February 15, 2026

കല്‍പ്പറ്റ ജനറല്‍ ആശുപത്രിക്ക് എലസ്റ്റണ്‍ എസ്റ്റേറ്റില്‍ 10 ഏക്കര്‍ ഭൂമി അനുവദിക്കണം; ടി. സിദ്ധിഖ് എം.എല്‍.എ

0
IMG_20260117_183020
By ന്യൂസ് വയനാട് ബ്യൂറോ

 

 

കല്‍പ്പറ്റ: കല്‍പ്പറ്റ ജനറല്‍ ആശുപത്രിക്ക് എലസ്റ്റണ്‍ എസ്റ്റേറ്റ് (പുനരധിവാസ പ്രദേശത്ത്) 10 ഏക്കര്‍ ഭൂമി അനുവദിച്ച് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് ഉള്‍പ്പെടെയുള്ള പ്രധാന ആരോഗ്യ വികസന പദ്ധതികള്‍ക്ക് അടിയന്തിരമായി രൂപം നല്‍കണമെന്ന് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് മുഖ്യമന്ത്രി പിണറായി വിജയനും, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജിനും നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.

നിയോജകമണ്ഡലത്തിലെ സാധാരണ ജനങ്ങളുടെ പ്രധാന ആശ്രയ കേന്ദ്രമാണ് കല്‍പ്പറ്റ ജനറല്‍ ആശുപത്രി. ദിവസേന ആയിരത്തിലധികം രോഗികള്‍ ചികിത്സയ്ക്കായി ആശുപത്രിയെ ആശ്രയിക്കുന്നുണ്ട്. വയനാട് ജില്ലയില്‍ നിന്നുമാത്രമല്ല, അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ജനങ്ങളും കല്‍പ്പറ്റ ജനറല്‍ ആശുപത്രിയെയാണ് ചികിത്സക്ക് വേണ്ടി പ്രധാന ആശ്രയമായി കാണുന്നതെന്ന് എം.എല്‍.എ കത്തില്‍ ചൂണ്ടിക്കാട്ടി.

തോട്ടം തൊഴിലാളികളും ആദിവാസി സമൂഹങ്ങളും ഉള്‍പ്പെടുന്ന വലിയൊരു ജനവിഭാഗത്തിനായി ആധുനിക സൗകര്യങ്ങളോടുകൂടിയ സമഗ്ര ആരോഗ്യ കേന്ദ്രം അനിവാര്യമാണെങ്കിലും, നിലവിലുള്ള ആശുപത്രിയുടെ സ്ഥലപരിമിതിമൂലം നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. 2024 മാര്‍ച്ച് 5, 2024 ഡിസംബര്‍ 27, 2025 ജൂണ്‍ 24 എന്നീ തീയതികളില്‍ ജില്ലാ കളക്ടറേറ്റിലും ജനറല്‍ ആശുപത്രിയിലും സ്ഥലം ലഭ്യമാക്കുന്നതിന് യോഗങ്ങള്‍ ചേര്‍ന്നിരുന്നു.

നിലവില്‍ ആശുപത്രിയില്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് സ്ഥാപിക്കുന്നതിനായി പി എം -ആയുഷ്മാൻ ഭാരത് ഹെൽത്ത്‌ ഇൻഫ്രാസ്ട്രക്ചർ മിഷൻ സ്‌കീമില്‍ നിന്ന് 23.75 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും, സ്ഥലപരിമിതിയുടെ കാരണത്താല്‍ പദ്ധതി ആരംഭിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. സ്ഥലം ലഭ്യമാകാത്ത പക്ഷം ഈ ഫണ്ട് നഷ്ടപ്പെടാനുള്ള സാഹചര്യമുണ്ടെന്നും എം.എല്‍.എ മുന്നറിയിപ്പ് നല്‍കി.

ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്ത എലസ്റ്റണ്‍ എസ്റ്റേറ്റ് പ്രദേശത്ത് നിന്നും 10 ഏക്കര്‍ സ്ഥലം അനുവദിച്ചാല്‍ പുതിയ ആധുനിക ആശുപത്രി സമുച്ചയം സ്ഥാപിക്കാനാവുമെന്നും, ഇതിലൂടെ പ്രതിദിനം 3000-ത്തിലധികം രോഗികള്‍ക്ക് ചികിത്സ നല്‍കാന്‍ കഴിയും.

ഇക്കാര്യം അടിയന്തിരമായി പരിഗണിച്ച് വയനാട് ജില്ലയിലെ ആരോഗ്യ അടിസ്ഥാന സൗകര്യ വികസനത്തിന് അനുകൂലമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളണമെന്ന് അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ കത്തില്‍ ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *