മീനങ്ങാടിയിൽ വൻ കഞ്ചാവ് വേട്ട: നാല് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ
മീനങ്ങാടി: വയനാട് എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ നാല് കിലോയിലധികം കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി. വയനാട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ സുനിൽ എം.കെ.യുടെ നേതൃത്വത്തിൽ കൃഷ്ണഗിരി വില്ലേജിലെ മേപ്പേരിക്കുന്ന് ഭാഗത്തുള്ള സ്വകാര്യ വ്യക്തിയുടെ വീട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം ചേളാരി സ്വദേശി ചോലക്കൽ വീട്ടിൽ മുഹമ്മദ് ലഹനാസ് (25), മീനങ്ങാടി മിൽമ ചില്ലിങ് പ്ലാന്റിന് സമീപം താമസിക്കുന്ന കൽമറ്റം വീട്ടിൽ മുഹമ്മദ് റാഷിദ് (26) എന്നിവരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇവരോടൊപ്പം ഉണ്ടായിരുന്ന തമിഴ്‌നാട് സ്വദേശിയായ ഒരാൾ ഉദ്യോഗസ്ഥരെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ വീട് എക്‌സൈസ് സംഘത്തിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ വിജിത്ത് കെ.ജി, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ രഘു എം.എ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സനൂപ് എം.സി, വിഷ്ണു എം.ഡി, സൈബർ സെല്ലിലെ അർജുൻ കെ.എ, വനിതാ ഓഫീസർമാരായ സുദിവ്യഭായി ടി.പി, ഫസീല ടി. എന്നിവർ പങ്കെടുത്തു. ആകെ 4.014 കിലോഗ്രാം കഞ്ചാവാണ് സംഘം പിടിച്ചെടുത്തത്. സംഭവസ്ഥലത്ത് നിന്നും കടന്നുകളഞ്ഞ തമിഴ്‌നാട് സ്വദേശിക്കായി എക്‌സൈസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.





Leave a Reply