ഐ.സി.യു സജ്ജീകരിച്ചു.
എന്‍.എച്ച്.എം ഫണ്ട് 45 ലക്ഷം ഉപയോഗിച്ച് പീഡിയാട്രിക് ഐ.സി.യു പ്രവര്‍ത്തിക്കുന്നതിനാവശ്യമായ 250 കെ.വി.എ ജനറേറ്റര്‍ സ്ഥാപിച്ചു.
സംസ്ഥാനത്ത് ആദ്യമായി സിക്കിള്‍ സെല്‍ യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചത് ജില്ലയിലെ സിക്കിള്‍ സെല്‍ രോഗികള്‍ക്ക് ആശ്വാസമായി. ജില്ലയില്‍ ആദ്യമായി അരിവാള്‍കോശ രോഗിയില്‍ ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി.
മെഡിക്കല്‍ കോളജിലെ ആദ്യ ബാച്ചിലെ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളുമായി ആരോഗ്യ – വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സംവദിച്ചു. വിദ്യാര്‍ത്ഥികള്‍ അവരുടെ ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളും മന്ത്രിയുമായി ചര്‍ച്ച ചെയ്തു. ആവശ്യങ്ങള്‍ വേഗത്തില്‍ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
വയനാട് ജില്ലയെ സംസ്ഥാന സര്‍ക്കാര്‍ ഏറെ പ്രാധാന്യത്തോടെയാണ് പരിഗണിക്കുന്നതെന്ന്പരിപാടിയില്‍ അധ്യക്ഷത വഹിച്ച പട്ടികജാതി- പട്ടിക വര്‍ഗ്ഗ- പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു പറഞ്ഞു.മുണ്ടക്കൈ – ചൂരല്‍മല ദുരിതബാധിതരായ കുടുംബങ്ങള്‍ക്കായി പുനരാധിവാസ ടൗണ്‍ഷിപ്പ് അതി വേഗം പുരോഗമിക്കുകയാണ്. തുരങ്കപാത നിര്‍മ്മാണം, പടിഞ്ഞാറത്തറ – പൂഴിത്തോട് ബദല്‍ പാത, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, തുടങ്ങിഅടിസ്ഥാന മേഖല ശക്തിപ്പെടുത്തുന്ന പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. അതിന്റെ മാറ്റങ്ങള്‍ ജില്ലയിലും കാണാന്‍ സാധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
മെഡിക്കല്‍ കോളേജ് പരിസരത്ത് നടന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. കെ.വി വിശ്വനാഥന്‍, മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ രത്നവല്ലി, അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചന, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് കുട്ടി ബ്രാന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി. മോഹന്‍ദാസ്, ഡി.പി.എം ഡോ. സമീഹ സൈതലവി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ആര്‍. ചാന്ദിനി, സൂപ്രണ്ട് കെ.എം സച്ചിന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, ആശുപത്രി ജീവനക്കാര്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.





Leave a Reply