May 4, 2026

നേട്ടങ്ങള്‍ അവതരിപ്പിച്ചും വികസന കാഴ്ചപാടുകള്‍ക്ക് രൂപം നല്‍കിയും പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് വികസന സദസ്

0
site-psd--497
By ന്യൂസ് വയനാട് ബ്യൂറോ

വികസന നേട്ടങ്ങള്‍ അവതരിപ്പിച്ചും ഭാവിയിലേക്കുള്ള വികസന കാഴ്ചപ്പാടുകള്‍ക്ക് രൂപം നല്‍കിയും പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് വികസന സദസ്. ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. ഗ്രാമീണ മേഖലകളിലടക്കം ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്താനും സര്‍ക്കാര്‍ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നതെന്ന് അവര്‍ പറഞ്ഞു. പഞ്ചായത്തില്‍ ഇപ്പോഴത്തെ ഭരണ സമിതിയുടെ കാലയളവില്‍ ലൈഫ് ഭവന പദ്ധതിയിലൂടെ 658 വീടുകള്‍ അനുവദിക്കുകയും 445 എണ്ണത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുകയും ചെയ്തു.

400 കുടുംബങ്ങള്‍ക്ക് വീടുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താനും 48 കുടുംബങ്ങള്‍ക്ക് ശുചിമുറി നിര്‍മ്മാണത്തിനും ധനസഹായം അനുവദിച്ചു. റോഡുകള്‍, നടപ്പാതകള്‍, കെട്ടിടങ്ങള്‍, റോഡ് നവീകരണം, കിണറുകള്‍, കുടിവെള്ള പദ്ധതികള്‍, നടപ്പാലം, കലുങ്കുകള്‍, ഡ്രൈനേജുകള്‍, സ്ട്രീറ്റ് ലൈറ്റ് മുതലായ പശ്ചാത്തല വികസന പദ്ധതികള്‍ക്ക് 16.18 കോടി രൂപ ചെലവഴിച്ചു.

മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തുമായി സംയോജിച്ച് പുല്‍പള്ളി ഗ്രാമ പഞ്ചായത്തില്‍ സഞ്ചരിക്കുന്ന മൃഗാശുപത്രി സാധ്യമാക്കി. പനമരം ബ്ലോക്ക് പഞ്ചായത്തുമായി ചേര്‍ന്ന് വാട്ടര്‍ എ.ടി.എം സ്ഥാപിച്ചു. 5.90 കോടി ചെലവില്‍ പുതിയ പഞ്ചായത്ത് ഓഫീസ് കെട്ടിടം നിര്‍മ്മിച്ചു. കുട്ടികള്‍, ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, എന്നിവര്‍ക്കായി അങ്കണവാടി കലോത്സവം, ഭിന്നശേഷി കലോത്സവം, വയോജന സംഗമം എന്നിവ സംഘടിപ്പിച്ചു. വന്യമൃഗ ശല്യം നിയന്ത്രിക്കുന്നതിന് വനപ്രദേശങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വാര്‍ഡുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കി സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു. പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ജീവിത – പഠന സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് നഗാമു ഐരമു എന്ന പേരിലുള്ള പദ്ധതി മൂന്ന് വര്‍ഷമായി നടപ്പിലാക്കുന്നു.

ഹരിതകര്‍മ്മ സേനയ്ക്ക് അജൈവ മാലിന്യനീക്കം സുഗമമാക്കുന്നതിനായി ഇലക്ട്രിക് ഓട്ടോ, പിക്ക് അപ്പ് എന്നിവ വാങ്ങി. എം.സി.എഫില്‍ ബെയിലിംങ് മെഷീന്‍ സ്ഥാപിച്ചു. ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുയും അര്‍ഹരായവര്‍ക്ക് ആവശ്യമായ സഹായോപകരണങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. വയോജനങ്ങള്‍ക്ക് കട്ടില്‍, കമ്പിളി തുടങ്ങിയവ നല്‍കി. പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ശുദ്ധജല വിതരണം ഉറപ്പാക്കുന്നതിനായി വാട്ടര്‍ ടാങ്കുകള്‍ വിതരണം ചെയ്തു. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ അര്‍ഹരായ പുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ വര്‍ഷവും ലാപ്‌ടോപ്പുകളും സ്‌കോളര്‍ഷിപ്പും നല്‍കുന്നു. അങ്കണവാടികള്‍ക്ക് വാട്ടര്‍ പ്യൂരിഫയര്‍, ഫര്‍ണിച്ചര്‍, കിച്ചന്‍ സ്റ്റാന്‍ഡ്, ഗ്യാസ് സ്റ്റൗ, അടുക്കള ഉപകരണങ്ങള്‍ തുടങ്ങിയവയും വിതരണം ചെയ്തു.

