ജില്ലയില്‍ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു
ജില്ലയില്‍ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു. കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂളില്‍ ആരംഭിച്ച തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തില്‍ 174 പഠിതാക്കള്‍ പരീക്ഷ എഴുതി. പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നവരാണ് കൂടുതലും. നാളെ രാവിലെ ഇംഗ്ലീഷും ഉച്ചകഴിഞ്ഞ് കെമിസ്ട്രി പരീക്ഷയും നടക്കും. നവംബര്‍ 16ന് ഫിസിക്‌സ്, ബയോളജി പരീക്ഷകളും നവംബര്‍ 17ന് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഗണിതശാസ്ത്രം എന്നീ പരീക്ഷകളും നടക്കും. അവസാന ദിവസമായ നവംബര്‍ 18ന് സാമൂഹ്യശാസ്ത്ര പരീക്ഷയാണ് നടക്കുക.
ആഗ്രഹവും സ്വപ്നവും ഇടകലർന്നപ്പോൾ പഠനം വീണ്ടെടുക്കാൻ റസീന
ആഗ്രഹവും സ്വപ്നവും ഒത്തുചേര്‍ന്നപ്പോൾ പഠനം വീണ്ടെടുക്കാൻ റസീന പത്താംതരം തുല്യതാ പരീക്ഷയെഴുതി. ജന്മനാ ഭിന്നശേഷിക്കാരിയായ 50 വയസുകാരി റസീന ഡിഗ്രി പഠന മോഹവുമായാണ് തുല്യതാ പരീക്ഷക്കെത്തിയത്. ശാരീരിക അവശതകൾ കാരണം സ്കൂളിൽ പോയി ഒരു ക്ലാസിൽ പോലും പഠിക്കാൻ കഴിയാതിരുന്ന റസീന സാക്ഷരതാ പരിപാടിയിലൂടെയാണ് ആദ്യാക്ഷരം കുറിച്ചുത്. നാലാം തരം, ഏഴാം തരം തുല്യതാ പഠനങ്ങൾ പൂര്‍ത്തിയാക്കി ഈ വര്‍ഷം പത്താംതരം തുല്യതാ ക്ലാസിൽ അഡ്മിഷനെടുത്തു. കൽപ്പറ്റ ടൗണിനടുത്തുള്ള വീട്ടിൽ ഒറ്റയ്ക്കാണ് റസീനയുടെ താമസം. ഉമ്മയുടെ മരണശേഷം അയൽവാസിയായ താജുന്നിസയുടെ പ്രോത്സാഹനവും പിന്തുണയുമാണ് ഒപ്പം. സ്വന്തം പ്രയത്നത്തിലൂടെ തയ്യലും റസീന വശമാക്കായിട്ടുണ്ട്. പത്താം തരം നല്ല മാർക്കോടെ വിജയിച്ച് പന്ത്രണ്ടാം ക്ലാസും കടന്ന് ഡിഗ്രിയും നേടണമെന്നാണ് റസീനയുടെ ആഗ്രഹം.
അറുപതാം വയസ്സിൽ അങ്കം കുറിക്കാൻ അയ്യപ്പേട്ടൻ
45 വർഷങ്ങൾക്കു മുമ്പ് ഒൻപതാം ക്ലാസിൽ ഉപേക്ഷിച്ച സ്വപ്നങ്ങൾക്കുവേണ്ടി അറുപതാം വയസ്സിൽ ചിറകു വിരിക്കുകയാണ് അയ്യപ്പൻ. എസ്.കെ.എം.ജെ ഹൈസ്കൂളിൽ നടന്ന പത്താംതരം തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ ഏറെ സന്തോഷത്തിലാണ് അയ്യപ്പനെത്തിയത്. റേഷൻ കടയിലെ സെയിൽസ്‍മാനായ അദ്ദേഹം പരീക്ഷ കഴിയുംവരെ പകരക്കാരനെ കട ഏൽപ്പിച്ചാണ് പരീക്ഷയെഴുതുന്നത്. ആദ്യ പരീക്ഷയായ മലയാളത്തിന് നല്ല മാർക്ക് ലഭിക്കുമെന്ന പ്രതീക്ഷയും പങ്കുവെച്ചു. പ്രായമുള്ള പഠിതാക്കൾക്കുള്ള തുല്യതാ പരീക്ഷയിൽ ഒരു ദിവസം രണ്ട് പരീക്ഷ നടത്തുന്നതിൽ അൽപം പരിഭവവും അദ്ദേഹത്തിനുണ്ട്. വെങ്ങപ്പള്ളി സ്വദേശിയായ അയ്യപ്പൻ അവിവാഹിതനാണ്.
ഭിന്നശേഷിക്കാരനായ നിതിനും പരീക്ഷ സഹായിയായ വൈഗയുമൊത്ത് ഇന്നത്തെ പത്താംതരം തുല്യത പരീക്ഷ എഴുതാനെത്തി. സഹോദരിമാരായ ജെസിയയും വാഹിദയും മത്സരിച്ച് പഠിച്ചാണ് പരീക്ഷക്ക് എത്തിയത്. ദമ്പതികളായ 40 കാരൻ അസീസും 39 കാരി സുനീറയും മകളുടെ കൂടെ പ്ലസ് ടു പഠിക്കണമെന്ന ആഗ്രഹത്തോടെ പത്താം തരം തുല്യതയെഴുതുകയാണ്.





Leave a Reply