ശിശുദിനാഘോഷത്തിൽ കളക്ടര്‍ മുഖ്യാതിഥിയാവും
കൽപ്പറ്റ :ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ നവംബർ 14ന് സംഘടിപ്പിക്കുന്ന ശിശുദിനാഘോഷത്തിൽ ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ മുഖ്യാതിഥിയാവും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ് ശിശുദിന സ്റ്റാറ്റസ് പ്രകാശനം ചെയ്യും. കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ നിന്ന് ആരംഭിക്കുന്ന ശിശുദിന റാലി എസ്.കെ.എം.ജെ. ഹയർ സെക്കൻഡറി സ്കൂളിൽ സമാപിക്കും. കൽപ്പറ്റയിലെയും സമീപ പ്രദേശങ്ങളിലെയും വിവിധ സ്കൂളുകളിൽ നിന്ന് അഞ്ഞൂറോളം വിദ്യാർത്ഥികൾ റാലിയിൽ പങ്കെടുക്കും. എസ്.പി.സി, സ്കൗട്ട്, ഗൈഡ്സ്, റെഡ് ക്രോസ് യൂണിറ്റുകളും പങ്കെടുക്കും.
ശിശുദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല പ്രസംഗ മത്സരത്തിൽ എൽ.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ഇരുളം ജി.എച്ച്.എസ് വിദ്യാര്‍ത്ഥിനി തന്വംഗി സുഹാനയെ കുട്ടികളുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തിട്ടുണ്ട്. തന്വംഗി സുഹാന ശിശുദിനാഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട നടവയൽ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ മുഹമ്മദ് അമിൻ ഷാ അധ്യക്ഷത വഹിക്കും. യു.പി വിഭാഗം മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ തരിയോട് സെന്റ് മേരീസ് യുപി സ്കൂളിലെ നിവേദ് ക്രിസ്റ്റി ജയ്സൺ സ്പീക്കറാവും. എൽ.പി വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ കാക്കവയൽ ജി.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥി എഡ്വിൻ ജോഹാൻ ദീപു സ്വാഗതവും മൂന്നാം സ്ഥാനം നേടിയ വാഴവറ്റ എ.യു.പി.എസ് വിദ്യാര്‍ത്ഥി മീവൽ റോസ് നന്ദിയും പറയും. മൂന്നാം സ്ഥാനം നേടിയ പി. എസ് ഫൈബി ആശംസ അർപ്പിക്കും. യോഗത്തിൽ ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി കെ. രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി സി.കെ ഷംസുദ്ദീൻ, സി ജയരാജൻ, ഡി.സി.പി.ഒ കാർത്തിക അന്ന തോമസ്, കെ ബബിത, എൽ.എസ്.ജി.ഡി അസിസ്റ്റന്റ് ഡയറക്ടർ കെ.ടി പ്രജു കുമാർ, ഡോ. ആര്യ വിജയ് കുമാർ, എസ്.ആർ ശ്രീജിത്ത്, കെ നസീമ, പി.ആർ ഗിരിനാഥൻ, ഡി ഗീത, എം ബഷീർ, എന്നിവർ പങ്കെടുത്തു.





Leave a Reply