ഓപ്പണ്‍ ഫോറത്തില്‍ പഞ്ചായത്തിന്റെ ഭാവി വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായ ചര്‍ച്ചയാണ് നടന്നത്. പൊതുസ്ഥലങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കി വരികയാണെങ്കിലും, അവരുടെ വീടുകളില്‍ ഭിന്നശേഷി സൗഹൃദടോയ്‌ലറ്റുകള്‍, ഉപകരണങ്ങള്‍, വഴിസൗകര്യം തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത പ്രതിനിധികള്‍ ഉന്നയിച്ചു. സ്ഥലപരിമിതിയുള്ള അങ്കണവാടികള്‍ക്ക് ആവശ്യത്തിന് സ്ഥലം അനുവദിക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും വേണമെന്നും അഭിപ്രായമുയര്‍ന്നു. കുട്ടികള്‍ക്കായി പൊതുവായ കളിസ്ഥലം ഒരുക്കുകയും, സ്ഥിരമായ കൗണ്‍സിലിംഗ് സംവിധാനമൊരുക്കുകയും ചെയ്യുന്നതിനൊപ്പം പഞ്ചായത്തില്‍ ഒരു ബഡ്‌സ് സ്‌കൂള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

ജീവിതശൈലി രോഗങ്ങള്‍ തടയുന്നതിനായി ഓപ്പണ്‍ ജിം, ഹരിത കര്‍മ്മസേന അംഗങ്ങളുടെ കൂലി വര്‍ദ്ധനവ്, തൊഴിലുറപ്പ് പദ്ധതി കാര്‍ഷിക മേഖലയിലേക്ക് കൂടുതല്‍ ഫലപ്രദമായി വിനിയോഗിക്കുന്നതിനായി പ്രത്യേക പദ്ധതികള്‍, കൃഷിസ്ഥലങ്ങളില്‍ പൂര്‍ണമായ ജലസേചന സംവിധാനം, വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരപദ്ധതി, ഗുണമേന്മയുള്ള നടീല്‍ വസ്തുക്കള്‍ കര്‍ഷകര്‍ക്ക് മിതമായ നിരക്കില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍, പാടശേഖരങ്ങളിലേക്ക് റോഡുകളുടെ നിര്‍മാണം എന്നിങ്ങനെയുള്ള ആവശ്യങ്ങളും ചര്‍ച്ചയായി. കൂടുതല്‍ പ്രീ സ്‌കൂളുകള്‍ സ്ഥാപിക്കണമെന്നും, വിദ്യാലയങ്ങളില്‍ കായിക പരിശീലനത്തിന് ആവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കണമെന്നും പഞ്ചായത്തില്‍ പൊതുവായ ഇലക്ട്രിക് ശ്മശാനം ഒരുക്കമെന്നുമുള്ള നിര്‍ദേശങ്ങളും മുന്നോട്ടുവെച്ചു.

പുല്‍പള്ളി ഗ്രാമപഞ്ചായത്ത് അംഗം ബാബു കണ്ടത്തിന്‍കര അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോഷി ചാരുവേലില്‍, ഉഷ ടീച്ചര്‍, അനില്‍ സി കുമാര്‍, ഇ.എം ആശ, ഉഷ സത്യന്‍, സുശീല സുബ്രമണ്യന്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗം നിഖില പി ആന്റണി, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ.കെ വിമല്‍ രാജ്, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് സി.ജെ വില്‍സണ്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എ ജയസുധ, ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *