സുഗന്ധഗിരിയിലെ കൈവശ കുടുംബങ്ങള്‍ക്ക് പട്ടയം: നീക്കങ്ങള്‍ക്ക് മന്ദഗതി
കല്‍പ്പറ്റ: പിരിച്ചുവിട്ട സുഗന്ധഗിരി ഏലം പ്രോജക്ടിലെ കുടുംബങ്ങള്‍ കൈവശഭൂമിക്ക് പട്ടയം ലഭിക്കാതെ വലയുന്നു. പട്ടയത്തിന്റെ അഭാവത്തില്‍ ഭൂമി പണയപ്പെടുത്തി ധനകാര്യസ്ഥാപനങ്ങളില്‍നിന്നു വായ്പ എടുക്കാന്‍പോലും കഴിയാതെ വിഷമിക്കുകയാണ് പ്രോജക്ട് ഭൂമിയിലെ പട്ടികജാതി, വര്‍ഗ കുടുംബങ്ങള്‍. സുഗന്ധഗിരിയില്‍ ഭൂമി അനുവദിച്ച കുടുംബങ്ങള്‍ക്ക് കൈവശരേഖയാണ് സര്‍ക്കാര്‍ നല്‍കിയത്. പട്ടയത്തിന് കൈവശക്കാര്‍ നടത്തുന്ന ശ്രമം ഇനിയും ലക്ഷ്യത്തിലെത്തിയില്ല.പട്ടയം അനുവദിക്കുന്നതിന് നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് എന്‍സിപി സര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദം ചെലുത്തുമെന്ന് സംസ്ഥാന സെക്രട്ടറി സി.എം. ശിവരാമന്‍, ജില്ലാ സെക്രട്ടറി എ.എച്ച്. സൈമണ്‍, സുഗന്ധഗിരി യൂണിറ്റ് പ്രസിഡന്റ് എസ്. സുമേഷ് എന്നിവര്‍ പറഞ്ഞു.
വൈത്തിരി താലൂക്കിലാണ് സുഗന്ധഗിരി. അടിമവേലയില്‍നിന്നു മോചിപ്പിച്ച പട്ടികവര്‍ഗ കുടുബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് 1976ലാണ് ഇവിടെ ഏലം പ്രോജക്ട് ആരംഭിച്ചത്. 1,500 ഹെക്ടര്‍ വരുന്ന പ്രോജക്ട് ഭൂമി 1971ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ്(വെസ്റ്റിംഗ് ആന്‍ഡ് അസൈന്‍മെന്റ്)നിയമപ്രകാരം സര്‍ക്കാരില്‍ നിക്ഷിപ്തമായതും സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് ഭൂരഹിത പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് പതിച്ചു നല്‍കുന്നതിനു വനം വകുപ്പില്‍നിന്നു റവന്യു വകുപ്പിനു കൈമാറിയതുമാണ്. 1977ല്‍ രൂപീകൃതമായ സൗത്ത് വയനാട് ഗിരിജന്‍ ജോയിന്റ് ഫാമിംഗ് കോഓപ്പറേറ്റീവ് സൊസൈറ്റിക്കു കീഴിലായിരുന്നു പ്രോജക്ട് പ്രവര്‍ത്തനം. പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കാണ് സൊസൈറ്റിയില്‍ അംഗത്വം നല്‍കിയത്. സൊസൈറ്റി അംഗങ്ങള്‍ക്കു പുറമേ പട്ടികവര്‍ഗത്തില്‍പ്പെട്ടവരെയും പട്ടികജാതിക്കാരെയും പ്രോജക്ടില്‍ തൊഴിലാളികളായി നിയമിച്ചിരുന്നു.
ഭൂമി ഉത്പാദനക്ഷമമാക്കിയശേഷം അംഗങ്ങള്‍ക്ക് വിതരണം ചെയ്യുകയായിരുന്നു സൊസൈറ്റിയുടെ ലക്ഷ്യം.ഏലവും കാപ്പിയും കുരുമുളകും ഉള്‍പ്പെടെ കൃഷികളുണ്ടായിരുന്ന പ്രോജക്ട് ഭൂമി സൊസൈറ്റി അംഗങ്ങള്‍ക്ക് അനുവദിക്കണമെന്ന ആവശ്യം പില്‍ക്കാലത്ത് ശക്തമായി. ഇത് സര്‍ക്കാര്‍ അംഗീകരിച്ചതിനെത്തുടര്‍ന്ന് 2012 ഏപ്രില്‍ 20ന് സൊസൈറ്റിയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. പിന്നീട് ഭൂമി പതിച്ചുനല്‍കി. സൊസൈറ്റി അംഗങ്ങള്‍ ഉള്‍പ്പെടുന്ന 356 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് അഞ്ച് ഏക്കര്‍ വീതവും തൊഴിലാളികളായിരുന്ന 22 പട്ടികവര്‍ഗക്കാര്‍ക്കു രണ്ട് ഏക്കര്‍ വീതവും 22 പട്ടികജാതിക്കാര്‍ക്ക് ഒരു ഏക്കര്‍ വീതവും ഭൂമിയാണ് നല്‍കിയത്. സൊസൈറ്റി അംഗങ്ങളായിരുന്നവര്‍ പ്രത്യേക യോഗം ചേര്‍ന്നാണ് തൊഴിലാളികളായിരുന്ന പട്ടികജാതിക്കാര്‍ക്ക് ഭൂമി അനുവദിക്കാന്‍ തീരുമാനിച്ചത്.
1997 ഫെബ്രുവരി 11ലെ ജിഒ(എംഎസ്) 88/97/റവന്യു നമ്പര്‍ ഉത്തരവ് പ്രകാരമുള്ള കൈവശരേഖയാണ് സുഗന്ധഗിരിയിലെ കുടുംബങ്ങള്‍ക്ക് നല്‍കിയത്.
ഭൂമി കൈമാറാനും മരം മുറിക്കാനും മറ്റും കൈവശക്കാര്‍ക്ക് അനുവാദമില്ല. മരങ്ങളുടെ ഉടമാവകാശം വനം വകുപ്പിനാണ്. സുഗന്ധഗിരി ഭൂമി നിക്ഷിപ്ത വനമായാണ് വില്ലേജ് ബിടിആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.കൈവശരേഖ അനുവദിച്ച സ്ഥലത്തിന് പട്ടയം ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ തീരുമാനം ആവശ്യമാണ്. സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് പട്ടികവര്‍ഗക്കാര്‍ക്ക് പതിച്ചുനല്‍കുന്നതിനു വിട്ടുകിട്ടിയ ഭൂമിക്ക് 1974ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ്സ്(വെസ്റ്റിംഗ് ആന്‍ഡ് അസൈന്‍മെന്റ്)ചട്ടങ്ങള്‍ പ്രകാരം പട്ടയം അനുവദിക്കുന്നതിനു നടപടിയാണ് സ്വീകരിക്കേണ്ടതെന്നു സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. പട്ടയം ആവശ്യപ്പെട്ട് എന്‍സിപി സുഗന്ധഗിരി യൂണിറ്റ് മുഖ്യമന്ത്രിയുടെ നവകേരള സദസില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതേത്തുര്‍ന്ന് പ്രോജക്ടിലെ കുടുംബങ്ങള്‍ക്ക് അനുവദിച്ച കൈവശരേഖ റദ്ദുചെയ്ത് പട്ടയം നല്‍കാമോ എന്നതില്‍ ഉദ്യോഗസ്ഥതലത്തില്‍ പരിശോധന നടന്നുവരുന്നതായാണ് വിവരം.





Leave a Reply