November 16, 2026

പുരസ്‌കാര നിറവിൽ വയനാട്ടിലെ ആരോഗ്യ സ്ഥാപനങ്ങൾ

0
IMG_20251029_213946
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :സംസ്ഥാന സർക്കാരിന്റെ കായകൽപ, ആർദ്രകേരളം പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങൾ. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി ഏറ്റവും മികച്ച താലൂക്ക് ആശുപത്രിക്കുള്ള സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കായകല്‍പ പുരസ്‌ക്കാരത്തിലെ രണ്ടാം സ്ഥാനം ഏറ്റുവാങ്ങി. ജില്ലയിലെ മികച്ച പ്രവര്‍ത്തനത്തിനുള്ള ആര്‍ദ്രകേരളം പുരസ്കാരം 2022-23 വര്‍ഷത്തിൽ നൂൽപ്പുഴ പഞ്ചായത്തും 2023-24 വര്‍ഷത്തിൽ എടവക പഞ്ചായത്തുമാണ് സ്വന്തമാക്കിയത്.

 

91 ശതമാനം മാര്‍ക്ക് നേടിയാണ് സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി പുനലൂര്‍ താലൂക്ക് ആശുപത്രിക്കൊപ്പം കായകൽപ പുരസ്കാരത്തിലെ രണ്ടാം സ്ഥാനം പങ്കിട്ടത്. 10 ലക്ഷം രൂപയാണ് പുരസ്കാര തുക. തിരുവനന്തപുരം ടാഗോർ തിയറ്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിൽ നിന്നും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി സിന്ധു, ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട്ശ്രീജ പള്ളിക്കര എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി. സുൽത്താൻബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ പിന്തുണയോടെ നടപ്പാക്കിയ വിവിധ പ്രവർത്തനങ്ങളാണ് സ്ഥാപനത്തെ പുരസ്കാരനിറവിൽ എത്തിച്ചത്.

 

മീനങ്ങാടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് തുടർച്ചയായി രണ്ടാം തവണയും കായകൽപ്പക കമ്മന്റേഷൻ പുരസ്കാരം ലഭിച്ചു. നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രവും വടക്കനാട് ജനകീയ ആരോഗ്യ കേന്ദ്രവും കായകല്‍പ പുരസ്കാരങ്ങൾക്ക് അര്‍ഹമായി. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി മികച്ച പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് കായകല്‍പ അവാര്‍ഡ് നൽകുന്നത്. ഓരോ ആശുപത്രികളിലും ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തിയ ശേഷം സംസ്ഥാനതല കമ്മിറ്റിയാണ് മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തത്.

 

ആരോഗ്യ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകിവരുന്ന ആർദ്ര കേരളം പുരസ്‌കാരങ്ങളിൽ നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് 2023-24 വര്‍ഷത്തിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം നേടി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷിനൊപ്പം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഓമന പ്രേമൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ഷാജഹാൻ, ആരോഗ്യ പ്രവര്‍ത്തകരായ സനിൽ, രശ്മി, അനീറ്റ എന്നിവര്‍ ചേര്‍ന്ന് അവാർഡ് ഏറ്റുവാങ്ങി.

 

2023-24 വര്‍ഷത്തെ ആര്‍ദ്ര കേരളം പുരസ്കാരങ്ങളിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം എടവക പഞ്ചായത്തിനാണ്. ഹെൽത്ത്‌ ഇൻസ്‌പെക്ടർ റഫീഖ് അലി, ജൂനിയര്‍ ഹെൽത്ത്‌ ഇൻസ്‌പെക്ടർ റെജി വടക്കയിൽ എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി. ആരോഗ്യ മേഖലയിലെ മികച്ച ഇടപെടലുകളാണ് പുരസ്കാര നേട്ടത്തിലേക്ക് പഞ്ചായത്തിനെ നയിച്ചത്. നേരത്തെ കായകൽപ അവാർഡ്, എൻ.ക്യു.എ.എസ് അംഗീകാരം തുടങ്ങിയവയും എടവക പഞ്ചായത്ത് കരസ്ഥമാക്കിയിട്ടുണ്ട്. രണ്ടാം സ്ഥാനം മുട്ടിൽ ഗ്രാമപഞ്ചായത്തും മൂന്നാം സ്ഥാനം മൂപ്പൈനാട് ഗ്രാമപഞ്ചായത്തും നേടി. 2022-23 വര്‍ഷത്തെ ആര്‍ദ്ര കേരളം പുരസ്കാരങ്ങളിൽ നൂൽപ്പുഴ പഞ്ചായത്തിനാണ് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം അമ്പലവയൽ പഞ്ചായത്തും മൂന്നാം സ്ഥാനം എടവക പഞ്ചായത്തും സ്വന്തമാക്കി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *